ബോധരഹിതനായി വഴിയില്‍ വീണയാളുടെ  സ്വര്‍ണവും ഫോണും കവര്‍ന്നു : മൂന്നു പേര്‍ പിടയില്‍: സംഭവം പാലായിൽ

New Update

പാലാ: ശാരിരീകാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിലേയ്ക്ക് അർദ്ധരാത്രിയിൽ  ബൈക്കിൽ പോകുമ്പോൾ റോഡിൽ ബോധരഹിതനായി വീണുപോയയാളുടെ മൂന്നു പവൻ മാലയും മൊബൈൽ ഫോണും കവർന്ന  മൂന്നംഗ സംഘം പിടിയിൽ.

Advertisment

publive-image

ബാങ്ക് ഓഫ് ബറോഡയുടെ തൊടുപുഴ ശാഖയുടെ അസിസ്റ്റന്റ് മാനേജർ അന്തീനാട്  ഓലിയ്ക്കൽ  മനു സ്‌കറിയാ(35)യുടെ മാലയും ഫോണുമാണ് കവർന്നത്. സംഭവുമായി ബന്ധപ്പെട്ട്  കൊട്ടാരക്കര ആവണീശ്വരം  പ്ലാക്കിനിൽ ചെറുവിള വിഷ്ണു(26), വിളക്കുടി ജയഭവനിൽ സെൻകുമാർ(മണിക്കുട്ടൻ-29), ആവണീശ്വരം ഹരിഭവനിൽ ഹരി(20) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 19-ന് പുലർച്ചെ 12.30-ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയ്ക്ക് സമീപമാണ് സംഭവം. ശരീരം ചൊറിഞ്ഞു തടിച്ചതിനെത്തുടർന്ന്  മനു സ്‌കറിയാ ബൈക്കിൽ തനിയെ പ്രവിത്താനത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്നു. ആശുപത്രിക്ക്  അമ്പതു മീറ്റർ സമീപത്തെത്തിയപ്പോൾ ബോധരഹിതനായി പാലാ -തൊടുപുഴ സംസ്ഥാന പാതയിൽ വീഴുകയായിരുന്നു.

പിന്നീട് അരമണിക്കൂറിന് ശേഷം ബോധം തെളിഞ്ഞപ്പോഴാണ് മാലയും മൊബൈൽ ഫോണും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.ഉടൻ പോലീസിനെ വിവരം അറിയിച്ചു. പോലീസ് പാലാ -തൊടുപുഴ  റോഡിൽ വിവിധയിടങ്ങളിലെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. തൊടുപുഴയ്ക്ക് സമീപം വെങ്ങല്ലൂരിലുള്ള സി.സി. ടി.വിയിൽ പതിഞ്ഞ കാറിനെ സംബന്ധിച്ച് അന്വേക്ഷണം ആരംഭിച്ചു.

കെ.എൽ. 26 എന്ന നമ്പരിൽ തുടങ്ങുന്നതാണ് കാറെന്ന് മനസ്സിലായി. നമ്പരിന്റെ ബാക്കി ഭാഗങ്ങൾ വ്യക്തമായിരുന്നില്ല.ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നുപേർ നടന്നു പോകുന്നത് കണ്ടിരുന്നു.

ഇവിടെയും ദൃശ്യങ്ങൾ വ്യക്തമല്ലായിരുന്നു. പ്രതികൾ മൂന്നാറിലേയ്ക്ക് പോകുമ്പോഴാണ് വഴിയരുകിൽ ബൈക്കു യാത്രക്കാരൻ വീണ് കിടക്കുന്നത് കണ്ടത്. പ്രതികളിലൊരാളായ വിഷ്ണു ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണന്നും മറ്റുള്ളവരുടെ പേരിൽ  നിരവധി ക്രിമിനൽ കേസുകളുണ്ടന്നും പോലീസ് പറഞ്ഞു. പ്രതികളെ കൊട്ടാരക്കരയിൽ നിന്നുമാണ് പിടികൂടിയത്.

മാലയും മൊബൈൽ ഫോണും  പ്രതികളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. ഇവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. പാലാ ഡി.വൈ. എസ്.പി . കെ.ബൈജു കുമാർ, സി.ഐ. അനൂപ് ജോസ്,  എസ്.ഐമാരായ കെ.എച്ച്. ഹാഷിം,  മാമ്മൻ ജോസ്ഫ്, തോമസ് സേവ്യർ, സി.പി.ഒമാരായ  ഷെറിൻ സ്റ്റീഫൻ  ,അരുൺ ഛന്ദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .

Advertisment