6 രസങ്ങള്‍ ചേര്‍ന്ന ഓണസദ്യ ആരോഗ്യത്തിനും അത്യുത്തമം ! ഇലയില്‍ ഓരോ കറികളും വിളമ്പേണ്ട സ്ഥാനം, ചോറിനൊപ്പം ആദ്യം ഒഴിക്കേണ്ട ചാറുകറി, സാമ്പാറിനൊപ്പമുള്ള കൂട്ടുകറി, പായസത്തിനൊപ്പമുള്ള അച്ചാര്‍ – ഓണസദ്യ അറിഞ്ഞുണ്ണണം എന്നു പറയുന്നത് എന്തുകൊണ്ട് ?

സത്യം ഡെസ്ക്
Monday, August 31, 2020

കൊച്ചി : ഓണസദ്യ അറിഞ്ഞു തന്നെ ഉണ്ണണം എന്നാണ് പറയാറ്. അതാണ് സത്യം. രുചിയുടെ 6 രസങ്ങളും അറിഞ്ഞു വേണം സദ്യ വിളമ്പാനും കഴിക്കാനും. രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് സദ്യ. പതിനഞ്ചു മുതല്‍ ഇരുപത്തെട്ടു കൂട്ടം വരെ കറികള്‍ ഓണസദ്യയില്‍ പതിവായിരുന്നു.

ഇലയിൽ നിറയെ കറികളും പായസവും ഒക്കെയായി എത്തുന്ന സദ്യയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പലോടാത്തവർ കുറവായിരിക്കും. നിലത്ത് ചമ്രം പിടിഞ്ഞിരുന്ന് വാഴയിലയിലാണ് പാരമ്പര്യമായി സദ്യയുണ്ണുന്ന രീതി.

അത് ഇക്കാലത്ത് എത്രത്തോളം പ്രായോഗികം ആണെന്നറിയില്ല. എന്തായാലും സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും നിയതമായ ക്രമവും ചിട്ടകളും ഉണ്ട്.

പ്രധാനമായും ആറ് രസങ്ങൾ ചേർന്നതാണ് ഓണസദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നിവയാണിത്. അതറിഞ്ഞു വേണം ഓണസദ്യ വിളമ്പാനും കഴിക്കാനും .

സദ്യ വിളമ്പിക്കഴിഞ്ഞാൽ ആദ്യം പരിപ്പ് കൂട്ടി ചോറ് കഴിക്കുകയാണ് ചെയ്യുന്നത്. കൂട്ടുകറിയും അവിയലും തോരനും ഒക്കെ വേണം പരിപ്പ് ഒഴിച്ച് ചോറ് കഴിക്കുമ്പോൾ ഒപ്പം കഴിക്കേണ്ടത്.

പരിപ്പ് ഒഴിച്ച് ചോറ് കഴിച്ചു കഴിഞ്ഞാൽ പിന്നെ സാമ്പാർ ഒഴിച്ച് ചോറ് കഴിക്കണം. ആ സമയത്ത് സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തൈര് ചേർത്ത കിച്ചടികളും. അതു കഴിഞ്ഞാൽ പായസം വരികയായി. പായസത്തിനൊപ്പം കഴിക്കാനാണ് നാരങ്ങ അച്ചാർ അരികിൽ വയ്ക്കുന്നത്. പായസത്തിന്റെ മധുരം മാറി കിട്ടുന്നതിനു വേണ്ടിയാണ് അത്.

പായസം കുടിച്ചു കഴിഞ്ഞാൽ അടുത്തത് പുളിശ്ശേരിയാണ്. മാങ്ങാ അച്ചാർ കഴിക്കേണ്ടത് പുളിശ്ശേരിക്കൊപ്പമാണ്. ദഹനത്തിനായി ഓലനും കഴിക്കാം.

അടുത്തതായി രസമാണ്, രസത്തിനൊപ്പം ഇഞ്ചിക്കറിയും കഴിക്കാം. സദ്യ ദഹിക്കുന്നതിനുള്ളതാണ് ഇത്. ഏറ്റവും അവസാനമായി കഴിക്കേണ്ടത് പച്ചമോരും പാവയ്ക്കാച്ചാറും. വായുക്ഷോഭം ശമിപ്പിക്കുന്ന ഭക്ഷണമാണ് ഇത്.

സദ്യ വിളമ്പുന്നതിന്നുമുണ്ട് ചിട്ടകള്‍

സദ്യയ്ക്ക് ഇല ഇടുന്നതിന് അതിന്റേതായ രീതിയുണ്ട്. നാക്കില(വാഴയില)യുടെ തലഭാഗം(വീതി കുറഞ്ഞവശം) ഉണ്ണുന്ന ആളിന്റെ ഇടത്തുവശത്തായിരിക്കണം. സദ്യയിൽ ഓരോ കറിക്കും ഇലയിൽ അതിന്റേതായ സ്ഥാനമുണ്ട്. കറികളെ തൊട്ടുകൂട്ടുന്ന കറികളായിട്ടും കൂട്ടുകറികളായിട്ടും ചാറുകറികളായിട്ടും തിരിച്ചിട്ടുണ്ട്.

കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് ആദ്യം വിളമ്പുക. ഇവ നാക്കിലയുടെ ഇടത്ത് ഭാഗത്താണ് വിളമ്പുക.

പിന്നെ തൊട്ടുകൂട്ടൽ കറികളായ അച്ചാർ, ഇഞ്ചിപുളി എപ്പോഴും ഇലയുടെ ഇടത്തേ മൂലയിൽ വിളമ്പുന്നു. ഇവ തൊട്ട്കൂട്ടൽ ഇനമായതിനാലാണ് അവിടെ വിളമ്പുന്നത്. ഇനി മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികൾ (അവിയൽ, തോരൻ, കാളൻ, തുടങ്ങിയവ‌) എല്ലാം വിളമ്പുന്നു.

ചാറുകറികൾ ചോറിൽ (നെയ് ചേർത്ത പയർപരിപ്പ് കറി, പുളിശ്ശേരി, സാമ്പാർ) (തിരുവന്തപുരത്ത് സാമ്പാർ കഴിഞ്ഞ് പുളിശ്ശേരി) ഒഴിക്കുന്നു . പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. സദ്യയ്ക്ക് പപ്പടം ഒഴിച്ചുകൂടാനാവത്തതാണ്, വലിയ പപ്പടവും ചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവൂ. സദ്യ പലവട്ടങ്ങളായി ആണു വിളമ്പുക.

×