/sathyam/media/post_attachments/iWOeRZJ3Ky7vbLvbrthC.jpg)
കോട്ടയം : പുതുപ്പള്ളിയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ആത്മബന്ധം അറിയാത്തവരില്ല ! ഞായറാഴ്ച എന്നൊരു ദിവസമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തിയിരിക്കും. ഞായറാഴ്ച ദിവസങ്ങളില്‍ ലോകത്ത് എന്ത് സംഭവിച്ചാലും ഉമ്മന്‍ ചാണ്ടിക്ക് അതൊന്നും ഒരു വിഷയമായിരിക്കില്ല. അദ്ദേഹം പുതുപ്പള്ളിയിലെത്തും !
എന്നാല്‍ ആ പതിവും കൊറോണ തിരുത്തി. ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയില്‍ പോകാതെ തിരുവനന്തപുരത്തിരിക്കാമെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് വീട്ടിലിരുന്നുകൂടാ എന്നൊരു പ്രയോഗം തന്നെ ലോക് ഡൗണ്‍ കാലത്ത് ഉണ്ടായിരുന്നു.
അങ്ങനെ കൊറോണ ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നും അകറ്റി നിര്‍ത്തിയത് ഒന്നും രണ്ടുമല്ല 100 ദിവസമാണ്. ഉമ്മന്‍ ചാണ്ടിയുടെ പാര്‍ലമെന്ടറി ജീവിതത്തിന്‍റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് ഈ ഇടവേള !!
അത്രയും ദിവസം പുതുപ്പള്ളിയിലെത്താതെ മാറി നിന്നെന്നത് മാത്രമല്ല അത്രയും പുതുപ്പള്ളിക്കാരുടെ മരണ വിവരവും വിവാഹ വിവരവും അറിഞ്ഞിട്ടും അവിടെ ഓടിയെത്താന്‍ കഴിയാതെ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് അടങ്ങിയിരുന്നു എന്നതാണ് അതിശയകരം !
പുതുപ്പള്ളിക്കാരന്‍റെ കല്യാണം കൂടാന്‍ ക്യാബിനറ്റ് യോഗം മാറ്റിവച്ചിട്ട് നാട്ടിലെത്തിയ ആളാണ് ഉമ്മന്‍ ചാണ്ടി എന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യമാണ്. അതും ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍റെ മകന്‍റെ വിവാഹത്തിന്.
എന്തായാലും 100 ദിവസം കൂടി പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ ചാണ്ടി നേരേ പോയത് ജീവിതത്തിലെ എല്ലാ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളിലും തനിക്ക് ആശ്രയമായ പുതുപ്പള്ളി വലിയ പള്ളിയിലേയ്ക്കായിരുന്നു. അള്‍ത്താരയ്ക്കു മുമ്പില്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം കൈകൂപ്പി നിന്ന ഉമ്മന്‍ ചാണ്ടി അതിനുശേഷമാണ് നാട്ടിലെ മരണ വീടുകള്‍ വഴി യാത്ര തിരിച്ചത്.
ആള്‍കൂട്ടം എത്തുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പുതുപ്പള്ളിയില്‍ ഓസിയെ കാണാന്‍ ഇന്നും തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ലത്രെ. അതേസമയം കൂടുതല്‍ ആളുകള്‍ കൂടാതിരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച തന്നെ അദ്ദംഹം തിരുവനന്തപുരത്ത് എത്തുകയും ചെയ്യും.