പാലാ നഗരസഭാ സ്‌റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഏഷ്യൻ ഗെയിംസ് ലോങ് ജംപ് വെള്ളി മെഡൽ ജേതാവ് നീന പിന്റോയ്ക്കു നേരെ അസഭ്യവർഷം; സ്‌റ്റേഡിയത്തിൽ നടക്കാനെത്തിയ 2 പേർ അസഭ്യം പറഞ്ഞു, സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം കളിയാക്കി; സ്റ്റേഡിയം വിട്ടുപോകാതെ പ്രതിഷേധിച്ച് നീനയും ഭര്‍ത്താവും; രണ്ട് പേർ അറസ്റ്റിൽ

New Update

പാലാ: നഗരസഭാ സ്‌റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഏഷ്യൻ ഗെയിംസ് ലോങ് ജംപ് വെള്ളി മെഡൽ ജേതാവ് നീന പിന്റോയ്ക്കു നേരെ അസഭ്യവർഷം. സ്‌റ്റേഡിയത്തിൽ നടക്കാനെത്തിയവരിൽ 2 പേരാണ് അസഭ്യം പറഞ്ഞതെന്നു നീന പിന്റോ പറഞ്ഞു.സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സ്റ്റേഡിയം മാനേജിംഗ് കമ്മറ്റിയംഗം സജി, പ്രകാശ് എന്നിവരാണ് അറസ്റ്റിലായതെന്ന്‌ പാലാ സി.ഐ.കെ.പി.ടോംസൺ പറഞ്ഞു.ഇരുവരേയും വിശദമായി ചോദ്യം ചെയ്തു വരികയാണ്,

Advertisment

publive-image

110 മീറ്റർ ഹർഡിൽസിൽ ദേശീയ താരമായ പിഴക് അമ്പലത്തിങ്കൽ പിന്റോ മാത്യുവിന്റെ ഭാര്യയാണ് നീന. ഇരുവരും ഇന്നലെ വൈകിട്ടാണു പരിശീലനത്തിനായി സ്റ്റേഡിയത്തിൽ എത്തിയത്. സംഭവം നടക്കുമ്പോൾ സമീപം ഉണ്ടായിരുന്നില്ലെന്നും പരിശീലനം നടത്തുകയായിരുന്നുവെന്നും പിന്റോ പറഞ്ഞു. കോട്ടയത്ത് റെയിൽവേയിൽ ടിടിഇമാരാണ് ഇരുവരും.

നഗരസഭ സിന്തറ്റിക് ട്രാക്ക് സ്‌റ്റേഡിയത്തിൽ വൈകിട്ട് 6.30നാണ് സംഭവം. സിന്തറ്റിക് ട്രാക്കിലെ 6, 7, 8 ട്രാക്കുകളാണ് നടപ്പുകാർക്കായി നഗരസഭ അനുവദിച്ചിരിക്കുന്നത്. 1 മുതൽ 5 വരെ ട്രാക്കുകൾ പരിശീലനത്തിനായി നീക്കി വച്ചിരിക്കുന്നതാണ്. ട്രാക്ക് മാറി നടക്കുകയായിരുന്ന 2 പേരോട് നീന ട്രാക്ക് ഒഴിവാക്കി നടക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതരായ നടപ്പുകാർ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം കളിയാക്കുകയും ചെയ്തെന്ന് നീന പറഞ്ഞു.

ആദ്യം അപമാനിച്ച ഇവർ തിരിച്ചെത്തി വീണ്ടും അപമര്യാദയായി പെരുമാറിയതായും നീന പറഞ്ഞു. രാത്രി 9 കഴിഞ്ഞിട്ടും സ്റ്റേഡിയം വിട്ടുപോകാതെ നീനയും പിന്റോയും പ്രതിഷേധിച്ചതോടെ എസ്എച്ച്ഒ കെ.പി.ടോംസന്റെ നേതൃത്വത്തിൽ പൊലീസെത്തി പരാതി എഴുതി വാങ്ങി .

Advertisment