/sathyam/media/post_attachments/zr0o15edcejmAeP7nRyP.jpg)
പാലാ:പാലാ നഗരത്തിൽ നിന്ന് മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയും സംഘവും പിടികൂടി പാലാ മരിയ സദനിലെത്തിച്ച യാചകരുടെ പൂർവ്വകാല കഥകൾ കേട്ട് ആശ്ചര്യഭരിതരായിരിക്കുകയാണ് മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫും മറ്റ് അന്തേവാസികളും .
ലഹരി പടർന്നു കയറി ദേഹം വാടിയപ്പോൾ വഴിയരുകിൽ അന്തിയുറക്കവും പകൽ യാചക വേഷവുമണിഞ്ഞ രമേശ് രാജ് ചില ഹോട്ടലുകളിൽ ചൈനീസ് കുക്കായിരുന്നു. മൂന്നു പതിറ്റാണ്ടു മുമ്പ് ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സ് പാസ്സായി പ്രമുഖ ഹോട്ടലിൽ ജോലിക്കു കയറിയ രമേശിൻ്റെ ജീവിതത്തെ വഴിവക്കിലേക്ക് തള്ളിവിട്ടത് മദ്യവും ശിഥിലമായ കുടുംബ ബന്ധങ്ങളുമാണ്.
നഗരത്തിൽ നിന്ന് തന്നെ പിടികൂടിയ മുനിസിപ്പൽ ചെയർമാനോടും ഒപ്പമുണ്ടായിരുന്ന പോലീസിനോടും മണി മണിയായി ഇംഗ്ലീഷിൽ സംസാരിച്ച രമേശ് രാജ് മരിയ സദനിൽ സന്തോഷിനോടും സംസാരിച്ചത് ഇംഗ്ലീഷിൽ മാത്രം !
അന്യർക്ക് മുമ്പിൽ കൈ നീട്ടി ജീവിതം മുന്നോട്ടു നീക്കിയ സെബാസ്റ്റ്യൻ തെരുവു സർക്കസ് കലാകാരനായിരുന്നു. സൈക്കിൾ അഭ്യാസിയും ഒപ്പം നല്ലൊരു സിനിമാറ്റിക്ക് ഡാൻസറും.
സതീശനാകട്ടെ നല്ലൊരു കുട നന്നാക്കു കാരനും. തെരുവിൽ തള്ളപ്പെടും മുമ്പ് കുടുംബ ജീവിതമുണ്ടായിരുന്നവർ. ഭിക്ഷ യാചിച്ച് ഇവർ നേടിയിരുന്നത് പ്രതിദിനം നാനൂറു മുതൽ 700 രൂപാ വരെ. ഉത്സവ- പെരുന്നാൾ സീസണുകളിൽ "വരുമാനം" ഇതിൻ്റെ മൂന്നിരട്ടി വരെ ! എത്ര കിട്ടിയാലും കിട്ടുന്ന പണത്തിന് മദ്യം അത്താഴമാക്കിയവർ. ചിലർ പ്രഭാത ഭക്ഷണം മുതൽ ലഹരി നുണയും.
താടിയും മുടിയും നീണ്ട് വൃത്തികെട്ട രൂപങ്ങളായി മാറിയ ഇവരെല്ലാം മരിയസദനിലെത്തിയതോടെ "മനുഷ്യ രൂപ"ത്തിലായി. സന്തോഷും സഹപ്രവർത്തകരും ചേർന്ന് താടിയും മുടിയും വെട്ടി, കുളിപ്പിച്ച് പുതുവസ്ത്രമണിയിച്ചതോടെ മിക്കവരും മിടുക്കന്മാരായി. ഭക്ഷണവും വസ്ത്രവും മരുന്നുമെല്ലാം ഇവിടെ സൗജന്യമാണ്.
11 യാചകരേയാണ് പാലാ നഗരസഭാധികൃതർ മരിയസദനിലെത്തിച്ചത്. ഇവരിൽ രണ്ടു ജോടി ദമ്പതികളായിരുന്നു. ഇവർക്ക് സ്വന്തമായി വീടുണ്ടായിരുന്നതിനാൽ പോലീസ് സഹായത്തോടെ ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. മേലിൽ പാലാ നഗരത്തിൽ യാചകവൃത്തിക്ക് വരരുതെന്ന നിബന്ധനയോടെ.
"വീടും കൂടുമില്ലാത്തവരെ ഞങ്ങൾ സംരക്ഷിക്കും. വൈകുന്നേരമാകുമ്പോഴേയ്ക്ക് ചിലർക്കൊക്കെ സ്വൽപ്പം അടിക്കണമെന്ന് തോന്നുകയും പറയുകയും ചെയ്യും. അത് നിരുത്സാഹപ്പെടുത്തുന്നതോടെ ശാന്തരുമാകും. രണ്ട് വർഷം മുമ്പ് ഇവിടുത്തെ യാചക പുനരധിവാസ കേന്ദ്രത്തിൽ വന്ന് നല്ല മനുഷ്യരായി മാറിയ ചിലരെയാണ് പുതുതായി വന്നവരെ നോക്കാനും ചുമതലപ്പെടുത്തിയിട്ടുള്ളത്. പതിയെ ഇവർ സാധാരണ ജീവിതത്തിലേക്ക് വരികയാണ്, സന്തോഷത്തിലേക്കും" - മരിയ സദൻ സന്തോഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us