പാലായിൽ വിദ്യാർത്ഥികളെ കാത്ത് പുതിയ മന്ദിരം: ഇവിടെ എന്നു വരും പുതിയ ബാച്ചുകളും ക്ലാസ് ഫർണിച്ചറുകളും!

ന്യൂസ് ബ്യൂറോ, പാലാ
Sunday, September 27, 2020

പാലാ: വിവിധ ഉന്നത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളുടെ സ്ഥലമായ പാലായിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളുടെ പ്രവാഹം നിമിത്തം ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്ഥലവാസികളായ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരമുണ്ടാക്കുന്നതിനായാണ് കെ.എം.മാണിയുടെ ശുപാർശ പ്രകാരം പാലാ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അഡീഷണൽ പ്ലസ്ടു ബാച്ചുകൾ ആരംഭിക്കുന്നതിനായി രണ്ടാമത് ഒരു കെട്ടിട സമുച്ചയം കൂടി നിർമ്മിക്കപ്പെട്ടത്.

സ്കൂൾ കെട്ടിടം ഏതാനും ആഴ്ചകൾക്ക് മുൻപ് ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും ഈ സ്കൂളിൽ പുതിയ അഡീഷണൽ കോഴ്സുകൾ ഇതേ വരെ അനുവദിക്കപ്പെട്ടിട്ടില്ല. ഈ മന്ദിരം സ്കൂൾ പ്രവർത്തനത്തിന് പ്രയോജനപ്പെടുത്തണമെങ്കിൽ ആവര്യമായ ഉപകരണങ്ങളും ലാബ്, ക്ലാസ്സ് റൂം ഉപകരണങ്ങളും ലഭ്യമാകേണ്ടതുണ്ട്.

ഇവയൊന്നും ഇവിടെ ഇതേ വരെ ലഭ്യമായിട്ടില്ല. ഈ വർഷവും നാട്ടുകാരായ ഹയർ സെക്കണ്ടറി വിദ്യാർത്ഥിക്ക് പഠനസൗകര്യത്തിനായി നാടിനു പുറത്തേക്ക് വണ്ടി കയറേണ്ട സ്ഥിതിയാണ്. ഉദ്ഘാടന ശിലാ ഫലകത്തിൽ പേർ എഴുതപ്പെട്ടതോടെ ബന്ധപ്പെട്ടവർ സ്ഥലം കാലിയാക്കി. രണ്ടാമത് ഒരു ബഹുനില മന്ദാരം കൂടി നിർമ്മിക്കപ്പെട്ടതോടെ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി നാല് കെട്ടിടങ്ങൾ ഈ സ്കൂളിനായി നിലവിലുണ്ട്.

പുതിയ മന്ദിരത്തിലെ അധിക സൗകര്യങ്ങൾ കൂടി പ്രയോജനപ്പെടുത്തി എല്ലാ ഹയർ സെക്കണ്ടറി വിഷയങ്ങളിലും അഡീഷണൽ ബാച്ചുകൾ ആരംഭിച്ച് പാലാ നഗരപ്രദേശത്തും സമീപ മേഖലകളിലും ഉള്ള വിദ്യാർത്ഥികൾക്ക്‌ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ സൗകര്യo ഈ സ്കൂളിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ ഉപകരണങ്ങളും ക്ലാസ്സ് റൂം ഫർണീച്ചറുകളും ഉടൻ ലഭ്യമാക്കണമെന്നും കെ.എസ്.സി.(എം) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികൃ തർക്ക് നിവേദനം നൽകുമെന്ന് ജില്ലാ പ്രസിഡണ്ട് ടോബി തൈപ്പറമ്പിൽ പറഞ്ഞു.

അലക്സാണ്ടർ കുതിരവേലിൽ, ആൽവിൻ ഞായർകുളം, ബ്രൈറ്റ് വട്ടനിരപ്പേൽ, ആകാശ് ഫിലിപ്പ്, തോമസ് ചെമ്മരപ്പള്ളി, ജിൻ്റോ ജോസഫ്, അമൽ ചാമക്കാല, ജെയിൻ എം ലൂക്ക്, അഖിൽ പള്ളിക്കര തുടങ്ങിയവർ പ്രസംഗിച്ചു.

×