അമിത് ഷായുടേത് ഏകാധിപതിയുടെ സ്വരമെന്ന് ഉമ്മന്‍ ചാണ്ടി
ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവ് സംസ്ഥാന കോണ്‍ഗ്രസിനും അദ്ദേഹത്തിന്റെ അണികള്‍ക്കും പുത്തന്‍ ഉണര്‍വായിരിക്കുകയാണ്. എ ഗ്രൂപ്പിന്റെ മാത്രമല്ല സംസ്ഥാന കോണ്‍ഗ്രസിലെ തന്നെ കരുത്തന്റെ തിരിച്ചുവരവ് ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തെ സാരമായി തന്നെ ബാധിക്കും. കോണ്‍ഗ്രസിനെ അപ്പാടെ കൈപ്പിടിയിലാക്കന്‍ നോക്കുന്ന പല മുതിര്‍ന്ന നേതാക്കള്‍ക്കും ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവ് കണ്ണില്‍ കരടാകും.
/sathyam/media/post_attachments/myIblMF51fEeMB4GSC1q.jpg)
അസുഖത്തെത്തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍നിന്നു മാറിനിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടവേളയ്ക്കുശേഷം കെ.പി.സി.സി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ കത്തിക്കയറി. ജര്‍മനിയിലെ വിദഗ്ധ ആശുപത്രിയില്‍നിന്നുള്ള ശുഭവാര്‍ത്തയുടെ അനുരണനങ്ങള്‍ പത്രസമ്മേളത്തില്‍ പ്രതിഫലിച്ചു.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ സമരം ചെയ്യുന്നവര്‍ സമരം ചെയ്യട്ടെ തങ്ങള്‍ നിയമം നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍ ഏകാധിപതിയുടെ സ്വരമായയേ കാണാന്‍ സാധിക്കൂവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിഷേധം ഉള്‍ക്കൊണ്ട് പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മംഗലാപുരത്ത് മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടന്ന നടപടി അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ആ പ്രതിഷേധത്തിന്റെ സാഹചര്യമെന്താണെന്നു പരിശോധിക്കാനും അത് കേള്‍ക്കാനും ഭരണാധികാരികള്‍ക്ക് കടമയുണ്ട്. ശരിയെങ്കില്‍ ഉള്‍ക്കൊള്ളണം, തെറ്റെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം- ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരും എതിര്‍ക്കട്ടെ എതിര്‍പ്പിനെ തങ്ങള്‍ അവഗണിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് മുന്‍പോട്ട് നീങ്ങുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം അജണ്ട നടപ്പാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
ബില്ലിനെതിരേ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും സമരത്തില്‍ ഒറ്റക്കെട്ടായി നിലകൊള്ളുമോ എന്ന ചോദ്യത്തിന് തിനിക്ക് ഒറ്റയക്ക് അതിനു മറുപടി പറയാന്‍ സാധിക്കില്ലെന്നും എല്ലാവരോടും ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ദേശീയതലത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യം യോജിച്ചു പോകാമെന്നുള്ളതാണ്. മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊക്കെ അതീതമായി ശക്തമായി മുന്നോട്ടുപോകേണ്ട സ്ഥിതിവിശേഷം വന്നിരിക്കയാണ്- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്‍െ സംബന്ധിച്ച് സംഘടനാ പ്രതിസന്ധി ഒന്നുമില്ല. എല്ലാ പരിപാടികളും കൃത്യമായും ശക്തമായും മുന്നോട്ടുപോകുന്നുണ്ട്. ഇന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പരിപാടി നടന്നിരുന്നു. പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. അതിനൊക്കെ ഉടന്‍ പരിഹാരമുണ്ടാകും- ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന്
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിയമം തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പൗരത്വഭേദഗതി നിയമത്തെയും തുടര്‍ന്ന് വരാന്‍ പോകുന്ന പൗരത്വരജിസ്റ്ററെയും കാണാന്‍ കഴിയൂ. ഇത് ഒരു വലിയ ജനവിഭാഗത്തില്‍ ഉണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷം സ്ഫോടനാത്മകമായ സംഘര്‍ഷത്തിലേക്കു വഴുതി വീഴുകയും ചെയ്തു.
പ്രതിഷേധിക്കുന്നവരെ കേള്‍ക്കാനും അവര്‍ പറയുന്നതില്‍ കാമ്പുണ്ടെങ്കില്‍ ഉള്‍ക്കൊള്ളാനും കഴിയണം. അതാണ് ജനാധിപത്യം. പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നോക്കിയാല്‍ അതിനു കനത്ത തിരിച്ചടി ഉണ്ടാകും.
പൗരത്വനിയമഭേദഗതിയും പൗരത്വരജിസ്റ്ററും മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ആശങ്ക ദൂരികരിക്കാനുള്ള കടമ ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ആ കടമ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണം. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കണം. രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചതു പോലെയുള്ള ഐക്യമാണ് എല്ലായിടത്തും ഉണ്ടാകേണ്ടത്.
വിദ്യാര്‍ത്ഥി യുവജന സമൂഹമാണ് ഇപ്പോള്‍ അനീതിക്കേതിരേയുള്ള ഇടിമുഴക്കമായി രംഗത്തുള്ളത്. അവര്‍ക്ക് തൊഴിലില്ല. രാജ്യത്തെ സര്‍വകലാശാലകളിലും കാമ്പസുകളിലും നടക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ നോക്കുന്നത്. കാമ്പസുകളിലും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വരെയും പോലീസ് തേര്‍വാഴ്ച ഉണ്ടായി. കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും ജയിലിലടക്കുന്നു.
ബിജെപി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണ്. അവര്‍ പാര്‍ട്ടിയുടെ അജന്‍ഡ മാത്രമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ നീറു പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്ക്കൊന്നും പരിഹാരമില്ല.
പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ നിയമങ്ങള്‍ പാസാക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം പോലും മുടങ്ങുകയാണ്.
ഇന്ത്യാ വിഭജനകാലത്ത് മുസ്ലീം ജനവിഭാഗത്തെ സംരക്ഷിക്കാന്‍ രാഷ്ട്രനേതാക്കള്‍ നടത്തിയ ധീരമായ നടപടി ലോകം അംഗീകരിച്ചതാണ്. രാഷ്ട്രപിതാവിന്റെ ജീവന്‍ പോലും ആ ദൗത്യത്തിനിടയില്‍ നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിശാലമനസും എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്ന നടപടിയും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. അതിനു കടകവിരുദ്ധമായാണ് നടപടികളാണ് ഇപ്പോഴത്തെ ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മറയ്ക്കാനാണു ശ്രമിക്കുന്നത്. ജമ്മു കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ കരുതല്‍ തടങ്കലിലായിട്ട് മാസങ്ങളായി. വിദേശ രാജ്യങ്ങളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ടെന്ന് ഇത് കണ്ടില്ലെന്ന് നടിക്കാനാണ് സര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ അതിന് കനത്ത വിലനല്‍കേണ്ടതായി വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us