ചിന്തു കടക്കാരൻ പൈപ്പ് പൊട്ടിച്ചു ; കുടിയൻമാർ ക്ലോസറ്റിൽ കുപ്പികളും തിരുകി, പാലാ ടൗൺ ബസ് സ്റ്റാൻഡിൽ നാലര ലക്ഷത്തോളം രൂപാ മുടക്കി അഞ്ചു മാസം മുമ്പ് പുതുക്കിപ്പണിത കംഫർട്ട് സ്റ്റേഷൻ ഇന്നലെ വീണ്ടും അടച്ചു

സുനില്‍ പാലാ
Tuesday, January 14, 2020

പാലാ: അല്ലെങ്കിലും ടൗൺ ബസ് സ്റ്റാൻഡിലെ ഈ കംഫർട്ട് സ്റ്റേഷന്റെ സ്ഥിതി എന്നും കഷ്ടത്തിലാണ്. 2017-ൽ മൂന്നര ലക്ഷത്തോളം രൂപാ മുടക്കി പണിത കംഫർട്ട് സ്റ്റേഷൻ കൃത്യം ഒരു മാസമേ പ്രവർത്തിച്ചുള്ളൂ.

കംഫർട്ട് സ്റ്റേഷനുള്ളിൽ വെച്ച് മദ്യപിച്ചവർ കുപ്പി ക്ലോസറ്റിൽ സ്ഥിരമായി തള്ളിയതോടെ വീണ്ടും ഇതു പൂട്ടേണ്ടി വന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ രണ്ടു വർഷത്തോളം കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടു .

ടൗൺ സ്റ്റാൻഡിൽ ദിവസേന എത്തുന്ന നൂറു കണക്കിനു യാത്രക്കാരും വ്യാപാരികളും ഇതോടെ വലഞ്ഞു. പരാതികളും പ്രതിഷേധവുമുയർന്നെങ്കിലും ഇതൊന്നും അന്നത്തെ നഗരസഭാധികാരികൾ ചെവിക്കൊണ്ടില്ല.

ഒടുവിൽ ടൗൺ വാർഡ് കൗൺസിലർ കൂടിയായ ബിജി ജോജോ ചെയർപേഴ്സണായതോടെ അടച്ചിട്ട കംഫർട്ട് സ്റ്റേഷൻ തുറക്കാനുള്ള നടപടികളാരംഭിച്ചു.

നാലു ലക്ഷത്തിൽപ്പരം രൂപാ ചിലവഴിച്ച് പുതിയ ടാങ്ക് നിർമ്മിച്ചു. അത്യാവശ്യ അറ്റകുറ്റപ്പണികൾക്കൂടി പൂർത്തീകരിച്ച് 5 മാസം മുമ്പാണ് കംഫർട്ട് സ്റ്റേഷൻ വീണ്ടും തുറന്നു കൊടുത്തത്.

മുമ്പ് ജനങ്ങളിൽ നിന്നും നേരിയ ഫീസ് ഈടാക്കിയായിരുന്നൂ സ്റ്റേഷന്റെ പ്രവർത്തനമെങ്കിൽ 5 മാസം മുമ്പു മുതൽ സേവനം തികച്ചും സൗജന്യമാക്കിയിരുന്നു. ഇതോടെ മദ്യപാനികൾ മദ്യക്കുപ്പികളുമായി ഇവിടേയ്ക്ക് എത്താൻ തുടങ്ങി. കുടിച്ച ശേഷം മദ്യക്കുപ്പികൾ പൊട്ടിച്ച് ക്ലോസറ്റിലിടുന്നതും പതിവായി. ഇതു തുടർന്നതോടെയാണിപ്പോൾ ക്ലോസറ്റ് നിറഞ്ഞ് ടാങ്കിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെട്ടത്

അടുത്തിടെ ജൂബിലി തിരുന്നാളിന് കംഫർട്ട് സ്റ്റേഷന്റെ വാതിൽക്കൽ ഒരു ചിന്തുകട പ്രവർത്തിച്ചിരുന്നു. ഇതിന്റെ തൂണിനായി കുഴിയെടുത്തതോടെ ഒരു പൈപ്പ് പൊട്ടി മലിന ജലം ലീക്കു ചെയ്യാനും തുടങ്ങി. ഒരു രൂപാ പോലും നഷ്ടപരിഹാരം മുനിസിപ്പാലിറ്റിക്കു നൽകാതെ കടക്കാരൻ സ്ഥലം വിടുകയും ചെയ്തു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ സ്ഥലപരിശോധന നടത്തിയപ്പോഴാണ് പൈപ്പ് പൊട്ടിയതും ക്ലോസറ്റ് ബ്ലോക്കായതും കണ്ടത്. ഇതേ തുടർന്ന് കംഫർട്ട് സ്റ്റേഷൻ അടിയന്തിരമായി അടച്ചിട്ട് അറ്റകുറ്റപ്പണികൾ ആരംഭിക്കുകയായിരുന്നു . നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്കും സ്ഥലത്തെത്തിയിരുന്നു.ഇന്ന് അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർപേഴ്ൺ മേരി ഡൊമിനിക്ക് പറഞ്ഞു.

×