കേരളം

ചലച്ചിത്ര സംവിധായകനെന്ന വ്യാജേന എത്തി വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; പെരുമാറ്റത്തില്‍ സംശയവും പേടിയും തോന്നി പെണ്‍കുട്ടി കടയില്‍ നിന്ന് ഇറങ്ങിയോടി, പ്രതി പിടിയില്‍

ന്യൂസ് ബ്യൂറോ, പാലാ
Sunday, September 19, 2021

കോട്ടയം: പാല മുരുക്കുംപുഴയില്‍ ചലച്ചിത്ര സംവിധായകനെന്ന വ്യാജേന എത്തിയ ആള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി എന്ന് പരാതി. മല്ലപ്പള്ളി കൈപ്പാട് ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജിനെ (47) അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെയും അമ്മയെയും കൂട്ടി പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

15 വയസ്സുള്ള പെണ്‍കുട്ടിയെ കടയിലിരുത്തിയശേഷം അമ്മ പുറത്തു പോയ സമയത്ത് രാജേഷ് ഫോണില്‍ സംസാരിച്ചു കൊണ്ടു കടയിലെത്തി. പെണ്‍കുട്ടിയുടെ അമ്മയെയാണു വിളിക്കുന്നതെന്നു തെറ്റിദ്ധരിപ്പിക്കുകയും പെണ്‍കുട്ടിയുമായി സംസാരിക്കുകയും ചെയ്തു.

സംവിധായകനാണെന്നും പുതിയ സിനിമയില്‍ നായികയെ ആവശ്യമുണ്ടെന്നും പറഞ്ഞു. തുടര്‍ന്നുള്ള പെരുമാറ്റത്തില്‍ സംശയവും പേടിയും തോന്നിയ കുട്ടി പുറത്തിറങ്ങി ഓടി. ഇതിനിടെ രാജേഷ് കടന്നുകളഞ്ഞു.

പരാതി ലഭിച്ച ഉടന്‍ പൊലീസ് മൂന്ന് ടീമായി തിരിഞ്ഞ് അന്വേഷണം തുടങ്ങി. ടാക്‌സിയില്‍ പെണ്‍കുട്ടിയെയും അമ്മയെയും കൂട്ടിയാണ് മഫ്തിയിലുള്ള പൊലീസുകാര്‍ തിരച്ചില്‍ നടത്തിയത്.

കൊട്ടാരമറ്റം, പഴയ സ്റ്റാന്‍ഡ്, ബൈപാസ് റോഡ് എന്നിവിടങ്ങളില്‍ തിരഞ്ഞതിനു ശേഷം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഭാഗത്തുനിന്നുമാണ് രാജേഷിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞത്.

പ്രതിക്കെതിരെ പോക്‌സോ കേസ് കൂടി ചേര്‍ത്തു കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

×