പാകിസ്ഥാനിൽ യാത്രാവിമാനം കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തകർന്നുവീണതായി റിപ്പോർട്ട്: വിമാനത്തിൽ ഉണ്ടായിരുന്നത് 99 യാത്രക്കാർ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, May 22, 2020

കറാച്ചി: പാകിസ്ഥാനിൽ യാത്രാവിമാനം കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തകർന്നുവീണതായി റിപ്പോർട്ട്. ലാഹോറിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പേ തകർന്നുവീണതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാന്‍റെ അന്താരാഷ്ട്ര വിമാനസർവീസായ, പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനമാണ് തകർന്നത്.

വിമാനത്തിൽ 99 യാത്രക്കാരുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. 9 ജീവനക്കാരും 91 യാത്രക്കാരുമാണ് വിമാനത്താവളത്തിലുണ്ടായിരുന്നത് എന്നാണ് വിവരം, ലാൻഡ് ചെയ്യുന്നതിന് ഒരു നിമിഷം മുമ്പാണ് വിമാനം തകർന്ന് വീണത്. എയർബസ് എ-320 വിമാനമാണ് തകർന്നത്.

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡൽ വില്ലേജിലേക്കാണ് യാത്രാ വിമാനം ഇടിച്ചിറങ്ങിയിരിക്കുന്നത്. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിക്കുന്നത്.

കറാച്ചി വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനവാസമേഖലയ്ക്ക് അടുത്ത് പൂ‍ർണമായ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാൽ അകത്തേക്ക് കയറാൻ രക്ഷാപ്രവർത്തകർക്ക് ആകുന്നില്ല.

×