പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം അടയ്ക്കേണ്ടി വരുന്നത് വൻ തുക: പ്രായപൂര്‍ത്തിയാകാത്ത ബൈക്ക് പ്രേമിയായ മകനെ പിതാവ് പൂട്ടിയിട്ടു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 11, 2019

ലഖ്നൗ: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം വന്‍ തുക പിഴ അടയ്ക്കേണ്ടി വരുമെന്ന് ഭയന്ന് പ്രായപൂര്‍ത്തിയാകാത്ത ബൈക്ക് പ്രേമിയായ മകനെ പിതാവ് പൂട്ടിയിട്ടു. മണിക്കൂറുകളോളം മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് 16-കാരനായ മകന്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

ഉത്തര‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. മകന്‍റെ നിര്‍ബന്ധപ്രകാരമാണ് ധരം സിങ് രണ്ട് വര്‍ഷം മുമ്പ് മോട്ടോര്‍ ബൈക്ക് വാങ്ങിയത്. ധരം സിങ് ഓഫീസില്‍ പോകുമ്പോള്‍ മകന്‍ മുകേഷ് ബൈക്കുമായി സമീപ പ്രദേശങ്ങളില്‍ പോകുന്നത് പതിവായിരുന്നു. എന്നാല്‍ വാഹനനിയമങ്ങള്‍ കര്‍ശനമാക്കിയതോടെ പിഴ നല്‍കേണ്ടി വരുമെന്ന് പേടിച്ച് ധരം സിങ് മകന്‍റെ പക്കല്‍ നിന്നും ബൈക്കിന്‍റെ താക്കോല്‍ വാങ്ങിവെച്ചു.

താക്കോല്‍ തിരികെ വേണമെന്ന് മുകേഷ് നിരന്തരം പിതാവിനോട് ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ ശല്യം സഹിക്കാനാവാത്ത ധരം സിങ് മുകേഷിനെ പൂട്ടിയിട്ട ശേഷം ഓഫീസിലേക്ക് പോയി. ഇതേ തുടര്‍ന്ന് മകന്‍ പൊലീസിനെ വിളിക്കുകയും മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ പിതാവും മകനും നടന്ന സംഭവങ്ങള്‍ വിവരിച്ചതോടെ പൊലീസ് താക്കീത് നല്‍കി ഇരുവരെയും വിട്ടയച്ചു.

×