ഗജസമ്രാട്ട് മഞ്ഞക്കടമ്പിൽ വിനോദ് "കിടന്നു " .ഇന്നലെ രാവിലെ ഏഴു മണിയോടെ കരൂരിൽ നിന്നു പറന്ന വാർത്ത ആനപ്രേമികളെ ഞെട്ടിച്ചു.
ആന ഉടമകളും മഞ്ഞക്കടമ്പിൽ സഹോദരങ്ങളുമായ ജോജിയുടേയും സജി (കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡൻറ് ) യുടേയും ഫോണുകളിലേയ്ക്കും മാധ്യമ പ്രവർത്തകരുടെ ഫോണുകളിലേയ്ക്കും കോളുകളുടെ നിലയ്ക്കാത്ത ചിന്നം വിളി.
/sathyam/media/post_attachments/0QKQnPDK6DFm678leKLj.jpg)
വിവരമറിഞ്ഞ് ആനയുടമ സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ടും കൂട്ടരും കരൂരിൽ വിനോദ് പാഞ്ഞെത്തി.
കഴിഞ്ഞ രണ്ടു ദിവസമായി വിനോദ് തീറ്റയെടുക്കാൻ മടി കാണിച്ചിരുന്നു. പാപ്പാൻ സൂരജിനും ഉടമ ജോജിയ്ക്കുമൊക്കെ എന്തോ പന്തികേടും തോന്നിയിരുന്നു.
ഇന്നലെ രാവിലെ സൂരജ് "കെട്ടു തറി" യിൽ എത്തി നോക്കുമ്പോൾ വിനോദ് " കിടന്ന കിടപ്പിലാണ്."
പാതി മിഴിയടഞ്ഞ്, ചെവിയാട്ടമില്ലാതെ, ഏറെ അവശനായി.
അപകടരമായ നിലയിൽ അവശത വന്നെങ്കിൽ മാത്രമേ ആന അനക്കമില്ലാതെ കിടക്കൂ എന്ന് അറിയാമായിരുന്ന ജോജി ഉടൻ പ്രമുഖ ആന ചികിത്സകനായ പുതുപ്പള്ളി ഡോ. സാബു. സി. ഐസക്കിനെ വിളിച്ചു .
ഒരു മണിക്കൂറിനുള്ളിൽ ഡോക്ടറും കരൂരിലെത്തി. ക്ഷീണം മാറ്റാൻ ആദ്യ ഡോസ് ഗ്ലൂക്കോസും കാൽസ്യത്തിൻ്റെ മരുന്നും കൊടുത്തു. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും മാറ്റമൊന്നും കാണാതിരുന്നതിനെ തുടർന്ന് അടുത്ത ഡോസ് ഗ്ലൂക്കോസുമിട്ടു. പരിശോധനയ്ക്കായി രക്തവുമെടുത്തു.
ഇതിനിടെ വിനോദ് "കിടന്നു " എന്ന വാർത്ത നാടാകെ പരന്നു.
ആന പ്രേമികൾ കടുത്ത മനോ വേദനയിലും പ്രാർത്ഥനയിലായി. കഴിഞ്ഞ കാൽ നൂറ്റാണ്ടായി കിടങ്ങൂർ തേവരുടെ തിടമ്പേറ്റുന്ന വിനോദിനു വേണ്ടി ക്ഷേത്രം ഭാരവാഹികളുടെ പ്രാർത്ഥന വേറെയും.
ഉച്ചതിരിഞ്ഞതോടെ വിനോദ് മരുന്നുകളോടു പ്രതികരിച്ചു തുടങ്ങി. കണ്ണു തുറന്നു, ചെവിയാട്ടി മെല്ലെ എഴുന്നേൽക്കാനുള്ള ശ്രമം.
ചട്ട വാക്കുകളിലൂടെ പാപ്പാൻ സൂരജിൻ്റെ പിന്തുണ ; എഴുന്നേൽക്കെടാ മോനെ ! പത്തു മിനിട്ടിനുള്ളിൽ വിനോദ് എഴുന്നേറ്റു , ചെവിയും വാലും ആട്ടി, തുമ്പിക്കൈ ഉയർത്തി. കണ്ടു നിന്നവരുടെ കണ്ണുകളിലെ സന്തോഷാശ്രുക്കൾ വിനോദ് തിരിച്ചറിഞ്ഞിട്ടുണ്ടാകണം ; ആരും പറയാതെ തന്നെ ഒരു ചുവട് മുന്നോട്ടു നടന്നു, "എനിക്കൊന്നും പറ്റിയിട്ടില്ലന്നേ " എന്നു പറയും മട്ടിൽ.
" ഹോ രക്ഷപ്പെട്ടു" പാപ്പാൻ സൂരജിൻ്റെ നെടുവീർപ്പും ഗദ്ഗദം നിറഞ്ഞ ആത്മഗതം.
കാൽസ്യം കുറഞ്ഞതാകാനാണ് വഴിയെന്ന് ഡോ. സാബു. സി. ഐസക്കിൻ്റെ അഭിപ്രായം. ഡോക്ടറുടെ അഭിപ്രായ പ്രകാരം പാപ്പാൻ സൂരജ് വിനോദിനെ മൂന്നു - നാലു കിലോമീറ്റർ "വഴി നടത്താനിറങ്ങി. " പതിവായി ശർക്കര തരുന്ന മഞ്ഞക്കടമ്പിൽ ബെന്നിയുടെ വീട്ടു മുറ്റത്തേക്ക് വിനോദ് ഉത്സാഹത്തോടെ നടന്നു കയറി. ഒറ്റയടിക്ക് ശർക്കര ശാപ്പിട്ടു. തുടർന്ന് മുണ്ടുപാലം വരെ 4 കിലോമീറ്റർ ഒറ്റ നടപ്പ്. തൊട്ടുപിന്നിൽ, ഇടയ്ക്ക് വിനോദ് അവശനായാൽ കയറ്റാൻ ലോറിയുമായി ഉടമ ജോജിയും വീട്ടുകാരും.
എന്തായാലും മുണ്ടുപാലം വരെ നടന്നു മടങ്ങിയപ്പോഴേയ്ക്കും വിനോദിനു മുമ്പത്തേക്കാളേറെ ഉശിര്. ഇനി ഒരുപ്രശ്നവുമില്ല. ഒരു ടോണിക്കു കൂടി കൊടുത്താൽ മതി. ഡോ.സാബുവിൻ്റെ നിർദ്ദേശം.
വിനോദിൻ്റെ സുഖവിവരമറിഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ ആഘോഷം ; "വിനോദ് മോൻ തിരിച്ചു വന്നു, തല ഉയർത്തി ചെവിയാട്ടി, പഴയകിടു നടപ്പുമായി...... " സന്ദേശങ്ങൾ പറ പറന്നു.
"വീട്ടിൽ നിലവിളക്കു കൊളുത്തിയും ക്രൂശിത രൂപത്തിനു മുന്നിൽ മെഴുകുതിരി തെളിച്ചും പ്രാർത്ഥിച്ചവർക്ക് ആശ്വാസം . വിനോദ് എന്ന കൊമ്പൻ പാലായുടെ ആകെ പ്രിയങ്കരനാണ്, അഭിമാനവും. അവനൊന്നും വരുത്തരുതേ.... പാലാക്കാരുടെ പ്രാർത്ഥനയാണിത്.✍️ സുനിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us