പാല: സബ് ജയിലിൽ നിന്ന് കള്ളന്മാരെ ഇറക്കി വിടുന്നില്ല, പക്ഷേ ഒരു കള്ളത്തരം ജയിലധികൃതർ കാണിക്കുന്നുണ്ട് . എന്താണന്നല്ലേ പുഴുത്ത മലിന ജലം മെയിൻ റോഡിലേക്ക് തുറന്നു വിടുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇതു തുടരുകയാണെന്ന് ജയിലിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ഉള്ളവരും , ഇതു വഴിയുള്ള യാത്രക്കാരും പറയുന്നു. കനത്ത മഴയുള്ള സമയത്ത് ആരും അറിയില്ലെന്നു കരുതിയാണ് പാലാ സബ് ജയിൽ അധികൃതർ ഈ പണി നടത്തുന്നതെന്നാണ് പൊതു ജന സംസാരം.
/sathyam/media/post_attachments/x6L0HuAP07lmUXSonHSe.jpg)
ജയിലിനുള്ളിൽ നിന്ന് മെയിൻ റോഡ് വക്കിലേക്ക് തുറന്നിരിക്കുന്ന ഓവിലൂടെയാണ് ചീഞ്ഞളിഞ്ഞ ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മലിന ജലം ഒഴുക്കുന്നത്. ഇത് ഓടയ്ക്ക് മേലെ ഒഴുകി സിവിൽ സ്റ്റേഷൻ റോഡിൽ പരക്കുന്നു. തുടർന്ന് ടി.ബി. റോഡിലൂടെ ഒഴുകി മീനച്ചിലാറ്റിലേക്ക് ചാടുകയാണ്.
മലിന ജലം ഒഴുക്കി വിടുന്ന സമയങ്ങളിൽ മൂക്കു പൊത്തിയേ ഇതു വഴി സഞ്ചരിക്കാനാവൂ. ജയിലിനടുത്തുള്ള ബി. എസ്. എൻ. എൽ. കസ്റ്റമർ കെയർ സെൻ്റർ, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാരുൾപ്പെടെ നൂറുകണക്കിനാളുകൾ നിത്യേന സഞ്ചരിക്കുന്ന വഴിയിലേക്കാണീ മലിന ജലം ഒഴുക്കി വിടുന്നത്.
ഈ റോഡിന് തൊട്ടപ്പുറം അങ്കൺവാടിയും ബി. ആർ. സി. ഓഫീസുമുണ്ട്. പകർച്ചവ്യാധികൾ പെരുകുന്ന ഈ വേളയിൽ ജയിലധികൃതർ കാണിക്കുന്ന ഈ തോന്ന്യാസം ചോദ്യം ചെയ്യാനോ തടയാനോ പോലും നഗരസഭാധികാരികളോ, ആരോഗ്യ വകുപ്പോ, ആർ. ഡി. ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോ ,തയ്യാറാകുന്നില്ല എന്നതാണ് ഏറെ വിചിത്രം .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us