തീരുമാനം മാറ്റി ഉമ്മന്‍ചാണ്ടി ! പാര്‍ട്ടിക്കുവേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ ഏതു നേതാവും തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി. ജയിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയ്ക്കും ഏത് പാര്‍ട്ടിനേതാവും തയ്യാര്‍ ! പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തനിക്ക് പറയാനുള്ളത് പറയും. രമേശിന്റെ പ്രകടനത്തിനു പിന്തുണ. അധികാരത്തില്‍ പ്രത്യേക കരാറോ ധാരണയോ ആവശ്യമില്ല. യുവാക്കള്‍ക്ക് ഇത്തവണ കൂടുതല്‍ പ്രാതിനിധ്യമുറപ്പെന്നും ഉമ്മന്‍ചാണ്ടി

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, January 18, 2021

കൊച്ചി: കോണ്‍ഗ്രസില്‍ നേതൃപ്രശ്നമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നോ എന്ന ചോദ്യത്തിന് യുഡിഎഫ് അധികാരത്തില്‍ വരിക എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഒരു സ്ഥാനവും വേണ്ടെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചിരുന്നു. ഇതില്‍ നിന്നും ഉമ്മന്‍ചാണ്ടി മാറുന്നു എന്നതും ശ്രദ്ധേയമാണ്. ഉമ്മന്‍ചാണ്ടിക്ക് കെപിസിസി അധ്യക്ഷ സ്ഥാനമടക്കമുള്ള പദവികള്‍ നല്‍കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനങ്ങള്‍ മാറുന്നത് എന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ വരുമോയെന്ന ചോദ്യത്തിന് താന്‍ രണ്ട് വര്‍ഷം മുഖ്യമന്ത്രിയായ ആളാണ്. എനിക്ക് 50 വര്‍ഷം എംഎല്‍എ ആകാന്‍ പാര്‍ട്ടി അവസരം തന്നിട്ടുള്ളതാണ്. ഈ അവസരത്തില്‍ ഒരു പരിപാടിയും പദ്ധതിയോടെയല്ല ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു.

കേരളത്തില്‍ നേതൃപ്രശ്നം സംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടാകാന്‍ പോകുന്നില്ല. കഴിഞ്ഞ കാലങ്ങളിലെല്ലാം സ്മൂത്തായാണ് പോയിരിക്കുന്നത്. ഇപ്രാവശ്യവും അങ്ങനെയാകും.

ഞങ്ങള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ ‘യുഡിഎഫ് അധികാരത്തില്‍ വരിക’. ഒറ്റക്കെട്ടായി മുന്നോട്ട് പോകും. അഞ്ച് വര്‍ഷമായി പദവിയില്ലെങ്കിലും ഞാന്‍ എല്ലാത്തിനുമുണ്ട്.

ജയിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയ്ക്കും ഏത് പാര്‍ട്ടിയും നേതാവും തയ്യാറാണ്. രമേശുമായും മുല്ലപ്പള്ളിയുമായും മിക്കവാറും ദിവസങ്ങളില്‍ ഫോണിലൂടെയെങ്കിലും ബന്ധപ്പെടുന്നുണ്ട്. ഘടകകക്ഷികള്‍ പ്രതിപക്ഷ നേതാവിനേക്കുറിച്ച് തൃപ്തിക്കുറവ് ഉള്ളതായി അറിയിച്ചിട്ടില്ല.

എ കെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നപ്പോഴും താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പ്രവര്‍ത്തനം പോരാ എന്ന വിമര്‍ശനമുണ്ടായിരുന്നു. അത് രമേശിനോട് മാത്രമുള്ള ചോദ്യമല്ല. ഞങ്ങളോട് മുന്‍പ് ചോദിച്ചിട്ടുള്ളതാണ്.

രമേശ് ചെന്നിത്തല ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുമ്പോള്‍ പരിഹസിക്കുകയാണ് ഭരണപക്ഷം ചെയ്തത്. പിന്നീടതെല്ലാം സത്യമായെന്നും ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിക്കുന്നു.

