Advertisment

വിലയില്‍ 'പൊള്ളി' ചിരിയില്‍ 'ട്രോളി' ഉള്ള് പൊള്ളി(ച്ച്) ഉള്ളി

New Update

"സാധാരണക്കാരന് 'ഉള്ളി'ല്‍ തീയാണ്"

Advertisment

സാധാരണക്കാരെ കരയിച്ചു ഉള്ളിവില വീണ്ടും ഉയരുന്നു. ഓരോ ദിവസവും 10 രൂപയും അതില്‍ അധികവുമാണ് ഉള്ളിക്ക് കൂടുന്നത്. സവാളയെന്നു വിളിക്കുന്ന വലിയ ഉള്ളിക്കൊപ്പം ചെറിയ ഉള്ളിക്കും 'പൊന്നിന്‍'വിലയാണ്. ഇതിനു പിന്നാലെ തക്കാളിയ്ക്കും വില കൂടുകയാണ്. കിലോയ്ക്ക് 160 രൂപ എന്ന നിരക്കിലാണ് ഇന്നലെ സവാളയുടെ ചില്ലറ വില്‍പ്പന വില. 150 രൂപയാണ് മൊത്തവില. ഇന്നലെ ഇത് യഥാക്രമം 150 രൂപയും 140 രൂപയും ആണ്. ഒറ്റആഴ്ച കൊണ്ട് 40 രൂപയുടെ വര്‍ധന ആണ് ഉള്ളിവിലയില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച കിലോയ്ക്ക് 92 രൂപ ആയിരുന്നു മൊത്തവില. സര്‍ക്കാര്‍ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ ജനുവരി വരെ ഈ സ്ഥിതി തുടരും എന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള ഉള്ളിയുടെ വരവ് കുത്തനെ കുറഞ്ഞിട്ടുണ്ട്.

publive-image

ചെറിയ ഉള്ളിക്ക് 155 രൂപയും വെളുത്തുള്ളിക്ക് 160 രൂപയും ആണ് വില. സവാളയ്ക്ക് പിന്നാലെ തക്കാളിക്കും വില കൂടുകയാണ്. ഏതാനും ദിവസം മുന്‍പ് കിലോയ്ക്ക് 25 രൂപ ആയിരുന്ന തക്കാളി ഇന്ന് കിലോയ്ക്ക് 50 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. തമിഴ് നാട്ടിലെ കനത്ത മഴയാണ് തക്കാളിയുടെ വില കൂടാന്‍ കാരണം. സവാളക്ക് പകരം സലാഡിലും മാറ്റും ഉപയോഗിക്കുന്ന ക്യാബേജിന് കിലോയ്ക്ക് 50 രൂപയാണ് നല്‍കേണ്ടത്. മുരിങ്ങയ്ക്കയാണ് മറ്റൊരു താരം. ഇതിന്റെ വില കിലോഗ്രാമിന് 400 രൂപയ്ക്ക് മുകളിലെത്തി. തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും കോഴിക്കോട്ടെ ഗ്രാന്റ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റില്‍ കിലോയ്ക്ക് 149 രൂപ നിരക്കിലാണ് ഉള്ളി വില്‍ക്കുന്നത്. ചെറിയ ഉള്ളിക്ക് ഇന്ന് തലസ്ഥാന നഗരത്തില്‍ കിലോയ്ക്ക് 173 രൂപയാണ് നിരക്ക്. വില സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ പച്ചക്കറിക്കടകളില്‍ ഉള്ളി വാങ്ങാന്‍ പാലും ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്.

publive-image

എന്നാല്‍ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിനുണ്ടായ കുറവ്. ഇങ്ങനെയാണെങ്കില്‍ ഉള്ളി വില സ്വര്‍ണ്ണവിലയ്ക്ക് ഭീഷണിയാകുമോയെന്ന ആധിയിലാണ് ജനം. മൂന്നുദിവസം മുന്‍പ് തന്നെ കൊല്‍ക്കത്ത നഗരത്തില്‍ ഉള്ളിക്ക് 150 രൂപയായിരുന്നു നിരക്ക്. മഹാരാഷ്ട്രയില്‍ ചെലയിടത്തും നേരത്തെ തന്നെ ഉയര്‍ന്ന വിലയായിരുന്നു. അതിനിടെ ഉള്ളി വില നിയന്ത്രിക്കാന്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്. തുര്‍ക്കിയില്‍ നിന്ന് 4,000 ടണ്‍ ഇറക്കുമതി ചെയ്യാനാണ് ഏറ്റവും ഒടുവില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

