പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതി ; മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, August 22, 2019

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.

നേരത്തെ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി ഇ. ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പാലത്തിന് 102 ആര്‍.സി.സി ഗര്‍ഡറുള്ളതില്‍ 97 ലും വിള്ളല്‍ കണ്ടെത്തിയെന്നും ഇ.ശ്രീധരന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെയിന്റ് ചെയ്തതു കൊണ്ട് വിള്ളലിന്റെ തീവ്രത കണ്ടെത്താനായിരുന്നില്ല.

നിലവാരം കുറഞ്ഞ കോണ്‍ക്രിറ്റാണ് പാലം നിര്‍മാണത്തിനുവേണ്ടി നടത്തിയത്. 20 വര്‍ഷത്തെ മാത്രം ആയുസാണ് പാലത്തിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം മന്ത്രിയായിരുന്ന താന്‍ പാലത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നും മറ്റെല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥര്‍ക്കാണെന്നും ഇബ്രാഹിംകുഞ്ഞ് നേരത്തെ പറഞ്ഞിരുന്നു.

×