ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു ! ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക് ഭരണകൂടം; 'വൈറ്റ് ഹൗസ്, സൗദി മോസ്‌കിന് സമീപം, ക്ലിഫ്ടണ്‍, കറാച്ചി' , ദാവൂദിന്റെ മേല്‍വിലാസമടക്കം പുറത്ത്‌

New Update

publive-image

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കറാച്ചിയിലാണ് താമസിക്കുന്നതെന്ന് സമ്മതിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍. 1993ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനപരമ്പരകളുടെ മുഖ്യസൂത്രധാരകനായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് പാക് ഭരണകൂടം ഇതാദ്യമായാണ് സമ്മതിക്കുന്നത്. ദാവൂദിന് പാകിസ്ഥാനാണ് അഭയം നല്‍കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴെല്ലാം അത് നിഷേധിക്കുകയായിരുന്നു പാക് ഭരണകൂടത്തിന്റെ പതിവ്.

Advertisment

ദാവൂദ് ഇബ്രാഹിം, ഹഫീസ് സയിദ്, മസൂദ് അസര്‍ എന്നിവരുള്‍പ്പെടെയുള്ള ഭീകരര്‍ക്കും അവരുടെ സംഘടനകള്‍ക്കും കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതായും പാകിസ്ഥാന്‍ പറയുന്നു. ഇവരുടെ സ്വത്തുകള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

തീവ്രവാദസംഘടനകളെ സഹായിക്കുന്നതിന് പാകിസ്ഥാന് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പാകിസ്ഥാന്റെ ഈ നീക്കം. പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) 2018 ജൂണില്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

തീവ്രവാദത്തിനെതിരായ നടപടി സ്വീകരിക്കാന്‍ 2019 അവസാനം വരെ എഫ്എടിഎഫ് പാകിസ്ഥാന് സമയം അനുവദിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ സമയപരിധി പിന്നീട് ദീര്‍ഘിപ്പിക്കുകയായിരുന്നു.

മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനും ജമാഅത്ത് ഉദ് ദാവ തലവനുമായ ഹര്‍ഫീസ് സയീദ്, ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കും ഇവരുടെ സംഘടനകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ഓഗസ്റ്റ് 18ന് പാകിസ്ഥാന്‍ രണ്ട് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

'വൈറ്റ് ഹൗസ്, സൗദി മോസ്‌കിന് സമീപം, ക്ലിഫ്ടണ്‍, കറാച്ചി' എന്നതാണ് ദാവൂദ് ഇബ്രാഹമിന്റെ മേല്‍വിലാസമെന്ന് പാക് അധികൃതര്‍ പറയുന്നു. കൂടാതെ കറാച്ചി ഹൗസിംഗ് അതോറിറ്റിയില്‍ ഒരു വീടും നൂറാബാദില്‍ ഒരു ബംഗ്ലാവും ദാവൂദിനുണ്ടെന്നും ഇവര്‍ പറയുന്നു.

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യയും യുഎന്നും അടക്കം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇതെല്ലാം പാകിസ്ഥാന്‍ നിഷേധിക്കുകയായിരുന്നു. 1993ലെ മുംബൈ സ്‌ഫോടനാക്രമണ പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യ തേടുന്ന കൊടുംഭീകരനായി ദാവൂദ് മാറി.

ഭീകരാക്രമണത്തിന് പുറകേ കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കൊടും കുറ്റകൃത്യങ്ങള്‍ക്കും ഇയാള്‍ നേതൃത്വം കൊടുത്തിരുന്നു. അല്‍ ക്വയ്ദ, ലഷ്‌കര്‍ ഇ തായിബ എന്നീ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ദാവൂദാണെന്ന് യുഎസും ആരോപിച്ചിരുന്നു.

Advertisment