പാല ളാലം പാലത്തിൽ അപകട ഭീഷണി ഉയർത്തി തുരുമ്പെടുത്ത നശിച്ച ഇരുമ്പ് ഫ്രെയിം; അധികൃതർ അപകടത്തെ മാടിവിളിക്കുന്നുവെന്ന് പരാതി

New Update

പാല: പാലത്തിൻ്റെ കൈവരിയിൽ സ്ഥാപിച്ച പരസ്യ ബോർഡിൻ്റെ ഇരുമ്പ് ഫ്രെയിം തുരുമ്പെടുത്ത് കൂർത്ത അഗ്രത്തോടുകൂടി ആളുകൾക്കു ഭീഷണിയായി നിൽക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

Advertisment

publive-image

പാലാ നഗരസഭ ഓഫീസ് സമുച്ചയത്തിൻ്റെ മുന്നിൽ ളാലം പാലത്തിലാണ് കാൽനടക്കാർക്കു ഭീഷണി ഉയർത്തി ദ്രവിച്ചു തുരുമ്പെടുത്ത ബോർഡ് സ്ഥിതി ചെയ്യുന്നത്. ഇത് സ്ഥാപിച്ചിരിക്കുന്ന തൂണിൽ നിന്നും വിട്ടിളകി ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.

സാമാന്യം ശക്തിയായി കാറ്റടിച്ചാൽ ഇളകി തെറിച്ച് റോഡിലൂടെ നടന്നുപോകുന്ന ഏതെങ്കിലും ഹത്യ ഭാഗ്യൻ്റെ ശരീരത്തിൽ തറച്ചു കയറാറുന്ന രീതിയിൽ അപകടകരമായ അവസ്ഥയിലാണ് ഇപ്പോഴിതുള്ളത്. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി കാൽനടക്കാർ ഏതുസമയവും ഇതുവഴി കടന്നു പോകുന്നുണ്ട്.

പരസ്യത്തിൻ്റെ കാലാവധി കഴിഞ്ഞിട്ടും കരാറുകാരൻ ഇതു നീക്കം ചെയ്യാത്തതും നീക്കം ചെയ്യാത്തതിനെതിരെ ളാലം പാലത്തിൻ്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് കൃത്യസമയത്ത് നടപടിയെടുക്കാത്തതുമാണ് അപകടാവസ്ഥയിൽ ഇതു ഇങ്ങനെ തുടരാൻ കാരണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. ഈ പാലത്തിലെയും മറ്റു സ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകളുടെ കാലാവധി കഴിഞ്ഞ ഫ്രെയിമുകൾ മിക്കതും അപകടാവസ്ഥയിലാണെന്നും ഫൗണ്ടേഷൻ ആരോപിച്ചു.

പൊതുമരാമത്ത് വകുപ്പ് സീബ്രാലൈൻ വരയ്ക്കാതെ ഗുരുതരമായ അനാസ്ഥ കാട്ടിയതുമൂലം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ വയോധിക വാഹനം കയറി മരിച്ചതും കുന്നേമുറി പാലത്തിനു സമീപം അപകടകരമാം വിധം റോഡിനോട് ചേർന്ന് നടപ്പാത കൈയ്യേറി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബ് ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചതും അടുത്ത കാലത്താണ്. തുരുമ്പെടുത്ത ഇരുമ്പു ഫ്രെയിം മൂലം അപകടം സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദി പാലത്തിൻ്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് വിഭാഗത്തിനായിരിക്കുമെന്നും ഫൗണ്ടേഷൻ മുന്നറിയിപ്പ് നൽകി. ഇതു സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കു പരാതിയും നൽകി.

ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിനു പെരുമന, ബിപിൻ തോമസ്, ജോബി മാത്യു എന്നിവർ പ്രസംഗിച്ചു.

Advertisment