ആദ്യം തോറ്റു, പിന്നെ ജയിച്ചു; ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ജോലി ചെയ്യാന്‍ എനിക്ക് വല്യ താൽപര്യമില്ല. പണ്ടുതൊട്ടേ റിസ്‌കിയായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്; സ്‌കൂള്‍, കോളജ് പഠനരീതി കേരളത്തിലേതിനേക്കാളും വളരെ വ്യത്യസ്തമാണ് ന്യൂസീലന്‍ഡില്‍; സ്ത്രീകള്‍ക്ക് ന്യൂസീലന്‍ഡില്‍ കിട്ടുന്ന ബഹുമാനവും അവസരങ്ങളും കേരളത്തിലേക്കാള്‍ മെച്ചപ്പെട്ടതാണ്‌; ന്യൂസീലന്‍ഡിലെ ആദ്യ മലയാളി ഓഫീസറെന്ന നേട്ടം കൈവരിച്ച പാലാക്കാരി പറയുന്നു

New Update

പാല: ന്യൂസീലന്‍ഡിലെ ആദ്യ മലയാളി ഓഫീസറെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് 22കാരി അലീന അഭിലാഷ്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് ഈയൊരു ചരിത്രനേട്ടത്തിന് അലീനയെ പ്രാപ്തയാക്കിയത്.

Advertisment

publive-image

കോട്ടയത്തെ ചാവറ പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അലീന കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്കെത്തുന്നത്. സുഹൃത്തുക്കളെയും മറ്റ് കുടുംബാംഗങ്ങളെയും വിട്ട് ആരുമറിയാത്ത നാട്ടിലേക്ക് പോകുന്ന കാര്യം ആലോചിക്കാന്‍ തന്നെ ഇഷ്ടമില്ലായിരുന്നു.

ന്യൂസീലന്‍ഡിൽ എത്തി കഴിഞ്ഞപ്പോഴും ഭാഷ, ജീവിതരീതി ഒക്കെ മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തു. പിന്നെ പതുക്കെ ന്യൂസീലന്‍ഡിനേയും ഇഷ്ടപ്പെട്ടു. എന്നാലും കേരളത്തിലെ ഒത്തൊരുമ നമുക്കെവിടെ പോയാലും കാണാനാവില്ലെന്ന് അലീന പറയുന്നു.

സ്‌കൂള്‍, കോളജ് പഠനരീതി കേരളത്തിലേതിനേക്കാളും വളരെ വ്യത്യസ്തമാണ് ന്യൂസീലന്‍ഡില്‍. പഠനത്തിന്റെ കാര്യത്തില്‍ കുട്ടികളുടെ മേലുള്ള സമര്‍ദം വളരെ കുറവാണ്. എന്നാലോ മത്സരം കൂടുതലും. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് പഠനം മുന്നോട്ട് കൊണ്ടുപോകാം.

കൂടുതലും അസൈന്‍മെന്റ് അധിഷ്ഠിതമായ പഠനരീതിയാണ് ഇവിടെ.സ്‌കൂള്‍ പഠനശേഷം ഒട്ടാഗോ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും അലീന കരസ്ഥമാക്കി. സ്ത്രീകള്‍ക്ക് ഇവിടെ കിട്ടുന്ന ബഹുമാനവും അവസരങ്ങളും കേരളത്തിലേക്കാള്‍ മെച്ചപ്പെട്ടതാണെന്നും അലീന പറയുന്നു.

ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ജോലി ചെയ്യാന്‍ എനിക്ക് വല്യ താൽപര്യമില്ല. പിന്നെ പണ്ടുതൊട്ടേ കുറച്ച് റിസ്‌കിയായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷേ അപേക്ഷ അയച്ചുകഴിഞ്ഞാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് വ്യത്യസ്തമായ ഒന്നാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെയെല്ലാം മലയാളികള്‍ ന്യൂനപക്ഷമായതിനാല്‍ അതിന്റേതായ വെല്ലുവിളികളും ഉണ്ട്.

അതുപോലെ നമ്മുടെ സങ്കല്‍പ്പത്തിലെ പൊലീസിന്റെ അത്ര ഉയരമൊന്നും എനിക്കില്ല. അഞ്ച് അടി ഒരിഞ്ചാണ് എന്റെ ഉയരം. അതിനാല്‍ തന്നെ ഔട്ട് ഓഫ് ദി ഓര്‍ഡിനറി ഒരു കാര്യം ചെയ്യുമ്പോ അതുവഴി കുറച്ചുപേര്‍ക്കെങ്കിലും പ്രചോദനമാവാന്‍ കഴിയുന്നുണ്ടെന്ന് മനസിലായി. പിന്നെ ഈ പ്രൊഫഷനും കൊണ്ട് ഒരാളുടെ എങ്കിലും ജീവിതത്തില്‍ ഒരു പ്രതീക്ഷ ആയി തീരാന്‍ പറ്റുന്നെങ്കില്‍ അതുതന്നെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

പൊലീസാവാനുളള യാത്രയില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. കോവിഡ് കാരണം ഇതിന്റെ നടപടിക്രമങ്ങള്‍ കുറേ കാലത്തേക്ക് നിര്‍ത്തി വച്ചിരുന്നു. അതിനാല്‍ തന്നെ നീണ്ട കാത്തിരിപ്പായിരുന്നു ആദ്യ ബുദ്ധിമുട്ട്. ആദ്യത്തെ ഫിസിക്കല്‍ ടെസ്റ്റിന് ഒരു പുഷ്അപ്പിന്റെ കുറവില്‍ പരാജയപ്പെട്ടു.

പക്ഷേ, ആ തോല്‍വി എന്നെ തളര്‍ത്തുകയല്ല കൂടുതല്‍ പരിശ്രമിക്കാനുളള ഊര്‍ജമാണ് നല്‍കിയത്. അതോടെ വാശിയായി. ഒന്ന് പരാജയപ്പെട്ടാല്‍ അതിലും ശക്തിയില്‍ തിരിച്ചു വരണം എന്നാണല്ലോ.

രണ്ടാം അവസരത്തില്‍ മുഴുവന്‍ പോയിന്റും നേടിയാണ് അലീന വിജയിക്കുന്നത്. ഏത് നാട്ടിലേയും പോലെ ലിംഗവിവേചനവും വംശീയതയുമൊക്കെ ഇവിടെയുമുണ്ട്. അത്തരം വെല്ലുവിളികളെല്ലാം തരണം ചെയ്താണ് അലീന പൊലീസ് തൊപ്പി അണിയുന്നത്.

Advertisment