പകിടകളി

സത്യം ഡെസ്ക്
Tuesday, June 30, 2020

ചേർത്തുനിർത്തണമെന്ന്
നീ മോഹിക്കുന്നതുകൊണ്ടാണ്
വിരിഞ്ഞ നെഞ്ച് എനിക്ക്
പ്രൗഢിയായത്

കരുതൽ നീ കൊതിക്കുന്നതുകൊണ്ടാണ്
ഞാൻ നാഥനായത്

നീ വിചാരിക്കുന്നതുകൊണ്ടാണ്
ഞാൻ രാത്രിയെ ഭയക്കാത്തത്

നിന്റെ കല്പനകളിലാണ്
ഞാൻ ധൈര്യശാലിയായത്

നീ പ്രതീക്ഷിക്കുന്നതുകൊണ്ടാണ്
ഞാൻ തീരുമാനങ്ങളെടുക്കുന്നത്

നിന്റെ സങ്കല്പനങ്ങളിൽ മാത്രമാണ്
ഞാൻ രൂപപ്പെടുന്നത്

നിന്റെ ചാരുതകൾ മറിച്ചായിരുന്നെങ്കിൽ
ഞാൻ പേടിച്ച് മരിച്ചുപോയേനെ

പ്രതിഷ്ഠിക്കാതെനോക്കൂ
അപ്പോൾ തീരുന്നതേയുള്ളൂ
എന്റെ പകിടകളികൾ

സുധി കോട്ടൂർ

×