ആഘോഷങ്ങളില്ലാതെ പാലാരിവട്ടം പാലം തുറക്കുന്നു; രണ്ടര മാസം മുന്‍പ് തീര്‍ത്തതില്‍ അഭിമാനമെന്ന് സുധാകരന്‍; ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കില്ല

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, March 6, 2021

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഉണ്ടായിരിക്കില്ലെന്നും പൂര്‍ത്തിയായ പാലം ഞായറാഴ്ച മന്ത്രിയും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.

100 വര്‍ഷത്തെ ഈട് ഉറപ്പ് നല്‍കിക്കൊണ്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 47.70 കോടി രൂപ എസ്റ്റിമേറ്റില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നപ്പോള്‍ ഐ.ഐ.ടി ചെന്നൈ, കേന്ദ്ര ഹൈവെ മന്ത്രാലയത്തിന്റെ സാങ്കേതിക ടീം, വിജിലന്‍സ്, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, ഡോ. ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദര്‍ എന്നിവര്‍ നടത്തിയ പരിശോധനയുടേയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കാബിനറ്റ് തീരുമാനപ്രകാരം നിര്‍മ്മാണ മേല്‍നോട്ടം ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്താനും നിര്‍മ്മാണം നടത്താന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയേയും ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

22.68 കോടി രൂപ പുനര്‍നിര്‍മ്മാണച്ചെലവു കണക്കാക്കിയ നിര്‍മ്മാണത്തിനു 8 മാസക്കാലയളവു നല്‍കിയിരുന്നെങ്കിലും കരാര്‍ കമ്പനി അഞ്ചര മാസത്തിനുള്ളില്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്നത് അഭിമാനകരമാണെന്നും മന്ത്രി അറിയിച്ചു.

×