നാട്ടിലെങ്ങും ഇപ്പോള്‍ ഉള്ളിയാണു ചര്‍ച്ച. നാലാള്‍ കൂടുന്നിടത്തെല്ലാം ഉള്ളിയാണു സംസാര വിഷയം. ട്രെന്‍ഡിനൊപ്പം എന്ന ഹാഷ്ടാഗുമായി സമൂഹമാധ്യമങ്ങളില്‍ നിറയെ ഉള്ളി ട്രോളുകളാണ്. ഇതിനിടെ, വില കുതിച്ചുയര്‍ന്നതോടെ അടുക്കളയിലെ താരമായ സവാളയെ പ്രത്യേക പരിഗണന നല്‍കി വീട്ടമ്മമാര്‍ പൊന്നുപോലെ നോക്കുന്നു എന്നാണ് പറയുന്നത്. വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത് സവാള വിലയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

സമൂഹമാധ്യമങ്ങളിലും സവാളയാണിപ്പോള്‍ താരം. പലതരം ട്രോളുകളും മീമുകളുമൊക്കെയായി സവാള തരംഗമാണ്. പല രീതിയിലുള്ള പ്രതിഷേധങ്ങളും വിലവര്‍ധനവിനെതിരേ ഉയരുന്നുണ്ട്. വിവാഹത്തിന് നവദമ്പതികള്‍ക്ക് സമ്മാനമായി സവാള നല്‍കുന്ന സുഹൃത്തുക്കളുടെ ചിത്രവും വൈറലാണ്. ''ചങ്കിന്റെയും ചങ്കത്തിയുടെയും വിവാഹം. പണം ഒന്നും നോക്കിയില്ല. വാങ്ങിച്ചു കൊടുത്തു 2 കിലോ ഉള്ളി. അവരും ഹാപ്പി ഞങ്ങളും ഹാപ്പി'' ജി.എന്‍.പി.സി ഗ്രൂപ്പില്‍ ചിത്രം പങ്കുവച്ചുകൊണ്ട് വിനോദ് രാമചന്ദ്രന്‍ എന്നയാള്‍ കുറിച്ചു. പണത്തിന്റെ അഹങ്കാരം, ധൂര്‍ത്ത് കാണിക്കല്ലേ, ആര്‍ഭാടം കുറയ്ക്കണം എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.

ഉള്ളി സ്റ്റോക്കുള്ള പച്ചക്കറിക്കടകള്‍ക്കു മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കേണ്ട അവസ്ഥയാണെന്ന് നഗരത്തിലെ പച്ചക്കറി വ്യാപാരിയായ സത്താര്‍ ചിരിച്ചുകൊണ്ടു പറയുന്നു. ഉള്ളിവില സെഞ്ചുറിയും കടന്നതോടെ ഹോട്ടലുകളും തട്ടുകടക്കാരും ബേക്കറിക്കാരും പലഹാരമുണ്ടാക്കുന്നവരുമെല്ലാം 'ക്ലീന്‍ ബോള്‍ഡായ' നിലയിലാണ്. സവാള, ചെറിയ ഉള്ളി വില കുതിച്ചു കയറിയതോടെ ഹോട്ടലുകളിലെ സാമ്പാര്‍ ഉള്‍പ്പെടെ പ്രധാന കറികളില്‍നിന്നു സവാള 'ഔട്ടായി'.

