/sathyam/media/post_attachments/jgGcjTpCzIuia2aO3Lo6.jpg)
ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്റെ തോല്‍വിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ താരം ഷോയബ് അക്തര്‍ രംഗത്ത്. വിഭജനകാലം മുതലുള്ള തോല്‍വി ആവര്‍ത്തിച്ച് പാക് ടീം തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് അക്തര്‍ വിമര്‍ശിച്ചു.
മത്സരത്തിന്റെ ഭൂരിഭാഗവും ആധിപത്യം പുലര്‍ത്തിയിട്ടും തോറ്റതാണ് അക്തറിനെ ചൊടിപ്പിച്ചത്. ബാറ്റ്‌സ്മാന്‍മാര്‍ നിരുത്തരവാദപരമായാണ് കളിച്ചതെന്നും തെറ്റായ ഷോട്ടുകളാണ് തിരഞ്ഞെടുത്തതെന്നും അക്തര്‍ പറഞ്ഞു.
ബാറ്റ്‌സ്മാന്‍മാരാണ് മത്സരം നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഷാന്‍ മസൂദിനെ രണ്ടാം ഇന്നിങ്‌സില്‍ നിര്‍ഭാഗ്യം പിടികൂടി. എങ്കിലും അദ്ദേഹം തന്റെ റോള്‍ മികച്ചതാക്കി. സ്വന്തം പിഴവ് കൊണ്ട് മാത്രമാണ് ആസാദ് ഷഫീഖ് റണ്‍ ഔട്ടായത്. മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ബാബര്‍ അസം തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും അക്തര്‍ പറഞ്ഞു.
ബൗളര്‍മാരെയും മുന്‍താരം വിമര്‍ശിച്ചു. യുവതാരം നസീം ഷാ അക്രമണോത്സുകത കാണിച്ചില്ല. ക്രിസ് വോക്‌സ് ബാറ്റു ചെയ്യാനെത്തിയപ്പോള്‍ ശിരസായിരുന്നു ഉന്നമിടേണ്ടിയിരുന്നതെന്നും ബാറ്റ്‌സ്മാനെ നിരന്തരം ശല്യപ്പെടുത്തിയാലെ വിക്കറ്റ് ലഭിക്കൂവെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.