കേരളം

ഉന്നത നേതാക്കളുടെ പരസ്യമായ വിമതനീക്കത്തില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി ! കെപിസിസിയോട് വിശദീകരണം തേടി. എഐസിസി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയ്ക്ക് പദവി നല്‍കുന്നത് പുനപരിശോധിക്കും. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ദേശീയ തലത്തിലെ ജി 23 നേതാക്കളുടെ പിന്തുണയോടെയുള്ള കളികളെന്ന് ഹൈക്കമാന്‍ഡിന് സംശയം ! നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോഴില്ലാത്ത വിഷമം ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചപ്പോഴുണ്ടായതില്‍ ഹൈക്കമാന്‍ഡിന് അമ്പരപ്പ് !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 30, 2021

ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷ പട്ടിക വന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ കലാപം തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ നടപടിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പരസ്യ പ്രസ്താവന ശരിയായില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ഗാന്ധി അടക്കം ചര്‍ച്ച നടത്തിയിരുന്നു. രാഹുല്‍ ഇരു നേതാക്കളെയും ഡല്‍ഹിക്ക് വിളിച്ചാണ് ചര്‍ച്ച നടത്തിയത്. അന്നു ഇരു നേതാക്കളും അദ്ദേഹത്തോട് കാര്യമായ പരാതികളൊന്നും പറഞ്ഞിരുന്നില്ല.

ഇരു നേതാക്കളോടും കേരളത്തിലെ നേതൃത്വം ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇരു ഗ്രൂപ്പു നേതാക്കളും പ്രതീക്ഷിച്ചിരുന്നതുപോലെ തങ്ങള്‍ ചില പാനല്‍ കേരളത്തില്‍ തയ്യാറാക്കും. പിന്നീട് ഡല്‍ഹി ചര്‍ച്ചയില്‍ ഈ പാനലിനെ വെട്ടിനിരത്തി തങ്ങളുടെ മനസിലിരുന്നവരെ ഹൈക്കമാന്‍ഡിന് മുന്നില്‍ അവതരിപ്പിച്ച് സ്ഥാനങ്ങളില്‍ ഇരുത്തും.

പക്ഷേ ഇത്തവണ ഉമ്മന്‍ചാണ്ടിയോടും രമേശിനോടും ചര്‍ച്ച ചെയ്തപ്പോള്‍ രമേശ് പട്ടിക നല്‍കാതെ ചില നാടകം കളി നടത്തി. എന്നാല്‍ ഉമ്മന്‍ചാണ്ടിയാകട്ടെ പാനല്‍ നല്‍കിയെങ്കിലും രമേശ് പേരുകള്‍ എഴുതി നല്‍കുന്നില്ലെന്നു വന്നതോടെ കളം മാറ്റി ചവിട്ടി. ഇരു നേതാക്കളും ചേര്‍ന്ന് പുനസംഘടന അനിശ്ചിതമായി നീട്ടാനായിരുന്നു പദ്ധതിയിട്ടത്.

എന്നാല്‍ യഥാസമയം വിഡി സതീശനും കെ സുധാകരനും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഗ്രൂപ്പു നേതാക്കള്‍ പറഞ്ഞ പ്രകാരമുള്ള പേരുകള്‍ ഉള്‍പ്പെടുത്തി ഡല്‍ഹിയിലും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും ഹൈക്കമാന്‍ഡ് പ്രതിനിധികളും പങ്കെടുത്തു.

കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമായാണ് കെപിസിസി പ്രസിഡന്റ് ഒഴികെയുള്ള മറ്റു നേതാക്കള്‍ ഇത്തരമൊരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നേതൃത്വം ഒന്നടങ്കം ഗ്രൂപ്പിനതീതമായി തീരുമാനമെടുത്തിട്ടും മുതിര്‍ന്ന നേതാക്കള്‍ക്ക് ഇക്കാര്യം ബോധ്യപ്പെടാത്തതിലാണ് ഹൈക്കമാന്‍ഡിന് അമര്‍ഷം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഉണ്ടായപ്പോഴില്ലാത്ത വിഷമം ഡിസിസി പുനസംഘടനയില്‍ പല നേതാക്കള്‍ക്കും ഉണ്ടായത് ഹൈക്കമാന്‍ഡിനെ അമ്പരപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തെ മുതിര്‍ന്ന ഗ്രൂപ്പു നേതാക്കള്‍ ഗൗനിക്കാത്തതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടായിരുന്നു. അതിനു പിന്നാലെയാണ് മുതിര്‍ന്ന നേതാക്കള്‍ പുതിയ പോര്‍മുഖം തുറക്കുന്നത്. ഇത് കേന്ദ്രത്തിലെ തിരുത്തല്‍വാദികളുടെ രീതിപോലെ പാര്‍ട്ടിയെ പരസ്യമായി വെല്ലുവിളിക്കാനാണോയെന്നും നേതൃത്വം സംശയിക്കുന്നു.

ഇതോടെ പുതിയ എഐസിസി പുനസംഘടനയില്‍ രമേശ് ചെന്നിത്തലയുടെ സ്ഥാനം തുലാസിലായി കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയേയും ഇത്തവണ ഒഴിവാക്കാനിടയുണ്ട്.

×