ഉള്ളി പ്രധാനമായി ആവശ്യമുള്ള ബിരിയാണിയും പ്രതിസന്ധിയിലാണ്. ബിരിയാണി മസാലയിലെ പ്രധാന ചേരുവയായ ഉള്ളിയില്ലാതെ എങ്ങനെ രുചിയോടെ ബിരിയാണി വിളമ്പുമെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ചോദിക്കുന്നു. ബിരിയാണിക്കൊപ്പം നല്‍കുന്ന സാലഡിലും ഉള്ളി പുറത്തായി. പകരം കക്കിരിയും തക്കാളിയുമാണ് ഉപയോഗിക്കുന്നത്. പൊറോട്ടയുടെ പ്രധാന കോംബിനേഷനുകളില്‍ ഒന്നായ മുട്ട റോസ്റ്റിലും ഉള്ളി ഏതാണ്ടു പുറത്തായ നിലയിലാണ്. പല ഹോട്ടലുകളിലും മുട്ട റോസ്റ്റ് തയാറാക്കാന്‍ ചെറിയ അളവില്‍ മാത്രമേ ഉള്ളി ഉപയോഗിക്കുന്നുള്ളു.

ബേക്കറികളിലെയും ചായക്കടകളിലെയും ജനപ്രിയ ഇനങ്ങളായ സമൂസയിലും ചിക്കന്‍ റോളിലും മുട്ട പഫ്‌സിലുമൊക്കെ ഉള്ളിക്കു പകരക്കാരായി കാരറ്റും ഗ്രീന്‍പീസും ബീറ്റ്‌റൂട്ടും ഒക്കെയാണു ഉപയോഗിക്കുന്നത്. ഉള്ളിക്ക് വിലകൂടിയതോടെ ചിക്കന്‍ റോളില്‍ ചിക്കന്‍ തിരിച്ചെത്തിയതായി എന്നു ആശ്വസിക്കുന്നവരുമുണ്ട്. കട്ലെറ്റില്‍ ഉള്ളിക്ക് പകരം ബീറ്റ്‌റൂട്ടാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വെജിറ്റബിള്‍ സമൂസ ഒഴിവാക്കി ചിക്കന്‍, ബീഫ് സമൂസകളും കടകളിലെ അലമാരകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഉള്ളി വില ഡബിള്‍ സെഞ്ചുറി അടിക്കാനായി കുതിച്ചു പായുന്നതിനിടെ തട്ടുകടകളിലെ 'പ്രധാനി' ഓംലെറ്റ് വില്‍പനയിലും ഉള്ളി പ്രശ്‌നക്കാരനായി. പലരും 'ഓംലെറ്റ് വിത്ത് ഉള്ളി', 'ഓംലെറ്റ് വിത്ത് ഔട്ട് ഉള്ളി' എന്നിങ്ങനെയാണ് വില്‍ക്കുന്നത്. ചിലര്‍ കൂടുതല്‍ ഉള്ളി വേണമെന്ന് പ്രത്യേകം പറയും. പക്ഷേ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാമോയെന്നു തട്ടുകടക്കാര്‍ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം, ഉള്ളിയില്ലാത്ത ഓംലെറ്റ് മതിയെന്നു പറഞ്ഞ് വ്യത്യസ്തരാകുന്നവരുമുണ്ട്.

publive-image

സാധാരണ സവാള വില കൂടുമ്പോള്‍ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്ന് ചുവന്ന സവാള വരാറുണ്ട്. എന്നാല്‍, ഇതിന്റെ വരവും കുറഞ്ഞു. വിലയില്‍ 5 രൂപയുടെ വ്യത്യാസം മാത്രമേയുള്ളുവെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിലകൂടിയതോടെ കേടുവന്ന സവാളയിലും നഷ്ടം ഉണ്ടാകുന്നു എന്ന് വ്യാപാരികള്‍ പറയുന്നു. 50 മുതല്‍ 60 വരെ കിലോഗ്രാം സവാളയാണ് ഒരു ചാക്കില്‍ ഉണ്ടാവുക. ഇപ്പോള്‍ ശശാശരി ഒരു ചാക്കില്‍ 5 കിലോഗ്രാം വരെ കേടുവരുന്നുണ്ട്. ഇതിനാല്‍ ഒരു ചാക്കു സവാള വില്‍ക്കുമ്പോള്‍ ശരാശരി 500 രൂപയുടെ നഷ്ടം വരുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഉള്ളിക്കു മാത്രമല്ല പച്ചക്കറികള്‍ക്കും വില കുത്തനെ കൂടിയിട്ടുണ്ട്. കേരളത്തിലേക്കു കൂടുതലായി പച്ചക്കറിയെത്തുന്ന തമിഴ്‌നാട്ടിലെ പേമാരി കാരണമാണ് വില വര്‍ധനയുണ്ടായതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഭൂരിഭാഗം പച്ചക്കറികള്‍ക്കും ഇരട്ടിയിലധികം വില വര്‍ധിച്ചു.

