പറവൂറില്‍ യുവാവിനെ ഗുണ്ടാസംഘം കുത്തിക്കൊന്നത് മുന്‍വൈരാഗ്യത്തി​ന്‍റെയും കുടിപ്പകയുടേയും പേരില്‍…റെന്‍റ്​ എ കാര്‍ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, December 2, 2019

പറവൂര്‍: മുന്‍വൈരാഗ്യത്തി​ന്‍റെയും കുടിപ്പകയുടേയും പേരില്‍ ഗുണ്ടാസംഘം യുവാവിനെ കുത്തി കൊന്നു.

വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീന്‍ മകന്‍ മുബാറക്കി(24)നെയാണ് സംഘം ചേര്‍ന്ന് കുത്തി കൊലപ്പെടുത്തിയത്. അക്രമം തടയുന്നതിനിടയില്‍ മുബാറക്കി​ന്‍റെ സുഹൃത്ത് വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷ(24) എന്നയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൈക്ക് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്​ച രാത്രി 9.30ടെ മാവിന്‍ചുവട് ശറഫുല്‍ ഇസ്​ലാം ജുമാ മസ്ജിദിന് കിഴക്ക് വശമുള്ള ഒഴിഞ്ഞ പറമ്ബിലായിരുന്നു കൊലപാതകം നടന്നത്. റെന്‍റ്​ എ കാര്‍ സംബന്ധിച്ച്‌ നിലനില്‍ക്കുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം.

മൂന്നുമാസത്തിന് മുന്‍പ് മുബാറക്കും ഇയാളെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവരുമായി വാക്ക് തര്‍ക്കവും നേരിയ തോതില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. ഇത് പിന്നീട് പറഞ്ഞവസാനിപ്പിക്കുകയും ഇതിന് ശേഷവും ഇവര്‍ തമ്മില്‍ റെന്‍റ്​ എ കാര്‍ ഇടപാടും തുടരുന്നുണ്ടായിരുന്നു.

എന്നാല്‍ വെടിമറയില്‍ വച്ച്‌ ഉണ്ടായ സംഭവത്തി​ന്‍റെ  പക മനസില്‍ സൂക്ഷിച്ച ഗുണ്ടാ സംഘം മുബാറക്കിനോട് പകരം വീട്ടാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

×