മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ ? ഹൈക്കമാന്‍ഡിന്റെ നിര്‍ണായക തീരുമാനം തിങ്കളാഴ്ച ! ഉമ്മന്‍ചാണ്ടി ആദ്യ ടേമില്‍ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ശക്തം. ഉമ്മന്‍ചാണ്ടി തന്നെ മുന്നണിയെ നയിക്കണമെന്നും നിര്‍ദേശം. ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന സൂചനയുമായി ഐ ഗ്രൂപ്പ്. ഘടകകക്ഷികളുടെ അഭിപ്രായമറിയാന്‍ ഹൈക്കമാന്‍ഡ് നീക്കം !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 16, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം. ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി പദത്തില്‍ ആദ്യ ടേമില്‍ അദ്ദേഹം തന്നെ വേണമെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാല്‍ രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ ഇതു അംഗീകരിക്കുന്നില്ല.

ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നുണ്ട്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ആദ്യ ടേമില്‍ ഉമ്മന്‍ ചാണ്ടിക്കും രണ്ടാം ടേമില്‍ ചെന്നിത്തലയ്ക്കും വീതംവെച്ച് നല്‍കുന്ന കാര്യമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുള്ളത്.

എന്നാല്‍, ഇതിനോട് ഹൈക്കമാന്‍ഡ് എങ്ങനെ പ്രതികരിക്കുമെന്നതില്‍ വ്യക്തതയില്ല. ഇരുവര്‍ക്കും മുഖ്യമന്ത്രി സ്ഥാനം വീതംവെച്ച് നല്‍കിയാല്‍ ഗ്രൂപ്പ് പോര് ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും. ഹൈക്കമാന്‍ഡും കേരളത്തില്‍നിന്നുള്ള നേതാക്കളും തിങ്കളാഴ്ച ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ വീതംവെപ്പടക്കമുള്ള കാര്യങ്ങളില്‍ ധാരണയാകാനാണ് സാധ്യത.

കെപിസിസി-ഡിസിസി നേതൃത്വങ്ങളിലെ അഴിച്ചുപണി, മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുന്നത്, ഉമ്മന്‍ ചാണ്ടിക്ക് നല്‍കേണ്ട പദവി തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കമാന്‍ഡ് തിങ്കളാഴ്ച ചര്‍ച്ച ചെയ്യുന്നത്. രമേശും, ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമാണ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുക.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ സജീവമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുള്ള നേതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം തന്നെ ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഐ ഗ്രൂപ്പ് ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും കാത്തിരിക്കുന്നത്.

×