ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ തെളവില്ലെന്നത് അന്ധത: ഉമ്മന്‍ ചാണ്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം:ലോകം മുഴുവന്‍ തത്സമയം കണ്ട ബാബ്‌റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി.

Advertisment

കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്നു പറയാന്‍ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മതേതരത്വത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ ആരാധനാലയങ്ങളെ ജനങ്ങള്‍ കാണുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയെന്നത് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് കനത്ത പ്രഹരമേറ്റു.

രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധി. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബാബ്‌റി മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്രത്തിനു വിട്ടുകൊടുത്ത കഴിഞ്ഞ നവംബറിലെ സുപ്രീംകോടതി ഭരണഘടാ ബെഞ്ചിന്റെ വിധിയില്‍ അവിടെ നടന്ന കടുത്ത നിയമലംഘനം ചൂണ്ടിക്കാട്ടിയിരുന്നു.

28 വര്‍ഷമായി നീതിക്കുവേണ്ടി കാത്തിരുന്ന ഒരു ജനസമൂഹമുണ്ട്. ഇത്രയും കാലം കാത്തിരുന്നശേഷം നീതി നിഷേധിക്കപ്പെടുമ്പോള്‍, അതു വേദനാജനകമാണ്. വിചാരണക്കോടതിയുടെ വിധിക്കെതിരേ അടിയന്തരമായി അപ്പീല്‍ പോകണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.

oommen chandy
Advertisment