ക്ഷേത്ര പരിസരത്തെ സിനിമാ സെറ്റിന് നേരെ നടന്ന ആക്രമണം; ഷൂട്ടിംഗിന് ഡിവൈഎഫ്‌ഐ സംരക്ഷണം നല്‍കും: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള സംഘപരിവാര്‍ സംഘടനകളുടെ അതിക്രമം ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല, അക്രമികള്‍ക്ക് എതിരെ കര്‍ശന നിയമ നടപടി എന്നും പ്രതികളെ ഉടനടി പിടികൂടണം എന്നും ഡിവൈഎഫ്‌ഐ

New Update

പാലക്കാട്: കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രപരിസരത്ത് സിനിമാ ഷൂട്ടിംഗ് തടഞ്ഞതിനെ അപലപിച്ച് ഡിവൈഎഫ്‌ഐ. സിനിമാ ചിത്രീകരണം പുനരാരംഭിക്കാൻ എല്ലാവിധ സംരക്ഷണവും നൽകുമെന്നും ഡിവൈഎഫ്‌ഐ കടമ്പഴിപ്പുറം മേഖലാ കമ്മിറ്റി വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള സംഘപരിവാർ സംഘടനകളുടെ അതിക്രമം ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല.അക്രമികൾക്ക് എതിരെ കർശന നിയമ നടപടി എന്നും പ്രതികളെ ഉടനടി പിടികൂടണം എന്നും ഡിവൈഎഫ്‌ഐ കടമ്പഴിപ്പുറം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

ഇതിനിടെ ക്ഷേത്ര പരിസരത്ത് ഷൂട്ടിംഗ് തടഞ്ഞ സംഭവത്തിൽ അഞ്ച് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യൻ, ബാബു, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി സംഘം ചിത്രീകരണം തടഞ്ഞതെന്ന് തിരക്കഥാകൃത്ത് സൽമാൻ ഫാരിസ് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് ഉപകരണങ്ങളും സംഘം നശിപ്പിച്ചു.

നീയാം നദി എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് തടഞ്ഞത്. ഹിന്ദു- മുസ്ലീം പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ ഷൂട്ട് ചെയ്യുവാൻ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. ചിത്രീകരണ സമയത്ത് സംഘപരിവാർ പ്രവർത്തകർ എത്തുകയും ഷൂട്ട് ചെയ്യാൻ അനുവദിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് തിരക്കഥാകൃത്ത് പറഞ്ഞത്. തീവ്രവാദികൾ എന്നാരോപിച്ചാണ് സംഘപരിവാർ പ്രവർത്തകർ തങ്ങൾക്ക് നേരെ അതിക്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും ലീഗിന്റെ ഉൾപ്പടെയുളള കൊടികൾ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാർ പ്രവർത്തകർ പറഞ്ഞു. ആഷിഖ് ഷിനു സൽമാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisment