/sathyam/media/post_attachments/NoehC1R6Pz5A1CtTnBp2.jpg)
കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പതിമൂന്നാം പ്രതിയായിരുന്നു ഇന്ന് അന്തരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍.
ടി.പി. വധത്തിനു ശേഷം അന്വേഷണം ഊർജിതമായതോടെ മൈസൂർ, ബെംഗളൂരു, ബൽഗാം തുടങ്ങിയ സ്‌ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു. 2012 ജൂലൈ 23ന് വടകര മജിസ്‌ട്രേട്ട് കോടതിയിലെത്തി കുഞ്ഞനന്തൻ കീഴടങ്ങി. 2014 ജനുവരി 24നാണ് ഗൂഢാലോചന കേസില്‍ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
എന്നാല്‍ ഒരിക്കലും സിപിഎം കുഞ്ഞനന്തനെ കുറ്റവാളിയായി കണ്ടിട്ടില്ല. ടിപി വധക്കേസില്‍ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടായിരുന്നു സിപിഎം സ്വീകരിച്ചത്. അതുകൊണ്ട് തന്നെയാണ് മറ്റു രണ്ടു പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയാകമ്മിറ്റിയില്‍ നിലനിര്‍ത്തിയത്. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുഞ്ഞനന്തന്‍ പരോളിറങ്ങിയുമെത്തി.
പാനൂരില്‍ സിപിഎമ്മിനെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു കുഞ്ഞനന്തന്‍. ജയിലിലായിരിക്കുമ്പോഴും പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലേക്ക് കുഞ്ഞനന്തന്‍ തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയും കുഞ്ഞനന്തനും തമ്മിലുള്ള ബന്ധം അത്രയ്ക്ക് കരുത്തേറിയതായിരുന്നു.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നിരന്തരം പരോളുകള്‍ ലഭിച്ചതോടെ കുഞ്ഞനന്തന്‍ വീണ്ടും വിവാദകേന്ദ്രമായി. 257 ദിവസമാണ് സര്‍ക്കാര്‍ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത്. സാധാരണ പരോള്‍ 135 ദിവസവും വിവിധ ആവശ്യങ്ങള്‍ക്കുള്ള അടിയന്തര പരോള്‍ 122 ദിവസവും ലഭിച്ചു. അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനുവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതരായ കേളോത്താന്റവിടെ കണ്ണന്‍ നായരുടെയും, കുഞ്ഞിക്കാട്ടില്‍ കുഞ്ഞാ നമ്മയുടെയും മകനായിട്ടായിരുന്നു കുഞ്ഞനന്തന്റെ ജനനം. കണ്ണങ്കോട് യു.പി.പി സ്‌കൂളിലെ പഠനത്തിന് ശേഷം അമ്മാവന്‍ ഗോപാലന്‍ മാസ്റ്ററുടെ പാത പിന്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. 15 വര്‍ഷത്തോളം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ല കമ്മിററിയംഗമായും പ്രവര്‍ത്തിച്ചു.1980 മുതല്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം.
പികെ കുഞ്ഞനന്തനെ അനുസ്മരിച്ച് സിപിഎം നേതാക്കള്‍
പാര്‍ട്ടിയെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പാര്‍ട്ടിപ്രവര്‍ത്തകരോടും സമൂഹത്തോടും കരുതല്‍ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.
രാഷ്ട്രീയ ശത്രുക്കള്‍ക്ക് പോലും അദ്ദേഹം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു. അത്രമാത്രം ജനകീയനായ നേതാവിനെ കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി പീഡനകാലമായിരുന്നു കുഞ്ഞനന്തേട്ടനെ സംബന്ധിച്ച്. കള്ള കേസുകളും, കള്ള പ്രചാര വേലയും കുഞ്ഞനന്തേട്ടൻ എന്ന കമ്മ്യൂണിസ്റ്റിനെ തുടർച്ചയായി വേട്ടയാടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാനൂരിലും പരിസരത്തും മാർക്സിസ്റ് വിരുദ്ധരുടെ കടന്നാക്രമണങ്ങളെ വെല്ലുവിളിച്ച് ചെങ്കൊടി ഉയർത്തിപ്പിടിച്ച ധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് കുഞ്ഞനന്തനെന്ന് സിപിഎം നേതാവ് പി ജയരാജന്‍ അനുസ്മരിച്ചു. എ സമ്പത്ത്, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കളും കുഞ്ഞനന്തനെ അനുസ്മരിച്ചു....
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us