ദിവസങ്ങള്‍ നീണ്ട പ്രചാരണത്തിന്‍റെ ക്ഷീണത്തില്‍ ബിജെപിയുടെ ഗ്ലാമര്‍ മന്ത്രി പങ്കജ മുണ്ടെ തെരഞ്ഞെടുപ്പ് റാലിയില്‍ തളര്‍ന്നുവീണു

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, October 19, 2019

മുംബൈ : ദിവസങ്ങള്‍ നീണ്ട പ്രചാരണത്തിന്‍റെ ക്ഷീണത്തില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ബിജെപിയുടെ ഗ്ലാമര്‍ വനിതാ നേതാവും മന്ത്രിയുമായ പങ്കജ മുണ്ടെ തളര്‍ന്നുവീണു.

മഹാരാഷ്ട്രയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി പങ്കജ മുണ്ടെയാണ് തിരഞ്ഞെടുപ്പ് റാലിക്കിടെ തളര്‍ന്നുവീണത്. പങ്കജ മുണ്ടെ മത്സരിക്കുന്നത് ബീഡ് ജില്ലയിലെ പാര്‍ലിയിലാണ്. ബന്ധുവും എന്‍.സി.പി. നേതാവുമായ ധനഞ്ജയ് മുണ്ടെയാണ് ഇവിടെ പങ്കജ മുണ്ടെയുടെ എതിരാളി .

ശനിയാഴ്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം. സഹോദരിയും ബി.ജെ.പി. എം.പി.യുമായ പ്രീതം മുണ്ടെയും മറ്റു ബി.ജെ.പി. നേതാക്കളും ഈ സമയം വേദിയിലുണ്ടായിരുന്നു.

മന്ത്രിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. അവര്‍ സുഖംപ്രാപിച്ച് വരികയാണെന്നു ബി.ജെ.പി. വക്താവ് അറിയിച്ചു. ദിവസങ്ങളോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും റാലികളിലും തുടര്‍ച്ചയായി പങ്കെടുത്തതാണ് പങ്കജ് ക്ഷീണിതയാകാന്‍ കാരണമായതെന്നും ബി.ജെ.പി. വക്താവ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലെ പരസ്യപ്രചരണത്തിന്റെ അവസാനദിവസമായ ശനിയാഴ്ച വമ്പന്‍ റാലിയാണ് ബി.ജെ.പി. പാര്‍ലിയില്‍ സംഘടിപ്പിച്ചിരുന്നത്. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പങ്കജ മുണ്ടെ തളര്‍ന്നുവീഴുകയായിരുന്നു. ഒക്ടോബര്‍ 21 തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലെ വോട്ടെടുപ്പ്.

×