കേരളത്തില്‍ ഹൈക്കമാണ്ടിന്‍റെ നിര്‍ണായക നീക്കം. ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരോട് തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധി ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, March 10, 2021

ഡല്‍ഹി : തെക്കന്‍ കേരളം പിടിക്കാന്‍ തിരുവനന്തപുരത്തു വി ഐ പി നിരയെ തന്നെ രംഗത്തിറക്കാന്‍ ഹൈക്കമാണ്ട് നീക്കം.

കോണ്‍ഗ്രസിന്‍റെ ജനപ്രിയ നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത് .

ഇതിന്‍റെ ഭാഗമായി മൂന്നു നേതാക്കളോടും മത്സരം തിരുവനന്തപുരത്ത് ആക്കുന്നത് സംബന്ധിച്ച് എ ഐ സിസി അഭിപ്രായം ആരാഞ്ഞതായാണ് സൂചന. ഉമ്മന്‍ ചാണ്ടിയോട് കഴക്കൂട്ടത്തും രമേശ് ചെന്നിത്തലയോട് വട്ടിയൂര്‍ക്കാവിലും കെ മുരളീധരന്‍ എംപിയോട് നേമത്തും മത്സരിക്കാനാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ബിജെപി ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന എ ഗ്രേഡ് ലിസ്റ്റില്‍പെടുത്തിയവയാണ് മൂന്ന് മണ്ഡലങ്ങളും.

കെ മുരളീധരന്‍ മാത്രമാണ് നിലവില്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുള്ളതത്രെ. പുതുപ്പള്ളി വിട്ടുപോകാന്‍ താല്പര്യക്കുറവുള്ള ഉമ്മന്‍ ചാണ്ടി അക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയ്ക്കും ഹരിപ്പാട് തുടരാനാണ് താല്‍പര്യം.

അതേ സമയം മുരളീധരന് സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങിവരാനാണ് താല്‍പര്യം. പാര്‍ട്ടിയുടെ മൂന്നു പ്രധാന നേതാക്കളും തിരുവനന്തപുരത്ത് മത്സരിച്ചാല്‍ അത് അണികളില്‍ വന്‍ പോരാട്ട വീര്യം സൃഷ്ടിക്കുകയും പ്രചാരണ രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യും എന്നാണ് എ ഐ സി സി സര്‍വ്വേയില്‍ ലഭിച്ച സൂചന.

ഇതുപ്രകാരമുള്ള മാറ്റങ്ങളാണ് പരിഗണനയില്‍. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ വടകരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് അന്നത്തെ തെരെഞ്ഞെടുപ്പ് രംഗത്ത് യു ഡി എഫിന് വലിയ മേല്‍ക്കൈ ലഭിക്കാന്‍ ഇടയാക്കിയിരുന്നു.

×