പാക് പോര്‍വിമാനത്തില്‍ നിന്നും അണ്വായുധ ക്രൂസ് മിസൈല്‍ തൊടുത്ത് പാകിസ്ഥാന്‍ ; ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ പരീക്ഷണം ; വീഡിയോ പുറത്ത്..

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, February 19, 2020

ഇസ്ലാമാബാദ്‌ : പാക്കിസ്ഥാൻ വ്യോമസേന (പി‌എ‌എഫ്) റാഡ് II ക്രൂസ് മിസൈൽ പരീക്ഷിച്ചു. 600 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്കാണ് വിമാനത്തിൽ നിന്ന് മിസൈൽ തൊടുത്തത്. പരീക്ഷണത്തിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വെളിപ്പെടുത്താത്ത സ്ഥലത്താണ് പരീക്ഷണം നടന്നത്. ഇന്ത്യക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് പാക്കിസ്ഥാന്റെ പുതിയ ക്രൂസ് മിസൈൽ പരീക്ഷണം.

വ്യോമസേനയുടെ മിറാഷ് 3 ജെറ്റിൽ നിന്നാണ് റാഡ് II വിക്ഷേപിച്ചതെന്ന് സൈന്യത്തിന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ‌എസ്‌പി‌ആർ) അറിയിച്ചു. ഏജൻസി പുറത്തുവിട്ട ഫൂട്ടേജുകളിൽ ക്രൂസ് മിസൈൽ വിമാനത്തിൽ നിന്ന് വേർപെടുത്തുന്നതും എൻജിൻ പ്രവർത്തിക്കുന്നതും ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് താഴ്ന്ന് പറക്കുന്നതും കാണാം.

കൃത്യതയോടെ ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിന് അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങളാണ് റാഡ്- II ഉപയോഗിച്ചിരിക്കുന്നതെന്ന് ഐഎസ്പിആർ പ്രസ്താവനയിൽ പറയുന്നു. വിജയകരമായ ക്രൂസ് മിസൈൽ പരീക്ഷണത്തിന് മുതിർന്ന പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ സാക്ഷ്യം വഹിച്ചു.

വിജയകരമായ പരീക്ഷണത്തെ പാക്കിസ്ഥാന്റെ പ്രതിരോധ ശേഷി പൂർത്തീകരിക്കുന്നതിനുള്ള ഒരു പ്രധാന പടിയാണെന്ന് ഡയറക്ടർ ജനറൽ സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷൻ ലെഫ്റ്റനന്റ് ജനറൽ നദീം സാകി മഞ്ജ് പറഞ്ഞു. ആയുധ സംവിധാനം വികസിപ്പിക്കുകയും വിക്ഷേപണം വിജയകരമാക്കുകയും ചെയ്ത പാക്ക് ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും സാങ്കേതിക വൈദഗ്ധ്യത്തെ അദ്ദേഹം അഭിനന്ദിച്ചു.

×