Advertisment

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അസത്യ പ്രചാരകരാണെന്ന് പറഞ്ഞ ചാനല്‍ മേധാവി കാണാതെ പോയത് രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ റോള്‍ മോഡലായ രവീഷ് കുമാറിന്‍റെ വാക്കുകള്‍ ! ക്യാമറയ്ക്കുമുന്നിൽ വന്നുനിന്നെന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണെന്നും ജനാധിപത്യത്തെ ഇവർ തകർക്കുകയാണെന്നും ദൃശ്യമാദ്ധ്യമങ്ങളെ വിരല്‍ചൂണ്ടി പറഞ്ഞത് NDTV മേധാവി ? 6 മാസമെങ്കിലും ടി.വി. ചാനലുകൾ കാണാതിരിന്നുനോക്കുക, നിങ്ങൾക്കൊരു ചുക്കും സംഭവിക്കില്ല എന്നൊരു ചാനല്‍ മേധാവിക്കുതന്നെ പറയേണ്ടിവന്നെങ്കില്‍ തിരുത്തേണ്ടതാര് ? എന്തിനു വെറുതെ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ... ?

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ഓൺലൈൻ മാധ്യമങ്ങൾ എന്തും പടച്ചുവിടാനുള്ള വേദിയാണെന്നും അതൊക്കെ നിയന്ത്രിക്കാനായി Ministry of Information and Broadcasting ഇത് റെഗുലേറ്ററി ചെയ്യുന്നുവെന്നും TRAI യുമായി സംസാരിച്ചപ്പോൾ അവരും ഇതുതന്നെ പറഞ്ഞിരുന്നുവെന്നും ആളുകൾക്കെന്തും വിളിച്ചുപറയാവുന്ന ഒരു സ്ഥലമായി സോഷ്യൽ മീഡിയ മാറാൻ പാടില്ല എന്നും ചാനല്‍ രംഗത്തെ പ്രതിഭകളില്‍ ഒരാള്‍കൂടിയായ പ്രമുഖ ചാനല്‍ മേധാവി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം ചാനലില്‍ ലൈവില്‍ വന്ന് പ്രഖ്യാപിക്കുകയുണ്ടായി.

അതിനൊപ്പം തന്നെ സത്യം ഓൺലൈൻ കേരളത്തിലെ ടീവി ചാനലുകളെപ്പറ്റി അസത്യങ്ങളും അർത്ഥസത്യങ്ങളും അതേ പോലെ വിവരക്കേടും ഒക്കെ കൂട്ടിച്ചേർത്ത് എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചുവെന്നും ഇദ്ദേഹം ഈ ലൈവില്‍ വേവലാതിപ്പെട്ടതായും കണ്ടു.

ചാനലിന്‍റെ പേരും മാധ്യമ പ്രവര്‍ത്തകന്റെ പേരും ഞങ്ങള്‍ പറയുന്നില്ല. ( പേരൊഴിവാക്കുന്നത് ഈ കുറിപ്പിന്‍റെ ഉദ്ദേശ്യം വ്യക്തിപരമല്ലെന്നതിനാല്‍ .. ) കാരണം സത്യം ഓണ്‍ലൈന്‍ ചാനലുകളെപ്പറ്റി എഴുതിയ ലേഖനം ഫേസ്ബുക്കില്‍ മാത്രം ഷെയര്‍ ചെയ്തത് 85100 ആളുകളാണ്. എന്നാല്‍ ചാനലില്‍ ഇതേപ്പറ്റി വന്ന പരാമര്‍ശം ഞങ്ങള്‍ അറിയുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്.

എന്തായാലും അതുപറഞ്ഞതിന്റെ പേരില്‍ അദ്ദേഹം ചെയ്തപോലെ ആ മാധ്യമ പ്രവര്‍ത്തകനെ വിമര്‍ശിക്കാനും ഇകഴ്ത്തി സംസാരിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അത് ഞങ്ങളുടെ രീതിയുമല്ല. മാത്രമല്ല മലയാള ചാനല്‍ രംഗത്തെ മറ്റു പല പ്രമുഖരെക്കാളും ഭേദപ്പെട്ട ആള്‍ തന്നെയാണ് പ്രസ്തുത വ്യക്തി. അതുകൊണ്ട് മാത്രം കാര്യമില്ലല്ലോ ? അദ്ദേഹവും കാര്യങ്ങള്‍ ശരിയായി മനസിലാക്കാതെ അന്ന് പറഞ്ഞതും അസത്യങ്ങളും അർത്ഥസത്യങ്ങളും തന്നെയായിരുന്നു.

