‘ഒരു പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം’; സബിത മഠത്തിലിന് മറുപടിയുമായി പി ജയരാജൻ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Sunday, January 19, 2020

കോഴിക്കോട്:  യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അലൻ ശുഹൈബിന്റെ അമ്മ സബിത മഠത്തിലിന് മറുപടിയുമായി സിപിഐഎം നേതാവ് പി ജയരാജൻ. അലൻ എസ്എഫ്‌ഐയുടെ നേതാവായിരുന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ സിപിഐഎം മെമ്പറാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവർത്തിച്ചു എന്നാണ് സൂചിപ്പിച്ചതെന്നും ജയരാജൻ വ്യക്തമാക്കി. അലന്റെ രാഷ്ട്രീയത്തിന് ജയരാജന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് സബിത പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ജയരാജൻ എത്തിയത്.

പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റ്, അലൻ താമസിക്കുന്ന മുറിയിലെത്തിയിരുന്നുവെന്ന് സഹ വിദ്യാർത്ഥികൾ വ്യക്തമാക്കിയതാണ്.

പാലയാട് യൂണിവേഴ്‌സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റുഡന്റ്‌സ് കൾച്ചറൽ ഫോറം എന്ന വേദി രൂപീകരിക്കാൻ ശ്രമിച്ചതും അതിന്റെ നേതൃത്വത്തിൽ സെമിനാർ നടത്താൻ തീരുമാനിച്ചതും എസ്എഫ്‌ഐ നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നുവെന്നും ജയരാജൻ പറയുന്നു. ഒരു പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

എസ്എഫ്‌ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണ് അലനും താഹയുമെന്നും പി ജയരാജൻ നേരത്തേ ആരോപിച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് അലന്റെ രാഷ്ട്രീയത്തിന് ജയരാജന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ജയരാജൻ പറഞ്ഞത്.

×