വേഷം മാറാതെയും ഈ കഥാപാത്രങ്ങൾ; ഈ ഹ്രസ്വ സിനിമയിലെ പള്ളി വികാരിയച്ചൻ യഥാർത്ഥ അച്ചൻ തന്നെ, ഹെഡ്മിസ്ട്രസ് സിസ്റ്ററും അങ്ങനെ തന്നെ, പഞ്ചായത്ത് മെമ്പർക്കും മാറ്റമില്ല. ചിത്രത്തിലെ എസ്. ഐ.യ്ക്ക് മാത്രം നേരിയ മാറ്റം; റിട്ട. എസ് ഐ ആണ് ആ കഥാ പാത്രം !

ന്യൂസ് ബ്യൂറോ, പാലാ
Wednesday, January 20, 2021

കുടക്കച്ചിറ: കുടക്കച്ചിറ സെൻ്റ് ജോസഫ്സ് എൽ. പി. സ്കൂളിൻ്റെ “ശ്വാസം” പുറത്തേക്ക് വിടുന്നത് 22-ാം തീയതി 10.30 ന് ! സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഉത്സാഹത്തിലാണ് കുട്ടികൾ . പെട്ടെന്നാണ് അദ്ധ്യാപകരും കുട്ടികളുമൊക്കെ ആ കാഴ്ച കണ്ടത്. സ്കൂളിലെ അൽപ്പം താന്തോന്നിയായ കുട്ടി നാലാം ക്ലാസ്സുകാരൻ മൊയ്തീൻ എബിൻ എന്ന സഹപാഠിയെ കുനിച്ചു നിർത്തി പുറത്തിടിക്കുന്നു.

ഇതു കണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൽഫിയും അദ്ധ്യാപകരായ ജോബിയും സ്വപ്ന ലേഖയും, എൽസമ്മയും സിജിയും സീനാ മോളുമൊക്കെ ഓടിച്ചെന്നു. കയ്യിൽ ചൂരലുമായി ചെന്ന ടീച്ചർ മൊയ്തീനിട്ട് ഒന്നു കൊടുത്തു, ആകെ അവശനായ എബിൻ ഒരു മിഠായിക്കഷണം ശർദ്ദിച്ചു.

“ടീച്ചർമാരെ മൊയ്തീൻ എന്നെ ഇടിച്ചതല്ല, എൻ്റെ തൊണ്ടയിൽ മിഠായി കുടുങ്ങി എനിക്ക് ശ്വാസം മുട്ടി ….. മൊയ്തീൻ എത്തിയില്ലായിരുന്നെങ്കിൽ…. ” അവശനാണെങ്കിലും എബിൻ ഒരു വിധം കാര്യം പറഞ്ഞൊപ്പിച്ചു. അതു വരെ മൊയ്തീനു നേരെ ദേഷ്യക്കണ്ണുകളെറിഞ്ഞ ഗുരു ജനങ്ങളുടെ കവിളുകളിൽ കണ്ണീർ ചാലിട്ടു. അവർ മൊയ്തീനെ കെട്ടിപ്പിടിച്ചു.

ഏങ്ങലടിച്ച മൊയ്തീൻ്റെ കണ്ണീരൊഴുകി ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൽഫിയുടെ വെള്ളയുടുപ്പ് കുതിർന്നു . ആ റിപ്പബ്ലിക് ദിനത്തിൽ മൊയ്തീനായി കുടക്കച്ചിറ സ്കൂളിലെ താരം. സ്കൂളിലെ കൊടിമരത്തിൽ ദേശീയ പതാക ഉയർത്താനെത്തിയ എസ്. ഐ. മോഹനനും, മാനേജർ ഫാ. മാത്യു കാലായിലും പഞ്ചായത്തു മെമ്പർ റാണി ജോസുമൊക്കെ മൊയ്തീൻ്റെ ധീരതയെയും സഹപാഠി സ്നേഹത്തേയും വാനോളം പുകഴ്ത്തി. മൈക്കിലൂടെ വികാരിയച്ചൻ്റെ വാക്കുകളൊഴുകി;

” അകത്തേയ്ക്ക് എടുത്ത ശ്വാസം പറ്റിയില്ലയെങ്കിൽ പിന്നെന്ത് ജാതി? മതം”: .. കാണികളുടെ കയ്യടി മധ്യേ സ്ക്രീനിൽ “ശ്വാസം ശുഭം ” എന്ന കുറിപ്പ്.

ഹ്രസ്വചിത്രത്തിലെ കഥാപാത്രങ്ങളും അഭിനേതാക്കളും യഥാർത്ഥ ജീവിതത്തിലും ആ “വേഷക്കാർ ” തന്നെ. സിനിമയിലെ ഫാ.മാത്യു, കുടക്കച്ചിറ സ്കൂളിൻ്റെ മാനേജരച്ച നായ റവ. മാത്യു തന്നെ. ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൽഫി, പഞ്ചായത്ത് മെമ്പർ റാണി എന്നിവർക്ക് സിനിമയിലും മാറ്റമില്ല. ഏറ്റുമാനൂർ എസ്. ഐ. ആയി റിട്ടയർ ചെയ്ത മോഹനനാണ് സിനിമയിലെ എസ്. ഐ. മോഹനൻ. മൊയ്തീനായി ജിസ് സജിയും എബിനായി എബിൻ ഡെയ്സും വേഷമിട്ടു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ പ്രശസ്ത ഹ്രസ്വ ചിത്ര സംവിധായകൻ വി. അനൂപാണ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി “ശ്വാസം” സംവിധാനം ചെയ്തത്.

22-ന് രാവിലെ 10.30 ന് പ്രമുഖ സിനിമാ താരം മിയ “ശ്വാസ ” ത്തിൻ്റെ റിലീസിംഗ് നിർവ്വഹിക്കും. പാലാ രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം, ഫാ. മാത്യു കാലായിൽ, രാമപുരം എ.ഇ. ഒ എൻ. രമാദേവി, ബി.പി. ഒ ജി. അശോക്, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ആൽഫി ജോസ് എസ്. എച്ച്. പി.ടി. എ. പ്രസിഡൻറ് ജോബി പുള്ളുവേലിൽ തുടങ്ങിയവർ ആശംസകൾ നേരും.

×