പ്രിയ മാധ്യമ സുഹൃത്തേ ,

ആദ്യം സത്യം ഓണ്‍ലൈനുമായി ബന്ധപ്പെടുത്തി താങ്കള്‍ പറഞ്ഞ കാര്യത്തില്‍ ഒരു കാര്യം ഞങ്ങൾ അസന്നിഗ്ദ്ധമായി വെളിപ്പെടുത്താനാഗ്രഹിക്കുന്നു ; സത്യസന്ധമായ വാർത്തകളല്ലാതെ അസത്യങ്ങൾ പ്രചരിപ്പിക്കുകയോ, ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനങ്ങളെയോ, സംഘടനകളെയോ പ്രസ്ഥാനങ്ങളെയോ അപകീർത്തിപ്പെടുത്തുകയോ ആക്ഷേപിക്കുകയോ ഞങ്ങള്‍ ചെയ്യാറില്ല, ചെയ്യുകയുമില്ല. സ്വതന്ത്രവും, സത്യസന്ധവും, നീതിയുക്തവുമായ നിയമവിധേയമായ പത്രധർമ്മമാണ് ഞങ്ങൾ എപ്പോഴും പുലർത്തിവരുന്നത്. അതുകൊണ്ടുതന്നെ താങ്കളുടെ ഭീഷണിയും, ആരോപണങ്ങളും, ജല്പനങ്ങളും ഞങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നു.

ഈയവസരത്തിൽ ചില കാര്യങ്ങൾ താങ്കളെ ഓർമ്മിപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുകയാണ്.അതായത് ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വർത്തകളെപ്പറ്റി ആക്ഷേപമുണ്ടെങ്കിൽ ഇന്ന് സൈബർ സെല്ലിൽ പരാതിപ്പെടാം, കോടതിയിൽപ്പോകാം. അങ്ങ് പറഞ്ഞപോലെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതും  സ്വാഗതാർഹമാണ്‌. ഒരു തർക്കവുമില്ല.

ഇനി അക്കാര്യത്തില്‍ ഒരു കാര്യംകൂടി വ്യക്തമാക്കട്ടെ, ഓണ്‍ലൈന്‍ മാധ്യമങ്ങളെയും രാജ്യത്തെ മാധ്യമ സംബന്ധമായ നിയമങ്ങള്‍ക്കും ചട്ടകൂടുകള്‍ക്കും വിധേയമാക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറെ നേരില്‍ക്കണ്ട് അങ്ങോട്ട്‌ ആവശ്യപ്പെട്ടത് കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യയാണ്.

publive-image

കോം ഇന്ത്യയുടെ പ്രസിഡന്റ് ഇത് സംബന്ധിച്ച് കേരളത്തിലെ 9 എംപിമാര്‍ ഒപ്പിട്ട കത്ത് വകുപ്പ് മന്ത്രിക്ക് കൈമാറുമ്പോള്‍ അതിലൊരു എംപി അവിടെ നേരിട്ട് സന്നിഹിതനുമായിരുന്നു. അതേപോലെ മറ്റു ഭാഷകളിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സമാന നിവേദനങ്ങള്‍ നല്‍കിയിട്ടുള്ള കാര്യവും അന്ന് മന്ത്രി പറഞ്ഞിരുന്നു.

അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ എന്തോ വലിയ ഉദ്യമത്തിലേയ്ക്ക് പോകുന്നു എന്ന തരത്തില്‍ ഈ ചാനല്‍ മേധാവി നടത്തിയ പരാമര്‍ശങ്ങള്‍ അർത്ഥസത്യങ്ങള്‍ തന്നെയാണ്. മാത്രമല്ല, ഇനി ഈ മാധ്യമ പ്രമുഖന്‍ ഉള്‍പ്പെടുന്ന ചാനലുകളുടെകൂടി അറിവിലേയ്ക്ക് ഒരു കാര്യംകൂടി പറയട്ടെ, നിയന്ത്രണം വരുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മാത്രമല്ല, അച്ചടി - ദൃശ്യ- ഓണ്‍ലൈന്‍ മേഖലയിലെ മുഴുവന്‍ മാധ്യമങ്ങള്‍ക്കുംകൂടിയാണ്.

