സവാള ഗിരി ഗിരി ………………………!

പ്രകാശ് നായര്‍ മേലില
Saturday, July 11, 2020

രാജസ്ഥാൻകാർ പ്രത്യേകിച്ചും അൽവറിലെ സവാളകർഷകരുടെ ഭവനങ്ങളിലെ ഇപ്പോഴുള്ള കാഴ്ചകളാണിത്. വീടിൻ്റെ ഉൾവശമെല്ലാം സവാളകെട്ടിത്തൂക്കി നിറച്ചിരിക്കുകയാണ്.

ഇതിനുള്ള കാരണം വളരെ ശാസ്ത്രീയവുമാണ്. ഉള്ളിയെ മഴയിൽ നിന്ന് രക്ഷിക്കണം. ഉള്ളി നശിക്കാതിരി ക്കണമെങ്കിൽ അതിന് എപ്പോഴും വായുവും ആവശ്യമാണ്.ഇല്ലെങ്കിൽ ഉള്ളി ഉണങ്ങിപ്പോകും.

ജനുവരിമാസത്തിലാണ് കർഷകർ സവാള കൃഷിഇറക്കുന്നത്. ഏപ്രിൽ -മെയ് മാസത്തിൽ കിളിച്ചുവളർന്ന ഉള്ളി പിഴുതെടുത്ത് ചിത്രത്തിൽ കാണുന്നതുപോലെ കെട്ടുകളാക്കി വീടിൻ്റെ പലഭാഗങ്ങളിലും തൂക്കിയി ടുന്നു. മഴനനയാത്ത വായുസഞ്ചാരമുള്ള സ്ഥലമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്..

മഴക്കാലം മാറുമ്പോൾ ആഗസ്റ്റ് മാസം ആദ്യത്തോടെ ഇവ വീണ്ടും കൃഷിയിടങ്ങളിൽ നടുകയാണ്‌ ചെയ്യുന്നത്. നവംബർ മാസത്തിൽ സവാളയുടെ വിളവെടുപ്പ് കാലമാണ്. ഇതാണ് രാജസ്ഥാനിലെ അൽവർ നിവാസികളായ സവാള കർഷകരുടെ കൃഷിരീതി. മൺസൂൺ മഴയിൽനിന്ന് ഉള്ളിയെ പൂർണ്ണമായും സംരക്ഷിക്കുകയാണ് ഈ കൃഷിരീതികൊണ്ട് അവർ ലക്ഷ്യമിടുന്നത്.

രാജസ്ഥാനിലെ അൽവറിൽ സവാള കൃഷി ചെയ്യുന്ന 36000 കർഷകരുണ്ട്. ഒരു വർഷം 4.5 ലക്ഷം മെട്രിക് ടൺ സവാളയാണ് ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇവിടെനിന്നും പഞ്ചാബ്,ഹരിയാന, ഉത്തർപ്രദേശ്,ബീഹാർ, ഡൽഹി,ആസ്സാം ,മണിപ്പൂർ എന്നിവിടങ്ങളിലേക്ക് ഉള്ളി കയറ്റി അയക്കുന്നതുകൂടാതെ ബംഗ്ളാദേശ്,ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കും ഇവിടുത്തെ ഉള്ളി കയറ്റുമതിയും ചെയ്യപ്പെടുന്നു.

×