ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഒരു സിഗരറ്റ് മാത്രമായി വാങ്ങുന്നവരാണ് കൂടുതലും ആളുകളും എന്നും ഇതു പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിലപാടെടുത്തതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഒറ്റ സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രം ഒരുങ്ങിയേക്കുമെന്നാണു സൂചന.
പുകവലിയിലൂടെ എല്ലാ വര്‍ഷവും ഇന്ത്യയില്‍ 3.5 ലക്ഷം പേര്‍ മരണമടയുന്നുവെന്നാണ് കണക്ക്. പുകവലിക്കുന്നവരില്‍ 46% പേര്‍ നിരക്ഷരരും 16% പേര്‍ കോളേജ് വിദ്യാര്‍ഥികളും ആണെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ സര്‍വേയില്‍ പറയുന്നത്.
പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ഇന്ത്യ 75% ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. നിലവില്‍ 53 ശതമാനമാണ് സിഗരറ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് നിരക്ക്.