മാധ്യമങ്ങള്‍ക്കായുള്ള 1957 ലെ പഴയ നിയമം റദ്ദാക്കി പുതിയ 'രജിസ്ട്രേഷന്‍ ഓഫ് പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് ബില്‍ - 2019'  ആണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അപ്പോള്‍ കടിഞ്ഞാണ്‍ ഞങ്ങള്‍ക്ക് മാത്രമല്ല ചാനലുകള്‍ക്കും അച്ചടി മാധ്യമങ്ങള്‍ക്കുമെല്ലാം ഒരേപോലെ ബാധകമായിരിക്കും. അന്ന് പത്ര -ദൃശ്യമാദ്ധ്യമങ്ങൾക്കുള്ളതിൽ കൂടുതൽ നിയന്ത്രണമൊന്നും ഓൺലൈൻ മാധ്യമങ്ങൾക്കും ഒരിക്കലുമുണ്ടാകില്ല.

ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഭയത്തോടെ കണ്ട് മുന്‍കൂട്ടി വിമര്‍ശനങ്ങളുമായി നടക്കുന്ന ചാനല്‍ മേധാവികള്‍ ചില കാര്യങ്ങൾകൂടി അറിയേണ്ടതുണ്ട് :-

ഒന്ന് . ഇന്ത്യയിലെ മുൻനിര മാധ്യമപ്രവർത്തകനും NDTV യുടെ മാനേജിംഗ് എഡിറ്ററും മാഗ്‌സസെ പുരസ്‌ക്കാര ജേതാവുമായ രവീഷ് കുമാർ ഇന്ത്യയിലെ ടി.വി ചാനലുകൾ ബഹിഷ്‌ക്കരിക്കാൻ ജനങ്ങളോടാഹ്വാനം നൽകിയിരിക്കുകയാണ്‌. അതിനു കാരണമായി അദ്ദേഹം പറയുന്നത് മാധ്യമങ്ങളെ വിലയ്ക്കുവാങ്ങുന്ന തിനും വരുതിയിലാക്കുന്നതിനും അധികാരവർഗ്ഗത്തിനു കഴിയുന്നു എന്നാണ്.

ഇന്ത്യയിലെ ജനങ്ങള്‍ നൂറാവര്‍ത്തി പറഞ്ഞു നടക്കുന്ന കാര്യമാണ് നിങ്ങള്‍ക്കൊപ്പം ഉള്ള ആളായിട്ടും അദ്ദേഹം തുറന്നു പറഞ്ഞത്. താനിതിനകത്തു പ്രവർത്തിക്കുന്ന വ്യക്തിയായതുകൊണ്ട് കാര്യങ്ങളെല്ലാം വ്യക്തമായി അറിയാമെന്നും അദ്ദേഹംതന്നെ പറയുന്നുണ്ട് .


ടി.വി ചാനലുകൾ ജനങ്ങളോടുള്ള കടമ മറന്നിരിക്കുന്നു എന്നും ജനങ്ങളിൽനിന്നകന്ന് അവർ സർക്കാരിന്റെ ഭാഗമായെന്നും ക്യാമറയ്ക്കു മുന്നിൽ വന്നുനിന്നെന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണെന്നും ആങ്കർമാർ മിക്കവരും സ്റ്റാർ ആകാൻ വേണ്ടിയും TRP ഉയർത്താനുമായി അവരുടെ ക്ലിപ്പിംഗുകൾ യൂ ട്യൂബിൽ വൈറലാക്കുന്നുവെന്നും തുടങ്ങി ദൃശ്യമാദ്ധ്യമങ്ങളുടെ മൂല്യത്തകർച്ച ഓരോന്നും NDTV മാനേജിംഗ് എഡിറ്റര്‍ രവീഷ് കുമാർ അക്കമിട്ടു നിരത്തുന്നുണ്ട്.

ജനാധിപത്യത്തെത്തന്നെ ഇവർ തകർക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. 6 മാസം അല്ലെങ്കിൽ കുറഞ്ഞത് 2 മാസമെങ്കിലും ടി.വി. ചാനലുകൾ കാണാതിരിന്നുനോക്കുക, നിങ്ങൾക്കൊരു ചുക്കും സംഭവിക്കില്ല എന്നാണദ്ദേഹം ജനങ്ങളോട് പറഞ്ഞത്.  


