/sathyam/media/post_attachments/RcN6HtNEZy3IhaVl6DbJ.jpg)
കോട്ടയം∙ പി.ജെ. ജോസഫും ജോസ് കെ. മാണിയും ഒന്നിക്കണമെന്ന ആഗ്രഹ൦ പരസ്യമാക്കി പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോം രംഗത്ത്. പാർട്ടി ഒന്നിച്ചു പോകണമെന്നാണു താൽപര്യം. എന്നാല്‍ പാർട്ടിയുടെ നിലപാടിനൊപ്പമാണു നിൽക്കുന്നതെന്നും ജോസ് ടോം പറഞ്ഞു.
ഏത് ചിഹ്നത്തില്‍ മത്സരിക്കുന്നു എന്നത് കാര്യമായ പ്രശ്നമല്ല. നേരത്തേ കുതിര ചിഹ്നം നഷ്ടമായപ്പോൾ കേരളാ കോണ്‍ഗ്രസില്‍ ആരും ആത്മഹത്യ ചെയ്തിട്ടില്ല.
പാലാ ഉപതിരഞ്ഞെടുപ്പിൽ സ്വീകാര്യനായ സ്ഥാനാർഥി വേണമെന്നാണ് പി.ജെ. ജോസഫ് പറഞ്ഞത് . യുഡിഎഫിനും ജനങ്ങൾക്കും സ്വീകാര്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നു മാത്രമാണ് ജോസഫ് പറഞ്ഞത്. അതിൽ തെറ്റില്ല.
നിഷാ ജോസ് കെ. മാണിയുടെ പേര് ചര്‍ച്ചകളിൽ അവസാന ഘട്ടം വരെയുണ്ടായിരുന്നു. വൈകിട്ട് ആറു മണിക്കാണ് കേരള കോൺഗ്രസിന്റെ സ്ഥാനാർഥി ആരെന്നു തീരുമാനിച്ചത്. അതിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ല - അദ്ദേഹം പറഞ്ഞു.
അതേസമയം , താൻ ഒരു ദൈവവിശ്വാസിയാണെന്നും ശബരിമല വിഷയം പാലായില്‍ പ്രതിഫലിക്കില്ലെന്നും എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ പറഞ്ഞു. എപ്പോഴും വിശ്വാസികളുടെ കൂടെയാണ് നിന്നിട്ടുള്ളതെന്നും മാണി സി. കാപ്പൻ പറഞ്ഞു .
എന്നാല്‍ വിശ്വാസികളോടുള്ള നിലപാട് ഉറപ്പായും പാലായിൽ പ്രതിഫലിക്കുമെന്നായിരുന്നു എൻഡിഎ സ്ഥാനാർഥി എൻ. ഹരിയുടെ പ്രതികരണം.