പരസ്പരം സഹകരിക്കുന്നതാണ് തന്റേയും രമേശിന്റേയും രീതി. കേരളത്തിലെ കോണ്‍ഗ്രസ് വലിയ പ്രസ്ഥാനമാണ്. ഒരാളുടെ കൈയ്യില്‍ ഒതുങ്ങുന്നതല്ല.

ഒരു നേതാവ് മാത്രമല്ല. എല്ലാവരും കൂടി കൂടുമ്പോഴാണ് സംഘടനയാകുന്നത്. അമിതമായ സ്വാതന്ത്ര്യം നേതാക്കന്‍മാര്‍ക്കും അണികള്‍ക്കും ഈ പാര്‍ട്ടിയില്‍ എടുക്കാന്‍ സാധിക്കും. ആ അമിത സ്വാതന്ത്ര്യം വഴിവിട്ടുപോകാതിരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്.

പ്രത്യേക കരാറോ ധാരണയോ കോണ്‍ഗ്രസിന് ആവശ്യമില്ല. അതൊന്നും ഇല്ലാതെ തന്നെ കോണ്‍ഗ്രസ് മുന്നോട്ടുപോകും ജയിക്കുകയും ചെയ്യും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പൊതുജീവിതത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയും അംഗീകാരവും ഏറ്റവും വലുതായി തന്നെ താന്‍ കാണുന്നു.

ഇനിയെന്താണ് എന്നുള്ളത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനം പറയുമ്പോള്‍ എനിക്ക് എന്റേതായ കാഴ്ച്ചപ്പാടുകള്‍ പറയാനും സാധിക്കും.

യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുക്കും. കഴിവുള്ള ഉത്തരവാദിത്വം ഏല്‍പിക്കാവുന്ന ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും ഘടകകക്ഷികളിലും ധാരാളമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരമാവധി പിന്തുണ നല്‍കുമെന്നതിന് യാതൊരു സംശയവും വേണ്ട. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രനെ മേയറാക്കിയത് നല്ല തീരുമാനമാണെന്നേ ഞാന്‍ പറയൂ.

ഇത് കോണ്‍ഗ്രസ് ചെയ്തത് ആരും കണ്ടില്ലേ? 26ാം വയസിലാണ് സുരേഷ് കൊടിക്കുന്നില്‍ എന്ന ദളിത് വിഭാഗത്തില്‍ പെട്ടയാളെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിച്ചത്. വന്‍ ഭൂരിപക്ഷത്തോടെയാണ് രമ്യ ഹരിദാസ് ജയിച്ചത്. പി സി വിഷ്ണുനാഥ് 26-ാമത്തെ വയസിലാണ് എംഎല്‍എ ആയത്.

1970ല്‍ എ കെ ആന്റണി എസി ഷണ്ഡമുഖദാസ്, എന്‍ രാമകൃഷ്ണന്‍, കൊട്ടറ ഗോപാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ തങ്ങള്‍ അഞ്ചു പേരുള്ള ടീമാണ് നിയമസഭയിലെത്തിയത്. അത് ആദ്യമായിട്ടായിരുന്നു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം കൊടുക്കുന്നത് നല്ലതാണ്.

യുവാക്കള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് എനിക്ക് എന്റെ അനുഭവത്തില്‍ നിന്ന് മനസിലായിട്ടുള്ളത്. ചെറുപ്പക്കാര്‍ക്ക് അംഗീകാരം നല്‍കുന്ന സാഹചര്യമുണ്ടാകും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്ന് കരുതുന്നില്ല. പക്ഷെ, പ്രതീക്ഷ വെച്ചിരുന്നു. പ്രതിപക്ഷ നേതാവ് നല്ല നിലയില്‍ കൈകാര്യം ചെയ്തിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാക്കാലത്തും യുഡിഎഫ് പിന്നിലായിരിക്കും. ത്രിതല പഞ്ചായത്ത് ഫലം യുഡിഎഫിന് കുറവുകള്‍ മനസിലാക്കാനുള്ള അവസരമായെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

×