പാലാ: നഗരസഭയിലെ തകരാറിലായ മുഴുവന്‍ കംഫര്‍ട്ട്‌സ്‌റ്റേഷനുകളും നന്നാക്കി യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും പ്രയോജനപ്പെടുത്തുന്ന വിപുലമായ പദ്ധതി - 'പ്രഥമം പ്രധാന' ത്തിന് നഗരസഭാ അധികൃതര്‍ തുടക്കമിടുന്നു.
നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ ചുമതലയിലുള്ള 'പ്രഥമം പ്രധാനം' പദ്ധതിക്ക് നഗരസഭാ ചെയര്‍മാന്‍ ആന്‍റോ ജോസ് പടിഞ്ഞാറേക്കര പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. നഗരസഭയിലാകെ 96 പൊതു ശുചിമുറികളാണുള്ളത്. ഇവിടങ്ങളിലെല്ലാം ആരോഗ്യവിഭാഗം സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലിന്‍റെ നേതൃത്വത്തില്‍ അംഗങ്ങളായ ഷീബ ജിയോ, ലിസിക്കുട്ടി മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിശ്വം എന്നിവരുള്‍പ്പെട്ട സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിക്കഴിഞ്ഞു.
ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്‍റോ ജോസ് പടിഞ്ഞാറേക്കരയ്ക്ക് സമര്‍പ്പിക്കുമെന്ന് സംഘത്തലവന്‍ ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു. നഗരസഭാ കൗൺസിലിൻ്റെ കൂടി അംഗീകാരത്തോടെയാവും പദ്ധതി പ്രാവർത്തികമാക്കുക.
ഓരോ കംഫര്‍ട്ട് സ്റ്റേഷനിലെയും പോരായ്മകളം പരിമിതികളും സംഘം പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്. പാലാ വലിയപാലത്തിന് താഴെയുള്ള കംഫര്‍ട്ട് സ്റ്റേഷന്‍റെ സ്ഥിതി പരമ ദയനീയമാണെന്ന് സംഘത്തിന് നേരിട്ട് ബോദ്ധ്യപ്പെട്ടതായി ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു.
20 ലക്ഷത്തോളം രൂപമുടക്കി പണിതീര്‍ത്ത ഈ കംഫര്‍ട്ട് സ്റ്റേഷന്‍റെ ഉള്ളിലേക്ക് കയറണമെങ്കില്‍ ചെളിയും പായലും വെള്ളവും താണ്ടേണ്ടതുണ്ട്. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടികള്‍ നിറഞ്ഞിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പില്‍ നിന്ന് വെള്ളം വീണ് ഈ കംഫര്‍ട്ട്‌സ്റ്റേഷന്റെ പ്രധാന കവാടത്തിലെ ഷട്ടര്‍ ദ്രവിച്ച നിലയിലാണ്.
ഇതിപ്പോള്‍ തുറക്കാനും സാധിക്കുന്നില്ല. സ്ത്രീകള്‍ക്കായി നീക്കിവച്ചിട്ടുള്ള ശുചിമുറികളുടെ വാതിലും സുരക്ഷിതമല്ല. ഇതിന്‍റെ അറ്റകുറ്റപ്പണികളെങ്കിലും നടത്തണമെങ്കില്‍ ചുരുങ്ങിയത് 5 ലക്ഷം രൂപയെങ്കിലും വേണമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.
കുരിശുപള്ളിക്കവലയിലെ ശുചിമുറിയുടെ അവസ്ഥയും ശോചനീയമാണ്. ഇവിടെ പൈപ്പുകള്‍ പൊട്ടിയിട്ടുണ്ട്. ഫൈബര്‍ വാതിലുകളും തകരാറിലാണ്. ളാലം പാലം ജംഗ്ഷനിലെ കംഫര്‍ട്ട്‌സ്‌റ്റേഷന്‍ ഭൂരിഭാഗവും പുതുക്കിപ്പണിയേണ്ടതാണ്. ചുരുങ്ങിയത് 6 ലക്ഷം രൂപയെങ്കിലും ഇതിനായി വേണ്ടിവന്നേക്കാം. നിര്‍മ്മാണത്തിലെ അപാകതയും ഇവിടെ പ്രശ്‌നമാണ്.
മുണ്ടുപാലത്തെ കംഫര്‍ട്ട്‌സ്‌റ്റേഷനില്‍ പലപ്പോഴും വെള്ളമില്ല. മാര്‍ക്കറ്റിന് സമീപം ളാലം തോട്ടുങ്കരയിലുള്ള കംഫര്‍ട്ട്‌സ്റ്റേഷനില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ളതായും സംഘത്തിന് ബോദ്ധ്യപ്പെട്ടു. നഗരസഭ സ്റ്റേഡിയത്തിനുള്ളില്‍ അടുത്തിടെ തുറന്നുകൊടുത്ത കംഫര്‍ട്ട്‌സ്‌റ്റേഷന്റെ വാതിലുകളും ഒന്നു രണ്ട് ഫ്‌ളഷ് ടാങ്കും തകര്‍ന്ന നിലയിലാണ്.
വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കംഫര്‍ട്ട്‌സ്‌റ്റേഷനുകള്‍ നവീകരിക്കാന്‍ വലിയൊരു തുക വേണ്ടിവന്നേക്കാം. എന്നാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇതിനുള്ള ഫണ്ടില്ല. ഏപ്രിലില്‍ തുടങ്ങുന്ന പുതു സാമ്പത്തിക വര്‍ഷത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ 'പ്രഥമം പ്രധാനം' പദ്ധതി നടപ്പാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നഗരസഭാ ആരോഗ്യസ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു