മലപ്പുറത്ത് കര്‍ഷകന്‍ വയലില്‍ കുഴഞ്ഞുവീണ് മരിച്ചു ; ദേഹമാസകലം പൊള്ളലേറ്റതിന്‍റെ പാടുകളും കരിവാളിപ്പും ; സൂര്യതാപമേറ്റതെന്ന് സംശയം

ന്യൂസ് ബ്യൂറോ, മലപ്പുറം
Friday, February 21, 2020

മലപ്പുറം : മലപ്പുറത്ത് കര്‍ഷകന്‍ വയലില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരുന്നാവായയിലെ കുറ്റിയത്ത് സുധി കുമാറിനെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ദേഹമാസകലം പൊള്ളലേറ്റതിന്‍റെ പാടുകളും കരിവാളിപ്പുമുണ്ട്. രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വയലില്‍ ജോലിക്ക് പോയതായിരുന്നു സുധികുമാര്‍.

സുഹൃത്തുക്കള്‍ പിന്നീട് പള്ളിയില്‍ പോകാനായി വയലില്‍ നിന്നും തിരിച്ചുപോന്നു. ഇയാളെ ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ തിരിച്ച് വയലിലെത്തിയപ്പോഴാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം സൂര്യാതപമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. മരണം സൂര്യാതപം ഏറ്റെന്ന് പറയാനാകില്ലെന്ന് മലപ്പുറം ഡിഎംഒ പ്രതികരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ അറിയാനാകൂ.

മരണശേഷവും ശരീരത്തിൽ പൊള്ളലുണ്ടാകാൻ സാധ്യതയുണ്ട്. രാവിലെ 8 മണി മുതലാണ് ഇയാൾ വയലിലുണ്ടായിരുന്നത്. 11.30നാണ് മരണം. ഇത് സാധാരണയായി സൂര്യാതപം ഏൽക്കുന്ന സമയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

×