ഇതിനിടെ, ആന്ധ്രാപ്രദേശില്‍നിന്ന് അതിലും ശ്രദ്ധേയമായ ഒരു വാര്‍ത്തയാണ് പുറത്തുവന്നത്. കിലോയ്ക്ക് 25 രൂപ നിരക്കില്‍ സവാള വിതരണം ചെയ്തതോടെ ആന്ധ്രയിലെ വിജയനഗര ജില്ലയിലെ ചന്തയില്‍ ഉന്തും തള്ളും. വില ഉയര്‍ന്ന സാഹചര്യത്തില്‍ കിലോഗ്രാമിന് 25 രൂപയെന്ന ഉയര്‍ന്ന സബ്‌സിഡി നിരക്കില്‍ സവാള വിതരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നത്. അതേസമയം ഓരോ കുടുംബത്തിനും ഒരു കിലോഗ്രാം ഉള്ളി മാത്രമേ ലഭിക്കുകയുള്ളു എന്ന വ്യവസ്ഥയിലാണ് വിതരണം.

കുറഞ്ഞ വിലയ്ക്ക് ഉള്ളി ലഭിക്കുമെന്നറിഞ്ഞത് മുതല്‍ ചീപുരുപ്പള്ളി ഗ്രാമവാസികള്‍ ചന്തയിലേക്ക് ഇരച്ചുകയറി. മാര്‍ക്കറ്റിലെ ഗേറ്റ് തുറക്കുന്നതിന് മുന്‍പ് തന്നെ വന്‍ ജനക്കൂട്ടമാണ് അവിടെയെത്തിയത്. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഉള്ളിയെത്തിയപ്പോള്‍ സ്ത്രീകള്‍ തിക്കിത്തിരക്കി അകത്തേക്ക് ഓടിക്കയറി. വൃദ്ധരടക്കം നിരവധി പേരെ ഇടിച്ചിട്ടായിരുന്നു പരാക്രമം. ഇതോടെ സംഘര്‍ഷമുണ്ടായെങ്കിലും പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആര്‍ക്കും ഗുരുതരമായ പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉള്ളി വില കുതിച്ചുയര്‍ന്നതോടെ പൂഴ്ത്തിവെപ്പ് തടയാനായി മൊത്ത, ചില്ലറ വ്യാപാരികള്‍ക്ക് നല്‍കുന്ന പരിധി കേന്ദ്ര സര്‍ക്കാര്‍ 50 ശതമാനമാനമായി കുറച്ചു. ഇതോടെ മൊത്തക്കച്ചവടക്കാര്‍ക്ക് ഇനി 25 ടണ്ണില്‍ കൂടുതല്‍ ഉള്ളി സംഭരിക്കാനാവില്ല. ചില്ലറ വ്യാപാരികള്‍ക്കുള്ള പരിധി അഞ്ച് ടണ്‍ ആണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കിലോയ്ക്ക് 100 മുതല്‍ 150 രൂപ വരെയാണ് ഉള്ളി വില്. കൊല്‍ക്കത്തയില്‍ കിലോയ്ക്ക് 150 രൂപയാണ് വില. വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ വന്‍ പ്രതിഷേധമാണ് സര്‍ക്കാരിനെതിരേ നടത്തുന്നത്.

hike onion price
Advertisment