തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് മുന്നിലേക്കു കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങളെ നയിച്ചത് സ്വകാര്യ ഏജന്‍സികളുടെ സര്‍വേ ഫലം. ഹൈക്കമാന്‍ഡാണ് സംസ്ഥാനത്ത് മൂന്നു സ്വകാര്യ ഏജന്‍സികളെ ഇതിനായി നിയോഗിച്ചത്.
ഇതില്‍ രണ്ട് ഏജന്‍സികളുടെ റിപ്പോര്‍ട്ടിലും 80 ശതമാനത്തിലേറെ ആളുകള്‍ പിന്തുണച്ചത് ഉമ്മന്‍ ചാണ്ടിയെയായിരുന്നു. ഒരു ഏജന്‍സിയുടെ ഫലത്തില്‍ 70% പേരും ഉമ്മന്‍ചാണ്ടിയെ പിന്തുണച്ചു. സംസ്ഥാനത്തെ സാധ്യതകള്‍ പഠിക്കുന്നതിനു രാഹുല്‍ ഗാന്ധി നേരിട്ടാണ് മൂന്ന് ഏജന്‍സികളെ ചുമതല ഏല്‍പ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി നയിച്ചാല്‍ ഭരണം പിടിക്കാമെന്നായിരുന്നു സര്‍വേകളിലെ കണ്ടെത്തല്‍. സ്വകാര്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധിക്കു കൈമാറിയതിനു പിന്നാലെയാണ് നേതാക്കളെ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചത്.
ഇടഞ്ഞു നില്‍ക്കുന്ന സാമുദായിക നേതൃത്വത്തെ തിരികെ അടുപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം നിര്‍ണ്ണായകമാകുമെന്നായിരുന്നു സര്‍വേകളിലെ കണ്ടെത്തല്‍. യുഡിഎഫുമായി അകന്നു നില്‍ക്കുന്ന ക്രൈസ്തവ സഭാ വിശ്വാസികളെയും നായര്‍ സാമുദായത്തെയും തിരികെയടുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഇതാണ് ഹൈക്കമാന്‍ഡിന് പ്രതീക്ഷയേകുന്നത്.
സംസ്ഥാനത്തെ ഗ്രൂപ്പ് വിലപേശലുകള്‍ പാര്‍ട്ടിക്കു കാര്യമായ ദോഷം ചെയ്യുമെന്നതിനാല്‍ അതിനു നിന്നുകൊടുക്കേണ്ട എന്നാണു റിപ്പോര്‍ട്ടിലെ ഒരു നിര്‍ദേശം. ഗ്രൂപ്പ് മാനദണ്ഡങ്ങളെ അപ്രസക്തമാക്കി വേണം തീരുമാനങ്ങള്‍.
യുവാക്കള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ വേണ്ടത്ര പ്രാതിനിധ്യം നല്‍കണമെന്നും ജയസാധ്യത പരിഗണിച്ചു മാത്രമാകണം സ്ഥാനാര്‍ഥി നിര്‍ണയമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഓരോ മണ്ഡലങ്ങളിലും ആരു വിജയിക്കുമെന്നതു സംബന്ധിച്ച ചോദ്യങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രമേശ് ചെന്നിത്തല, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവരുടെ സാധ്യതകളും പഠന വിഷയമാക്കിയിരുന്നു. ഇവരെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 30 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു.
ഇതെല്ലാം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഏജന്‍സികള്‍ കൈമാറിയിരിക്കുന്നത്. സ്ഥാനാര്‍ഥികളെ നേരത്തെ നിര്‍ണയിച്ച് പ്രചാരണം തുടങ്ങി അതിന്റെ നേട്ടം കൈവരിക്കണമെന്നും നിര്‍ദേശമുണ്ട്. അതിനനുസരിച്ച് ചെന്നിത്തലയുടെ യാത്രയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിക്കാനാണ് സാധ്യത.
കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനത്ത് ഈ ഏജന്‍സികള്‍ വിവിധ സര്‍വേയില്‍ സജീവമായിരുന്നു. വാട്‌സാപ് ഗ്രൂപ്പുകള്‍ തുടങ്ങിയും ഫെയ്സ്ബുക്കിലൂടെയും നേരിട്ടുമാണ് സര്‍വേ നടത്തിയിട്ടുള്ളത്. ഓരോ മണ്ഡലങ്ങളിലും ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രാദേശികമായി ഗ്രൂപ്പുകളുണ്ടാക്കി പഠനം നടത്തിയിരുന്നതായാണ് വ്യക്തമാകുന്നത്. ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിക്കാനും ഈ ഏജന്‍സികളെ ആശ്രയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.