പനമ്പൊടി രുചിക്കണോ..... അന്ത്യാളത്തേക്ക് വരൂ ...

New Update

പഴമയുടെ രുചി അറിയണോ ....? എങ്കിൽ അന്ത്യാളത്തേയ്ക്ക് പോരെ
അന്ത്യാളത്തെ ഒരു സംഘം കർഷകർ ഇപ്പോൾ പനമ്പൊടി ഉണ്ടാക്കുന്ന തിരക്കിലാണ്.

Advertisment

അന്ത്യാളം റബ്ബർ ഉല്പാദക സംഘത്തിനു കീഴിലുള്ള ഫാർമേഴ്സ് ക്ലബ്ബ് അംഗങ്ങളാണ് കുടപ്പന വെട്ടി അരിഞ്ഞ് ഇടിച്ചു പൊടിയുണ്ടാക്കുന്നത്. ഇതിനോടകം നൂറു കിലോയോളം പനമ്പൊടി ഇവർ ഉണ്ടാക്കി വിപണിയിലെത്തിച്ചു കഴിഞ്ഞു.

publive-image

പനപ്പലഹാരം പുതു തലമുറയ്ക്ക് കേട്ടറിവു മാത്രമേയുള്ളൂ. പണ്ട് യുദ്ധ നാളുകളിൽ നാടാകെ ക്ഷാമം നേരിട്ടപ്പോൾ പന വെട്ടി അറഞ്ഞ് ഇടിച്ച് പൊടിയുണ്ടാക്കി അതു കൊണ്ട് അടയും കുറുക്കുമൊക്കെ നിത്യ ഭക്ഷണമാക്കി ജീവിതം കഴിച്ചുകൂട്ടിയ നാളുകൾ പഴയ തലമുറയുടെ ഓർമ്മകളിലിന്നും രുചിക്കൂട്ടായുണ്ട്.

ലോക് ഡൗണിന്റെ ആദ്യ നാളുകളിൽ തന്നെ, പനമ്പൊടി ഉണ്ടാക്കുന്ന കാര്യം സഹ കർഷകരോട് പങ്കുവെച്ചത് അന്ത്യാളം ആർ. പി. എസ്. പ്രസിഡൻറും മികച്ച കർഷകനുമായ ഔസേപ്പച്ചൻ വെള്ളി മൂഴയിലാണ്. കഴിഞ്ഞ രണ്ടു മൂന്നു വർഷമായി പനമ്പൊടി ഉണ്ടാക്കിയതിന്റെ അനുഭവ സമ്പത്തും ഔസേപ്പച്ചനുണ്ടായിരുന്നു.ഈ നിർദ്ദേശത്തോട് മറ്റുള്ളവർക്കും പൂർണ്ണ യോജിപ്പായതോടെ കഴിഞ്ഞയാഴ്ച ആദ്യ പന വെട്ടി.
ആർ. പി. എസി ന്റെ ഷെഡ്ഡിൽ കൊണ്ടുവന്ന് ഇത് വെട്ടി അറയാൻ രണ്ടാഴ്ച എടുത്തു. 750 കിലോ പച്ചപ്പൊടി കിട്ടി. ഇത് ഉണക്കിയപ്പോൾ നൂറു കിലോയോളം പൊടി ലഭിച്ചു. സ്വാദിഷ്ടവും ഗുണ സമ്പുഷ്ടവുമായ പനമ്പൊടിക്ക് ആവശ്യക്കാരേറി . ഏഴാച്ചേരിയിലെ നാട്ടു ചന്ത വഴി മുഴുവൻ പൊടിയും മൂന്നു ദിവസം കൊണ്ട് വിറ്റു തീർന്നു.

publive-image

ഇന്നലെ പുത്തൻ പന വെട്ടി.ഇത് അറയുന്നതും ഇടിച്ചു പൊടിക്കുന്നതും ഏറെ അധ്വാനം വേണ്ട ശ്രമകരമായ പണിയാണ്.
ഔസേപ്പച്ചനൊപ്പം കുട്ടിച്ചൻ കല്ലാച്ചേരിൽ, സിബി ഓടയ്ക്കൽ, അനിൽകുമാർ അനിൽ സദനം, സിബി മഠത്തിൽ, തൊമ്മച്ചൻ കല്ലാച്ചേരിൽ, ജോസ് തൊണ്ടിക്കൽ, മാത്തുക്കുട്ടി വെള്ളി മൂഴയിൽ എന്നീ കർഷകർ കൂടി ചേർന്നാണ് പന വെട്ടി അറയുന്നത്. ഇടിച്ചു പൊടിക്കുന്നതിനൊപ്പം കുറേ ഭാഗം മില്ലിലും പൊടിച്ചെടുക്കുന്നു.

പനമ്പൊടി വിൽക്കുന്നതിനൊപ്പം ഇതുകൊണ്ട് ഉണ്ടാക്കാവുന്ന വ്യത്യസ്തമായ പലഹാരങ്ങളെ കുറിച്ച് വിവരിക്കാനും ഈ കർഷകർ തയ്യാറാണ്. സ്വന്തമായി പനമ്പൊടി ഉണ്ടാക്കാനാഗ്രഹിക്കുന്നവർക്കും തങ്ങൾ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുമെന്ന് ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഔസേപ്പച്ചൻ വെള്ളി മൂഴയിൽ പറഞ്ഞു.

Advertisment