കേരളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജിക്ക് വേണ്ടി പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷ തീരുമാനം ! പ്രതിപക്ഷത്തിന്റെ ലക്ഷ്യം മുഖ്യമന്ത്രിയും ജോസ് കെ മാണിയും. ശിവന്‍കുട്ടിക്കെതിരായ സമരം തുടരുന്നതിലൂടെ നിയമസഭാ കയ്യാങ്കളി സജീവമാക്കാമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് ! കെഎം മാണിയെ തടഞ്ഞ കേസില്‍ തുടര്‍ച്ചയായി സിപിഎമ്മിനെ ന്യായീകരിക്കുന്നതില്‍ കേരളാ കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടാകുമെന്നും കോണ്‍ഗ്രസിന്റെ ചിന്ത ! കെടാത്ത തീയും ചാകാത്ത പുഴുവും നോട്ടെണ്ണല്‍ യന്ത്രവും സിപിഎമ്മിന്റെ ചിലവില്‍ നിയമസഭയും പുറത്തും ചാനല്‍ ചര്‍ച്ചകളിലും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ! ശിവന്‍കുട്ടി രാജിവച്ചാല്‍ കോട്ടം തനിക്കെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞെന്ന് പ്രതിപക്ഷം. ലാവ്‌ലിനില്‍ വിധി എതിരായാല്‍ പിണറായിക്ക് തുടരാന്‍ ശിവന്‍കുട്ടിയുടെ കീഴ് വഴക്കം തന്നെ ആശ്രയമെന്നും പ്രതിപക്ഷം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 30, 2021

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടേണ്ടി വരുന്ന മന്ത്രി വി ശിവന്‍കുട്ടി രാജിവയ്ക്കണമെന്ന ആവശ്യവുമായി സമരം തുടരാന്‍ പ്രതിപക്ഷ തീരുമാനം. ഈ വിഷയത്തില്‍ നിയമസഭ ഇന്നും പ്രഷുബ്ദമാകാനാണ് സാധ്യത. സഭയ്ക്ക് പുറത്തും സമരം വ്യാപിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

നേരത്തെ കേസില്‍ സുപ്രീംകോടതി വിധി എതിരായാലും മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിവന്‍കുട്ടി രാജിവയ്ക്കില്ല എന്നു പ്രതിപക്ഷത്തിന് ഉറപ്പുണ്ട്. പക്ഷേ സിപിഎം നിലപാട് പൊതുമധ്യത്തില്‍ തുറന്നു കാണിക്കാന്‍ മന്ത്രിക്കെതിരായ സമരം സഹായിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.

പ്രതിപക്ഷ സമരം തുടരുന്ന പശ്ചാത്തലത്തില്‍ എന്നും മുഖ്യധാര മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ചിത്രം മന്ത്രി ശിവന്‍കുട്ടി നിയമസഭാ ബഞ്ചിനു മുകളിലൂടെ മുണ്ടും മടക്കിക്കുത്തി ചാടി നടക്കുന്നതു തന്നെയാകും. ഇതു വലിയ നാണക്കേട് ഭരണപക്ഷത്തിനുണ്ടാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതും പ്രതിപക്ഷം ലക്ഷ്യമിടുന്നുണ്ട്.

ഒപ്പം എല്‍ഡിഎഫില്‍ ചില വിള്ളലുകള്‍ വീഴ്ത്താനും യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. കെഎം മാണിയെ തടഞ്ഞ കേസില്‍ സിപിഎമ്മിനെ തുടര്‍ച്ചയായി ന്യായീകരിക്കേണ്ടി വരുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിനെയും പ്രതിസന്ധിയിലാക്കും.

അന്നു കെഎം മാണിയെ ഇടതു നേതാക്കള്‍ വിശേഷിപ്പിച്ച പല വാക്കുകളും ഇന്നു കോണ്‍ഗ്രസ് നേതാക്കള്‍ അവരെ ഉദ്ധരിച്ച് പറയുന്നതു കൊള്ളുന്നത് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെയാണ്. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തില്‍ മാണി പോകുമെന്ന പ്രസംഗമൊക്കെ പ്രതിപക്ഷം ഇന്നു സിപിഎം ചിലവില്‍ പറയുമ്പോള്‍ അതു ചെന്നു കൊള്ളുന്നത് സഭയിലുള്ള കേരളാ കോണ്‍ഗ്രസ് എം നേതാക്കളിലാണ്.

കെഎം മാണി ഇതോടെ കൂടുതല്‍ അപമാനിതനാകുകയാണെന്നെതാണ് വാസ്തവം. കേരള കോണ്‍ഗ്രസിലും ഇതു കടുത്ത പ്രതിസന്ധിയുണ്ടാക്കും. അതിനിടെ ശിവന്‍കുട്ടി രാജിവയ്ക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്നാണ് പ്രതിപക്ഷ ആരോപണം. സുപ്രീംകോടതി നിര്‍ദേശപ്രകാരം വിചാരണ നേരിടേണ്ടിവന്നാലും മന്ത്രി രാജിവെക്കാത്തത് പുതിയ കീഴ്വഴക്കം ലക്ഷ്യമിട്ടാണെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.

ലാവലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഇതില്‍ മുഖ്യമന്ത്രി വിചാരണ നേരിടണമെന്നാണ് വിധിവരുന്നതെങ്കില്‍ കീഴ്വഴക്കം അദ്ദേഹത്തിനും തുണയാകും. ഇതു മനസില്‍ കണ്ടിട്ടാണ് മുഖ്യമന്ത്രി ശിവന്‍കുട്ടിയുടെ രാജി ഇല്ല എന്നു പറയുന്നതെന്നും പ്രതിപക്ഷനേതാക്കള്‍ പറയുന്നു. ഇതു മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

×