രവീഷ് കുമാറിന്‍റെ വിമര്‍ശനം അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക - https://www.newslaundry.com/2019/03/12/news-channels-are-ruining-indias-democratic-nature-ravish-kumar?fbclid=IwAR26O3GcmKQlGADThtIY3lEXuxZ8eLn38NoL6vcM6JSKhGsvGvhEsXxMC6s

രണ്ട് . കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ, ദൃശ്യ-പത്രമാധ്യമങ്ങളാൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട വ്യക്തിയാണ്. അദ്ദേഹം മാധ്യമ സിൻഡിക്കേറ്റുകൾ എന്ന പ്രയോഗം ഇവിടുത്തെ പത്ര ദൃശ്യ മാധ്യമങ്ങളെപ്പറ്റി പലതവണ പറഞ്ഞിട്ടുള്ളതുമാണ് . മാത്രവുമല്ല അദ്ദേഹം മുഖ്യമന്ത്രിയായതുതന്നെ ഈ മാധ്യമങ്ങളുടെ എല്ലാ ഇകഴ്തലുകളെയും തള്ളിക്കളഞ്ഞ് അദ്ദേഹത്തിൻ്റെ തിളക്കമാർന്ന വ്യക്തിത്വം ഒന്നുകൊണ്ടുമാത്രമാണ്.

പിണറായി ഈ മാധ്യമപ്രവര്‍ത്തകരെ നോക്കി 'കടക്ക് പുറത്ത്'  എന്ന കടുത്തപ്രയോഗം നടത്താൻ നിർബന്ധിതനായതും ഈ മാധ്യമ മേധാവികള്‍ മറക്കില്ലല്ലോ ?  ക്യാമറയും പൊക്കി ആരുടെ പിന്നാമ്പുറത്തും സ്വകാര്യതയിലും കടന്നുകയറുന്നത് മാധ്യ മധർമ്മമല്ല എന്നദ്ദേഹം പലതവണ ഓർമ്മപ്പെടുത്തിയതുമാണ്. അന്നും ജനം നിങ്ങള്‍ക്കൊപ്പം ആയിരുന്നില്ല , പകരം അവര്‍ പിണറായിക്ക് നല്ല നമസ്കാരം പറയുകയായിരുന്നു ... , മറക്കരുത് !

മൂന്ന് . ഒരിക്കൽ അഭിനേതാവായ സന്തോഷ് പണ്ഡിറ്റിനോട് ഒരു ടി.വി പ്രോഗ്രാമിൽ അവതാരകന്‍ 'നിങ്ങൾ ഒരു മണ്ടനാണോ?'  എന്നുചോദിച്ചതും ' ഞാൻ മണ്ടനാണെങ്കിൽ ഈ പ്രോഗ്രാമിലേക്ക് എന്നെ ക്ഷണിച്ച താങ്കളാണ് ഏറ്റവും വലിയ മരമണ്ടന്‍ '  എന്നദ്ദേഹം ഉരുളക്കുപ്പേരിപോലെ മറുപടി പറഞ്ഞതും ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായതാണ്. ആ അവതാരകന്റെ മാന്യമല്ലാത്ത , തീർത്തും അപമാനകരമായ ആ പ്രയോഗത്തിന്റെ പേരിൽ  അയാള്‍ക്കെതിരേ നടപടിയെടുക്കേണ്ടതായിരുന്നു. പക്ഷേ അദ്ദേഹത്തെക്കാള്‍ വിവേകവും പക്വതയും മാന്യതയുമുള്ളതുകൊണ്ടാകാം സന്തോഷ് പണ്ഡിറ്റ് ആർക്കും പരാതി നൽകിയില്ല.

ക്യാമറയ്ക്കു മുന്നിൽവന്നുനിന്ന് എന്തും വിളിച്ചുപറയാമെന്ന തോന്നൽ അപക്വമാണ്. കാരണം ആർക്കും നേരിട്ട് മറുപടി പറയാൻ കഴിയില്ലല്ലോ ? കേരളത്തിലെ ചാനല്‍ പ്രവര്‍ത്തകരും ഇത്തരം വിഡ്ഢിത്തങ്ങൾ പലതും നടത്തിയിട്ടുണ്ട്. സ്വയം വിലയിരുത്തലിനും വിമർശനത്തിനുമാണ് അവര്‍ മുതിരേണ്ടത്‌.

ഓൺലൈൻ മാധ്യമങ്ങൾക്കുനേരെ കുതിരകയറാൻ വരും മുൻപ് സ്വന്തം തട്ടകം നേരെയാക്കാൻ ചാനല്‍ പ്രമുഖര്‍ ശ്രമിച്ചാലും. രവീഷ് കുമാറിനെപ്പോലെയും പിണറായിയെപ്പോലെയും ഉള്ള പ്രഗത്ഭമതികൾ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകുക. എന്നിട്ടാകാം ഓൺലൈൻ മാധ്യമങ്ങളെ അധിക്ഷേപിക്കല്‍. രവീഷ് കുമാര്‍ പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടില്ലെങ്കില്‍ താഴെയുള്ള വീഡിയോകള്‍ കാണുക !

kuwait latest com india
Advertisment