ന്യൂഡല്‍ഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ. പാരസെറ്റമോള്‍, വിറ്റമിന്‍ ബി-1, വിറ്റമിന്‍ ബി- 12 ഉള്‍പ്പെടെ 26 ഫാര്‍മ ചേരുവകളുടെയും മരുന്നുകളുടെയും കയറ്റുമതിക്കു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി.
/sathyam/media/post_attachments/uGVsfvtRm1ksSSuLEUM1.jpg)
പട്ടികയില്‍ ഉള്‍പ്പെടുത്തിയവ കയറ്റുമതി ചെയ്യണമെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡി.ജി.എഫ്.ടി) അനുമതി വേണം. ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സ് (എ.പി.ഐ), സംയുക്തങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കു നേരത്തെ നിയന്ത്രണമുണ്ടായിരുന്നില്ല. ഔഷധ നിര്‍മാണത്തിന്റെ അസംസ്‌കൃത വസ്തുക്കളാണ് എ.പി.ഐകള്‍.
ചൈനയില്‍നിന്നുള്ള ഇറക്കുമതിയെയാണ് എ.പി.ഐകള്‍ക്ക് ഇന്ത്യ കാര്യമായി ആശ്രയിക്കുന്നത്. പ്രതിവര്‍ഷം 3.5 ബില്യന്‍ ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യയുടേത്. ഇറക്കുമതിയില്‍ 2.5 ബില്യന്‍ ഡോളറും ചൈനയില്‍നിന്നുള്ളതാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യ കയറ്റിഅയച്ചതാകട്ടെ 225 ദശലക്ഷം ഡോളര്‍ ഉത്പന്നങ്ങള്‍ മാത്രമാണ്.
ചൈനയില്‍ കൊറോണ വ്യാപിച്ചതോടെ ഇവയുടെ ഇറക്കുമതി കുറഞ്ഞതും രാജ്യത്തു മരുന്നുകളുടെ ആവശ്യം വര്‍ധിച്ചതുമാണു തീരുമാനത്തിനു പിന്നിലെന്നാണു സൂചന. കൊറോണ ഇതുവരെ 90,000- ലേറെ പേര്‍ക്ക് ബാധിച്ചെന്നാണു കണക്ക്. 3,100- ലേറെ പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.