കുഴിയടച്ചു; രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ കുഴി വീണ്ടും തെളിഞ്ഞു, കുഴി കടത്താൻ ഇപ്പോൾ പോലീസും!

New Update

പാലാ : പുനലൂർ- മൂവാറ്റുപുഴ ഹൈവേയുടെ ഭാഗമായ പാലാ ളാലം പാലം ജംഗ്ഷനിലെ റൗണ്ടാനയിൽ ഇനി എന്തൊക്കെ കാണണമോ ആവോ....?

Advertisment

publive-image

ഇവിടുത്തെ കുഴികളെപ്പറ്റിയും ഇരുചക്രവാഹനങ്ങൾ തുടരെ അപകടത്തിൽ പ്പെടുന്നതിനെപ്പറ്റിയും കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു.ഇതേ തുടർന്ന് ഉടൻ കുഴിയടയ്ക്കാൻ പി.ഡബ്ലൂ. ഡി. അധികൃതരോട് നഗരസഭാ ചെയർമാൻ ആൻ്റോ ജോസും ആവശ്യപ്പെട്ടു.

പിന്നീട് റെഡിമിക്സ് ടാറുമായെത്തിയ പി.ഡബ്ലു.ഡി.ക്കാർ റൗണ്ടാനയ്ക്കു ചുറ്റുമുള്ള കുഴികളും സ്റ്റേഡിയം ഭാഗത്തേ കുഴികളും അടച്ചു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്ത് നൂറു കണക്കിനു വാഹനങ്ങൾ കടന്നു വരുന്നതിനിടെ ആയിരുന്നൂ ഈ കുഴിയടയ്ക്കൽ.

റോഡ് ബ്ലോക്ക് ചെയ്യാതെയുള്ള കുഴിയടപ്പ് തട്ടിക്കൂട്ടല്ലേയെന്ന് ചില വ്യാപാരികളും ഡ്രൈവർമാരുമൊക്കെ പി.ഡബ്ലൂ. ഡി. അധികാരികളോട് നേരിട്ടു ചോദിച്ചൂവെങ്കിലും ഇത് ഉറച്ചു കിടന്നുകൊള്ളുമെന്നായിരുന്നൂവത്രേ ഉദ്യോഗസ്ഥരുടെ മറുപടി.

കുഴിയടച്ച് ഉദ്യോഗസ്ഥർ മടങ്ങിയതിനു പിന്നാലെ ഏതാനും ടോറസ് ലോറികളും ബസ്സുകളുമൊക്കെ ഇതു വഴി ഓടി. ചെറിയൊരു മഴയും പെയ്തു. രണ്ടു മണിക്കൂറിനുള്ളിൽ കുഴിയടച്ച ടാറിംഗ് ഇളകി മറി വീണ്ടും പഴയതിലും വലിയ കുഴി.!

വീണ്ടും കുഴിയായതോടെ ഇരുചക്രവാഹനങ്ങൾ പിന്നെയും അപകടത്തിൽപ്പെട്ടു. ഇതു സംബന്ധിച്ച് നഗരവാസികളിൽ നിന്നും യാത്രക്കാരിൽ നിന്നും വ്യാപകമായ പരാതി ഉയർന്നതോടെ ഈ ഭാഗത്തെ ഗതാഗത നിയന്ത്രണത്തിനായി പാലാ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ടോംസണും സംഘവും രംഗത്തിറങ്ങി.

തിരക്കേറിയ സമയങ്ങളിലെല്ലാം കുഴിയിൽ വീണുള്ള അപകടങ്ങളൊഴിവാക്കാൻ പോലീസ് ഇവിടെ കാവൽ നിന്നു. ഇങ്ങനെ എത്ര നാൾ ....? ഉത്തരം പറയേണ്ട അധികാരികൾക്ക് മിണ്ടാട്ടമില്ല. ജനപ്രതിനിധികളും തിരിഞ്ഞു നോക്കുന്നില്ല.

നഗരഹൃദയ ഭാഗത്തെ പ്രധാന റോഡിൽ ഗർത്തം പോലെ താഴ്ചയുളള നടുവൊടിക്കുന്ന കുഴികൾ രൂപപ്പെട്ടിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കനത്ത
പ്രതിഷേധമുയര്‍ന്നിരുന്നു.

പാലാ മഹാറാണി ജങ്ഷന്‍, സ്റ്റേഡിയം ജങ്ഷന്‍, ടൗണ്‍ ബസ്റ്റാന്റ് എന്നിവിടങ്ങളിലെ വലിയ കുഴികള്‍ യാത്രക്കാർക്ക് പ്രത്യേകിച്ച് ഇരുചക്രവാഹനയാത്രക്കാർക്ക് ഇപ്പോൾ പേടി സ്വപ്നമാണ്.


പോലീസും മടുത്തു .....

ഇവിടെ കുഴികളിൽ നിരന്തരം അപകടമുണ്ടാകുന്നത് അറിഞ്ഞാണ് കുറച്ചു നേരം ഞാനുൾപ്പെടെയുള്ള പോലീസ് സംഘം വാഹനങ്ങളെ നിയന്ത്രിച്ചത്. എന്നും എപ്പോഴും ഇത് പ്രായോഗികമല്ല. എത്രയും വേഗം കുഴിയടച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് പാലാ പോലീസും പി.ഡബ്ലൂ.ഡി. അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്

  • കെ.പി. ടോംസൺ
    ഇൻസ്പെക്ടർ
    പാലാ പോലീസ് സ്റ്റേഷൻ

മഴ മാറിയാലേ പണി നടക്കൂ

പുനലൂർ -മൂവാറ്റുപുഴ ഹൈവേ ഭാഗമായ ഇവിടെ ഇന്നലെ താൽക്കാലികമായി കുഴിയടച്ചെങ്കിലും നിന്നില്ല. ഇവിടെ മറ്റു വർക്കുകൾ തൽക്കാലം നടക്കുന്നുമില്ല. ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുടെ പണി നടക്കുന്ന സമയത്ത് ഈ ഭാഗം ടാർ ചെയ്യാമെന്നാണ് വിചാരിക്കുന്നത്. അതിന് മഴ മാറേണ്ടതുണ്ട്......

  • അനു
    അസി. എഞ്ചിനീയർ
    പി.ഡബ്ലൂ.ഡി. റോഡ്സ്
    ഡിവിഷൻ,പാലാ
pala news
Advertisment