താപനില ഏറ്റവും കൂടിയ ലോകത്തിലെ 15 സ്ഥലങ്ങളിൽ പത്ത് എണ്ണവും ഇന്ത്യയിൽ; ഉയർന്ന താപനില 50 ഡിഗ്രി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, May 27, 2020

ഡല്‍ഹി: താപനില ഏറ്റവും കൂടിയ ലോകത്തിലെ 15 സ്ഥലങ്ങളിൽ പത്ത് എണ്ണവും ഇന്ത്യയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ പത്തെണ്ണം ഇന്ത്യയിലും മറ്റുള്ളവ പാകിസ്താനിലുമാണെന്ന് കാലാവസ്ഥ നിരീക്ഷണ വെബ്സൈറ്റായ എൽ ഡൊറാഡോ. രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിലാണ്.

ജയ്‌പൂരിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള നഗരത്തിൽ ചൊവ്വാഴ്ച്ച 50 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെട്ടത്. പാകിസ്താനിലെ ജാക്കോബാബാദിലും സമാനമായ രീതിയിൽ താപനില രേഖപ്പെടുത്തിയിരുന്നു.

പട്ടികയിൽ രാജസ്ഥാനിലെ ബിക്കാനീർ, ഗംഗനഗർ, പിലാനി എന്നിവയുമുണ്ട്. ഉത്തർ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ രണ്ട് നഗരങ്ങൾ വീതവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. യുപിയിലെ ബന്ദയിലും ഹരിയാനയിലെ ഹിസാറിലും ചൊവ്വാഴ്ച 48 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.

ഡൽഹി 47.6 ഡിഗ്രി സെൽഷ്യസ്, ബിക്കാനീർ 47.4, ഗംഗാനഗർ, ഝാൻസി 47, പിലാനി 46.9, നാഗ്പൂർ സോനെഗാവ് 46.8, അക്കോള 46.5 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില.

മെയ് 22 മുതൽ ചുരുവിൽ കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ഓരോ ദിവസവും ഇത് വർധിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ചുരുവിൽ അനുഭവപ്പെട്ട രണ്ടാമത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്‌. 2016 മെയ് 19 ന് രേഖപ്പെടുത്തിയ 50.2 ഡിഗ്രിയാണ് ഇതുവരെ മെയ് മാസത്തിൽ അനുഭവപ്പെട്ട ഉയർന്ന ചൂട്.

×