അത്തം- സൂര്യ ദേവന്റെ പിറന്നാള്‍ ദിനം; പൂക്കളത്തിന് തുമ്പപ്പൂ നിര്‍ബന്ധം

author-image
സത്യം ഡെസ്ക്
Updated On
New Update

ഓണാഘോഷം തുടങ്ങുന്നത് പൂക്കളം ഇടുന്നതോടുകൂടിയാണ്. പണ്ടൊക്കെ പിള്ളേരോണം മുതലായിരുന്നു പൂക്കളം ഇടുന്നതെന്നും കേൾക്കുന്നു. ഇന്ന് അത്തം മുതലാണ് പൂക്കളമിടുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ ഫലങ്ങൾ തുടങ്ങി പ്രകൃതിയിലുള്ളതെല്ലാം എല്ലാം പൂക്കളത്തിൽ സ്ഥാനം പിടിച്ചവയാണ്.

Advertisment

പൂവിടുന്നതിനുമുണ്ട് ചില ചിട്ടകൾ. അതിനു പ്രാദേശികമായി ചില മാറ്റങ്ങള്‍ ഉണ്ടാകാം. ചില സ്ഥലങ്ങളിൽ അത്തം മുതൽ തിരുവോണം വരെ 10 ദിവസം പൂക്കളമൊരുക്കും. ഉത്രാടം നാൾ വരെ പൂക്കളമൊരുക്കി തിരുവോണത്തിനു തൃക്കാക്കരയപ്പനെ വരവേൽക്കുന്ന പതിവാണു മറ്റു ചില സ്ഥലങ്ങളിൽ.

publive-image

പൂക്കളത്തിനു തുമ്പപ്പൂവ് നിർബന്ധം. ചെമ്പരത്തി, ചെത്തി, അരളി, നീലക്കൊങ്ങിണി, മല്ലിക, മന്ദാരം, കദളി, കൃഷ്ണകിരീടം തുടങ്ങിയവയാണു നാടൻ പൂക്കൾ. അരളി, വാടാമല്ലി, പല നിറത്തിലുള്ള ബന്ദി എന്നിവയും വീടുകളിലെ പൂക്കളത്തിന് ഉപയോഗിക്കുന്നുണ്ട്.

നിലവിളക്കു കൊളുത്തി ഗണപതിക്കു വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങുന്നത്. തുമ്പപ്പൂവിട്ടാണ് പൂവിടാൻ തുടങ്ങേണ്ടത്. ആദ്യ രണ്ടു ദിവസം തുമ്പപ്പൂവും തുളസിയുമാണ് ഇടുന്നത്. മൂന്നാം ദിവസം മുതൽ നിറങ്ങളുളള പൂക്കൾ ഇടും. അഞ്ചാം ദിവസം മുതൽ കുട കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് കുട കുത്തുന്നത്.

ഈർക്കിലിയില്‍ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തു വയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറാമത്തെ ദിവസം മുതൽ പൂക്കളത്തിനു നാലു ദിക്കിലേക്കും കാലു നീട്ടും. ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കു ന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കൽ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്.

തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവിൽ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തിൽ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക.

തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും തിരുമ്മി വീടിന്റെ നാലു ദിക്കിലും വയ്ക്കുന്നു. ഇത് ഉറുമ്പിനോണം കൊടുക്കുക എന്ന സങ്കൽപ്പമാണ്. അരിമാവു കൊണ്ടു ഭിത്തിയിൽ കോലം വരയ്ക്കുന്നതിന് പല്ലിക്ക് ഓണം കൊടുക്കുക എന്നു പറയും. ചിലയിടത്ത് അരിമാവിൽ‍ കൈമുക്കി ഭിത്തിയിലും വാതിലിലും പതിപ്പിക്കാറുമുണ്ട്.

onam atham
Advertisment