"നോക്കി നിൽക്കാതെ ഷെയറിട് ......"പോലീസു വന്നാലോ ....?അത് ഞാൻ നോക്കിക്കോളാം....."ലോഡായി " നിന്ന ടിപ്പർ ഡ്രൈവർ ഓപ്പറേഷൻ ആസ്പിൽ കുടുങ്ങി!

New Update

publive-image

"നോക്കി നിൽക്കാതെ ഷെയറിടുന്നുണ്ടോ...?"പാലാ ബിവറേജിന് സമീപം റോഡരുകിൽ പ്ലാസ്റ്റിക് ഗ്ലാസ്സുകളും വെള്ളവുമായി പരസ്യമായി രണ്ടെണ്ണം വീശി നിൽക്കുന്നതിനിടെ അടുത്തു വന്നു നിന്ന ചെറുപ്പക്കാരനോടായിരുന്നൂ ടിപ്പർ ലോറി ഡ്രൈവറുടെ ചോദ്യം.

Advertisment

ഇളം നീല ഷർട്ടും, കറുപ്പു ജീൻസും വള്ളിച്ചെരിപ്പുമിട്ട ചെറുപ്പക്കാരനൊപ്പം കരീനീല ടീ ഷർട്ടും പാൻ്റും ഷൂവും ധരിച്ച മറ്റൊരാളുമുണ്ടായിരുന്നു.

"ഷെയർ ഇട്ടാൽ രണ്ടു പേർക്കും, എൻ്റെ കൂടെ കൂടാം. ഇതു കഴിഞ്ഞ് നമുക്കൊരു ചെറുതുകൂടി വാങ്ങാം" - വീണ്ടും ടിപ്പർ ലോറി ഡ്രൈവറുടെ പ്രലോഭനം. "പോലീസെങ്ങാൻ വന്നാലോ...?" - നീല ഷർട്ടുകാരന് ആധി.

"ഇവിടെ ഒരുത്തനും വരില്ല, ധൈര്യമായിരിക്ക്, ഞാനല്ലേ പറയുന്നത് " ടിപ്പറ്കാരൻ ഇതു പറഞ്ഞു വാ മുറുക്കും മുമ്പ് ഈ ചെറുപ്പക്കാരുടെ "പിടിയിലായി '' !!!

ഇളം നീല ഷർട്ടുകാരൻ പാലാ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ടോംസൺ; കരിനീല ടീ ഷർട്ടുകാരൻ എസ്. ഐ. എം.ഡി. അഭിലാഷും !

വേഷം മാറിയെത്തിയ പോലീസ് സംഘത്തിൻ്റെ പിടിയിലായത് തൊടുപുഴക്കാരനായ ടിപ്പർ ലോറി ഡ്രൈവർ. സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ പാലാ ഡിവൈ.എസ്.പി. കെ.ബി. പ്രഫുല്ലചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തുന്ന "ഓപ്പറേഷൻ ആസ്പ്"(ആൻ്റീ സോഷ്യൽ പേഴ്സൺസ് ) ൻ്റെ ഭാഗമായാണ് എസ്. എച്ച്. ഒ. ടോംസണും, എസ്. ഐ. അഭിലാഷും സ്കാഡംഗങ്ങളായ ഷെറിൻ, അരുൺ ചന്ദ്, ശ്യാം, രഞ്ജിത്ത് എന്നിവരും മഫ്തിയിൽ നഗരത്തിലിറങ്ങിയത്. ഓപ്പറേഷൻ ആസ്പിൽ ആദ്യം കുടുങ്ങിയത് ഈ ടിപ്പർ ഡ്രൈവറാണ്. ഇയാൾക്കെതിരെ പെറ്റിക്കേസ്സെടുത്തു.

പാലാ നഗരത്തിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു തിരിയുന്ന സാമൂഹ്യ വിരുദ്ധരേയും യാത്രക്കാർക്കും വ്യാപാരികൾക്കും നഗരവാസികൾക്കും ശല്യമാകുന്ന മദ്യപാനികളെയും പിടിക്കുന്നതിനാണ് പ്രധാനമായും "ഓപ്പറേഷൻ ആസ്പ്" ( ആൻ്റി സോഷ്യൽ പേഴ്സൺസ് ) മായി പാലാ പോലീസ് രംഗത്തിറങ്ങിയത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും ബസ്സ്റ്റാൻഡുകളിലും തമ്മിൽ തല്ലും മദ്യപാനവും പതിവാക്കുന്ന സാമൂഹ്യ വിരുദ്ധർ പോലീസ് വണ്ടി കണ്ടാൽ ഓടിയൊളിക്കും. പോലീസ് പോകുമ്പോൾ പിന്നെയും ശല്യമായി പ്രത്യക്ഷപ്പെടും. ഇതു മനസ്സിലാക്കി പാലാ പോലീസ് തുടക്കമിട്ട ഓപ്പറേഷൻ ആസ്പി -നെ നയിക്കുന്നത് എസ്. എച്ച്. ഒ .കെ .പി . ടോംസണാണ്.

publive-image

നഗരത്തിലെ ബസ് സ്റ്റാൻഡുകളിലും, ബീവറേജ് വിൽപ്പന കേന്ദ്ര പരിസരങ്ങളിലും, സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും വിഹാരകേന്ദ്രങ്ങളാണ് . ടൗൺ ബസ് സ്റ്റാൻഡിലും പരിസരത്തും ഇവർ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും അസഭ്യവർഷവും പതിവായിരുന്നു. അതു കൊണ്ടാണ് നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിൽ മഫ്തിയിൽ റോന്തു ചുറ്റാൻ ഓപ്പറേഷൻ ആസ്പ് ടീം തീരുമാനിച്ചത്.

ഓപ്പറേഷൻ്റെ ആദ്യ ദിനത്തിൽ ബസ് സ്റ്റാൻഡുകൾ, ബീവറേജ് ഔട്ട്‌ലെറ്റുകൾ, സിവിൽ സ്റ്റേഷൻ, ജനറൽ ആശുപത്രി, ബസ് സ്റ്റോപ്പുകൾ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മെയിൻ റോഡ്, മാർക്കറ്റ് ഭാഗം എന്നിവടങ്ങളിലാണ് പോലീസ് സംഘം വേഷം മാറി നിരീക്ഷണം നടത്തിയത്.
ഇതിനു പുറമേ പൈക, പന്ത്രണ്ടാം മൈൽ, മുരിക്കുമ്പുഴ, പ്രവിത്താനം, പയപ്പാർ, അന്തീനാട് , ഭരണങ്ങാനം, വലവൂർ , ഉള്ളനാട്, നെച്ചിപ്പൂഴൂർ, മുത്തോലി, അരുണാപുരം, കൊഴുവനാൽ, മീനച്ചിൽ, മേഖലകളിലും വരും ദിവസങ്ങളിൽ ഓപ്പറേഷൻ ആസ്പ് സംഘം തുടർ പരിശോധനകൾ നടത്തും.

Advertisment