തിരുവനന്തപുരം: കിറ്റക്‌സിലെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പരിശോധനകള്‍ ന്യായവും നിയമപരവുമാണ്. കോടതികളടക്കമുള്ള സംവിധാനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ്പരിശോധന നടത്തിയത്. സര്‍ക്കാരോ വകുപ്പോ മുന്‍കയ്യെടുത്ത് ബോധപൂര്‍വം പരിശോധന നടത്തിയിട്ടില്ല.
പരിശോധന നടത്തിയത് കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിലാണ്. ബെന്നി ബെഹനാന്റെ പരാതിയിലാണ് ആദ്യം പരിശോധന നടത്തിയത്. പിന്നീട് പി,ടി. തോമസ് എം.എല്‍.എ വിഷയം നിയമസഭയില്‍ ഇന്നയിച്ചു. സീറോ ലിക്വിഡ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് പി.ടി. തോമസ് സഭയില്‍ അറിയിച്ചുവെന്നും രാജീവ് പറഞ്ഞു. വനിത ജീവനക്കാരിയുടെ ശബ്ദ സന്ദേശത്തെ തുടര്‍ന്നും പരിശോധന ഉണ്ടായെന്നും മന്ത്രി അറിയിച്ചു.
പരിശോധനകളെ സംബന്ധിച്ച് ഔദ്യോഗിക പരാതി നല്‍കാതെ കിറ്റക്സ് മേധാവി സാബു എം ജേക്കബ് സംസ്ഥാന സര്‍ക്കാരിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിനും സര്‍ക്കാരിനുമെതിരെ അതീവ ഗൗരവതരമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. കടുത്ത അധിക്ഷേപത്തിന് അര്‍ഹമായതൊന്നും കേരളവും സര്‍ക്കാരും ചെയ്തിട്ടില്ല. ഉത്തർപ്രദേശ് മാതൃകയാക്കണമെന്ന് കിറ്റെക്സിന്റെ എംഡിയുടെ പ്രസ്താവന പരിഹാസ്യമാണെന്നും പി.രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിറ്റക്‌സില്‍ നടന്ന പരിശോധനകള്‍ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചു. പരിശോധന നടക്കുന്ന സമയം ഒരു പരാതിയും കമ്പനി മാനേജ്‌മെന്റ് പ്രകടിപ്പിച്ചിട്ടില്ല. പരിശോധന കഴിഞ്ഞിട്ടും ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉള്ളതായി ഏതെങ്കിലും വകുപ്പുകളെ കമ്പനി മാനേജ്‌മെന്റ് അറിയിച്ചിട്ടില്ല.
പരാതികള്‍ ഉണ്ടെങ്കില്‍ വ്യവസായ വകുപ്പിനെ അറിയിക്കാന്‍ ടോള്‍ ഫ്രീ സംവിധാനമുണ്ട്. വേണമെങ്കില്‍ മന്ത്രിയെ നേരിട്ടോ മുഖ്യമന്ത്രിയെ തന്നെയോ വിളിക്കാം. എന്നാല്‍ കിറ്റക്‌സ് മുതലാളി ചെയ്തത് ഇതൊന്നും പ്രയോജനപ്പെടുത്താതെ സമൂഹമാധ്യമങ്ങളെ ആരോപണങ്ങള്‍ ഉന്നയിക്കാനായി തിരഞ്ഞെടുത്തു.
കിറ്റക്‌സില്‍ പരിശോധന നടന്നതുസംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്ന ഉടനെ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തെ ഫോണില്‍ കിട്ടാത്തതിനാല്‍ അദ്ദേഹത്തെ സഹോദരനെ വിളിച്ചു. വളരെ സൗഹാര്‍ദപരമായാണ് സംസാരിച്ചത്. പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കി. ജില്ലാ വ്യവസായ കേന്ദ്രം മാനേജരും അവരുമായി ബന്ധപ്പെട്ടെന്നും മന്ത്രി പറഞ്ഞു.