/sathyam/media/post_attachments/gCITv2RVzg7aG6OnBri4.jpg)
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം
സമൂഹത്തില്‍ നിലനിന്നിരുന്ന അമ്പരപ്പിക്കുന്ന ഉച്ചനീചത്വങ്ങള്‍ കണ്ടാണ് സ്വാമി വിവേകാനന്ദന്‍ പണ്ട് കേരളത്തെ ഭ്രാന്താലയമാണെന്ന് വിളിച്ചത്. മഹാന്മാരായ പരിഷ്‌ക്കര്‍ത്താക്കളുടെ നിരന്തര ശ്രമത്തിലൂടെയാണ് കേരളം ആ അവസ്ഥയെ അതിജീവിച്ചത്.
പുറമെ പുരോഗമനം നടിക്കുന്ന കേരളീയര്‍ക്കിടയില്‍ ഇപ്പോഴും പഴയ വിഷവിത്ത് നിലനില്‍ക്കുന്നു എന്നാണ് ഇന്നത്തെ നരബലി വാര്‍ത്ത തെളിയിക്കുന്നത്. രണ്ട് സ്ത്രീകളെ നരബലിക്ക് വേണ്ടി കഴുത്തറുത്ത് കൊന്നു എന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്.
സാക്ഷര, സാംസ്‌കാരിക കേരളം നാണക്കേട് കൊണ്ട് തലകുനിക്കേണ്ട അവസ്ഥയിലാണ്. കേരളത്തില്‍ ഇങ്ങനെ സംഭവിക്കാനിടയായ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കണം. ഇത്തരം കെണികളില്‍ അകപ്പെടാതിരിക്കാനുള്ള ബോധവല്‍ക്കരണം സമൂഹത്തില്‍ ശക്തിപ്പെടുത്തണം.ഇങ്ങനെയുള്ള തെറ്റായ പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണം.നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.
അതേസമയം ഇലന്തൂരിലെ ഇരട്ട നരബലിയിയിലെ പ്രതി ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ട്. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദക്ഷിണ മേഖലാ ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് അറിയിച്ചു. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും നിശാന്തിനി പറഞ്ഞു.
മുഹമ്മദ് ഷാഫിക്കെതിരെ മുൻപ് പുത്തൻ കുരിശ് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. പല കാര്യങ്ങളിലും വ്യക്തത വരാനുണ്ടെന്നും പല തെളിവുകളും കണ്ടെത്താനുണ്ടെന്നും ഡിഐജി ആര്‍.നിശാന്തിനി ഐപിഎസ് പറഞ്ഞു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കൊച്ചിയിൽ കോടതിയിൽ ഹാജരാകും. ഇപ്പോൾ പത്തനംതിട്ടയിലുള്ള പ്രതികളെയെല്ലാം ഇന്ന് രാത്രി തന്നെ കൊച്ചിയിലേക്ക് കൊണ്ടു പോകുമെന്നും ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടുപറമ്പിൽ നിന്നും വീണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഡിഐജി അറിയിച്ചു.