യാചകരെ സംരക്ഷിക്കാൻ മരിയ സദൻ തയ്യാർ – ഡയറക്ടർ സന്തോഷ്; ഉചിതമായ തീരുമാനം ഉടനെടുക്കും – മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ്

സുനില്‍ പാലാ
Friday, January 22, 2021

പാലാ: നഗരത്തിൽ തമ്പടിച്ചിരിക്കുന്ന യാചകരെ ഏറ്റെടുത്ത് പുനരധിവസിപ്പിക്കാൻ തയ്യാറാണെന്ന് പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു. ഇവർക്ക് കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ജനപ്രതിനിധികൾ തയ്യാറായാൽ മാത്രം മതി.

നിലവിൽ പാലാ നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്ന മരിയ സദനിൽ സ്ഥല പരിമിതിയുണ്ട്. എങ്കിലും യാചകരുടെ പുനരധിവാസത്തിന് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സന്തോഷമേയുള്ളൂ. ഇവർക്ക് ആവശ്യമായ എല്ലാ വിധ ചികിത്സകളും സൗജന്യമായി ലഭ്യമാക്കാമെന്നും സന്തോഷ് ജോസഫ് പറയുന്നു.

വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ മരിയസദൻ ഡയറക്ടർ സന്തോഷിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉടനെടുക്കുമെന്നും പാലാ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. വിഷയം കൗൺസിലിൽ ചർച്ച ചെയ്ത് യോജിച്ച തീരുമാനം എടുക്കും. ഇക്കാര്യത്തിൽ ഏറ്റവും മനുഷ്യത്വപരമായ സമീപനം പാലാ നഗരസഭയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും ചെയർമാൻ ആൻ്റോ ജോസ് ഉറപ്പു നൽകുന്നു.

 

×